കണ്ണൂര്‍ - മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് ദുബായ് കെ.എം.സി.സി സുരക്ഷ സ്‌കീമിന്റെ സഹായധനം കൈമാറി. തളിപ്പറമ്പ് കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം സ്വദേശിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായമാണ് കണ്ണൂര്‍ ബാഫഖി സൗധത്തില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി കൈമാറിയത്. കുടുംബത്തിനുവേണ്ടി പാട്ടയം ശാഖ മുസ്‌ലിം ലീഗ് ഭാരവാഹികള്‍ ധനസഹായ തുക ഏറ്റുവാങ്ങി.
ചടങ്ങില്‍ തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മുസ്തഫ കോടിപ്പൊയില്‍ ആമുഖഭാഷണം നടത്തി. മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ.ടി സഹദുള്ള, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ടി.പി.എം ജിഷാന്‍, സി.കെ മുഹമ്മദലി, ദുബായ് കെ.എം.സി.സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.പി അബ്ബാസ് ഹാജി, തളിപ്പറമ്പ് മുനിസിപ്പല്‍ ഖജാന്‍ജി സഈദ് തളിപ്പറമ്പ്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ ടി.എ തങ്ങള്‍, കെ.പി താഹിര്‍, അഡ്വ. എം.പി മുഹമ്മദലി, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നസീര്‍ നെല്ലൂര്‍, പി.സി നസീര്‍, അല്‍ത്താഫ് മാങ്ങാടന്‍, ഷംസീര്‍ മയ്യില്‍, മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഒ.പി ഇബ്രാഹിം കുട്ടി, എം.അബ്ദുല്‍ അസീസ്, ആറ്റക്കോയ തങ്ങള്‍ പാട്ടയം, മന്‍സൂര്‍ പാമ്പുരുത്തി, പി. മുഹമ്മദ് ഹനീഫ, ജാബിര്‍ പാട്ടയം തുടങ്ങിയവര്‍ പങ്കെടുത്തു.