റിയാദ്-ഫലസ്തീൻ പൗരന്മാരുടെ ജീവന് ഭീഷണി ഉയർത്തുന്ന ഇസ്രായിൽ സൈന്യത്തിന്റെ കരയാക്രമണത്തെ അപലപിച്ച് സൗദി അറേബ്യ.
ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യം നടത്തുന്ന കര ഓപ്പറേഷനുകളെ അപലപിക്കുകയും ശക്തമായി എതിർക്കുകയും ചെയ്യുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നമ്മുടെ സഹോദരങ്ങളായ ഫലസ്തീനികൾക്കെതിരെ അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നവും അന്യായവുമായ ലംഘനങ്ങൾ തുടരുന്നതും ഗുരുതരമായ അപകടമുണ്ടാക്കുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
ഗാസയിൽ സംഭവിക്കുന്നത് മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യു.എൻ ജനറൽ അസംബ്ലിയിൽ ഫലസ്തീൻ പ്രമേയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുൽ അസീസ് അൽവാസിൽ വ്യക്തമാക്കിയിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നതിനെയും അവരെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതിനെയും അവർക്കെതിരായ കൂട്ടായ ശിക്ഷാ നയത്തെയും സൗദി പ്രതിനിധി അപലപിച്ചു. സമാധാനം, അന്താരാഷ്ട്ര ചാർട്ടറുകൾ പാലിക്കൽ, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കൽ എന്നിവക്ക് മുൻഗണന നൽകണമെന്നതാണ് സൗദി അറേബ്യയുടെ നിലപാട്. അധിനിവേശം അവസാനിപ്പിക്കുന്നതിലും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമേഷ്യൻ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലും അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതിന്റെ ഫലമായാണ് ഗാസ പ്രതിസന്ധി ഉടലെടുത്തത്. സംഘർഷം മേഖലയിൽ കൂടുതൽ വ്യാപിക്കുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ഗാസയിൽ എത്രയും വേഗം ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കണം. മാനുഷിക ദുരന്തത്തെ അപലപിക്കാനും ഫലസ്തീൻ ജനതയുടെ അന്തസ്സുറ്റ ജീവിതത്തിനുള്ള അവകാശത്തെ പിന്തുണക്കാനും അവരുടെ ദാരുണമായ ജീവിത സാഹചര്യങ്ങളെ അപലപിക്കാനും അന്താരാഷ്ട്ര സമൂഹം മടിച്ചുനിൽക്കുന്നതിൽ സൗദി പ്രതിനിധി ഖേദം പ്രകടിപ്പിച്ചു.
സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചിട്ടുണ്ട്. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഉപരോധം എടുത്തുകളയണമെന്നും ബന്ദികളെ വിട്ടയക്കണമെന്നും റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസ സംഭവങ്ങളിൽ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പ് ഖേദകരമാണ്.
ഫലസ്തീനികളോടുള്ള ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭ ഏറ്റെടുക്കണം. നിരായുധരായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഗൗരവത്തായ നിലപാട് സ്വീകരിക്കണം. വർധിച്ചുവരുന്ന നിരന്തര അക്രമങ്ങൾ അവസാനിപ്പിക്കാനും പശ്ചിമേഷ്യൻ സംഘർഷത്തിന് അടിയന്തിര പരിഹാരം കാണാനും സൗഹൃദ രാജ്യങ്ങളുമായി ആശയവിനിമയം നടത്താൻ സൗദി അറേബ്യ തീവ്രശ്രമം നടത്തിവരികയാണെന്നും അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു.