തളിപ്പറമ്പ് -വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരുവൻചാൽ മണ്ണം കുണ്ടിലെ പുലിക്കിരി സുരേഷിനെയാണ് ആലക്കോട് എസ്.ഐ ഷിബു എഫ്. പോൾ അറസ്റ്റ് ചെയ്തത്. ആലക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ 16 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെയാണ് പീഡന ശ്രമം നടന്നത്. കഴിഞ്ഞ 24ന് ഉച്ചയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നതിനാൽ പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം പരിചയ ഭാവം നടിച്ചെത്തിയ സുരേഷ് പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പീഡന ശ്രമത്തെ പെൺകുട്ടി ചെറുത്തതോടെ ഇയാൾ ഇവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ സുരേഷിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സിവിൽ പോലീസ് ഓഫീസർ ദീപയും അന്വേഷണസംഘത്തിലുണ്ടായിരുന്നു.