കൊല്ലം - കുണ്ടറയിൽ യുവതിയെ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. പടപ്പക്കര കുരിശടി ജംക്ഷൻ സാന്റാവിലാസത്ത് മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകൾ സൂര്യയെന്നു വിളിക്കുന്ന സാന്റാ(23)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മുക്കാലോടെ പേരയംചിറ ഭാഗത്തെ ആളൊഴിഞ്ഞ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. അസ്വാഭാവികമായ രീതിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ ആണ് പൊള്ളലേറ്റ നിലയിലുള്ള യുവതിയെ കണ്ടതും മറ്റുള്ളവരെ വിവരമറിയിച്ചതും. അരയ്ക്കു മുകളിലേക്ക് പൂർണമായും പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ പരിശോധനയിലാണ് പടപ്പക്കര സ്വദേശി ഇരുപത്തിമൂന്ന് വയസ്സുള്ള സൂര്യയാണ് മരിച്ചതെന്ന് കുണ്ടറ പോലീസ് സ്ഥിരീകരിച്ചത്.
മൃതദേഹത്തിന് സമീപത്ത് നിന്നും തിന്നറിന്റെ കുപ്പിയും ബാഗും കണ്ടെത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ അസ്വാഭാവികത തോന്നിയെങ്കിലും പിന്നീട് സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പേരയത്തെ കടയിൽ നിന്നും സൂര്യ തന്നെയാണ് ടിന്നർ വാങ്ങിച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിച്ചത്. ആത്മഹത്യ കാരണം സംബന്ധിച്ച് പക്ഷേ വ്യക്തയില്ല. പെൺകുട്ടിയുടെ മൊബൈൽഫോൺ വിളികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം.