ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻ.സി.ഇ.ആർ.ടി സമിതിയുടെ ശുപാർശ പരക്കെ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. കേരളത്തിലെ ഭരണപക്ഷവും ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളും എൻ.സി.ആർ.ടി നീക്കം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാപാർട്ടിക്കെതിരെ പ്രതിപക്ഷപാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം നിലവിൽ വന്നതോടെയാണ് ഇന്ത്യ എന്നതിന് പകരം രാജ്യത്തിന്റെ പേര് ഭാരതം എന്നു മാത്രമാക്കാൻ കേന്ദ്രസർക്കാർ നിർബന്ധം പിടിക്കുന്നത്. ഭാരതം, ഇന്ത്യ എന്നീ പ്രയോഗങ്ങൾ യഥോചിതം ദേശീയതയുടെ ഭാഗമായി പ്രയോഗിക്കുന്നതാണ്. നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാനെന്നും വിളിക്കാറുണ്ട്.
ജയ്ഹിന്ദ് എന്ന് പറഞ്ഞാണ് നമ്മുടെ സ്വതന്ത്ര്യസമരപോരാളികൾ ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നത്. ഇന്നും ഇത് തുടരുന്നുണ്ട്.
എന്നാൽ കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ ദേശീയത തങ്ങളുടെ മാത്രം കുത്തകയാണെന്ന് വരുത്തിതീർക്കാനുള്ള രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് പകൽപോലെ വ്യക്തമാണ്. സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നതിനുപകരം 'ഭാരതം' എന്ന് തിരുത്താനാണ് എൻ.സി.ഇ.ആർ.ടി നിയോഗിച്ച സാമൂഹ്യശാസ്ത്ര സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ ഇന്ത്യയെന്നത് ഒഴിവാക്കുന്നതെന്തിനെന്ന് കേന്ദ്രസർക്കാരും എൻ.സി.ഇ. ആർ.ടിയും വ്യക്തമാക്കേണ്ടതുണ്ട്.
ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാർ ഭയപ്പെടുകയാണെന്നും അതിന്റെ ഭാഗമായാണ് ഇന്ത്യയെന്ന പദത്തോടുള്ള ഈ വെറുപ്പെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ഈ വിമർശനം ശരിയല്ലെങ്കിൽ ഭരണകർത്താക്കളത് ജനങ്ങളെ ബോധ്യപ്പെടുത്തണം.
സ്‌കൂൾ പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടർന്നുണ്ടായ ആർ.എസ്.എസ് നിരോധത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശങ്ങളെയും കാണേണ്ടത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മയായ അലഹബാദ് എന്ന സ്ഥലനാമം മാറ്റി ബി.ജെ.പി ഭരിക്കുന്ന യു.പി സർക്കാർ പ്രയാഗ്‌രാജ് എന്നാക്കി. അലഹബാദ് എന്ന നാമം ജനമനസ്സുകളിൽനിന്ന് തന്നെ തുടച്ചുനീക്കാനുള്ള ശ്രമമായാണ് ഇതിനെ പലരും നോക്കിക്കാണുന്നത്. അലഹബാദിന്റെ പേര് മാറ്റത്തോടെ മഹത്തായൊരു കാലഘട്ടത്തെ ഒന്നാകെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്.
ചരിത്രത്തെ വക്രീകരിക്കുന്ന ശ്രമങ്ങൾക്കനുകൂലമായ നിലപാടുകളാണ് എൻ.സി.ഇ.ആർ.ടിയിൽനിന്നു തുടർച്ചയായി ഉണ്ടാവുന്നതെന്ന വിമർശം ശക്തമാണ്. വ്യാജ ചരിത്രത്തെ വെള്ള പൂശുന്നതിൽ പാഠപുസ്തക സമിതി വ്യഗ്രത കാട്ടുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ബഹുസ്വരതയിലും സഹവർത്തിത്വത്തിലുമധിഷ്ഠിതമായ ഇന്ത്യയെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘപരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എൻ.സി.ഇ.ആർ.ടി സമിതിയുടെ പുതിയ നിർദ്ദേശം. എൻ.സി.ഇ.ആർ.ടി സമിതി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുകയുണ്ടായി.
'സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം കുട്ടികളുടെ മനസ്സിലും കടത്തിവിട്ട് അവരെ ചെറുപ്പത്തിലേ പിടികൂടുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഹിന്ദുവത്കരണം അടിച്ചേൽപ്പിക്കുന്ന പാഠ്യപദ്ധതിയിലെ പരിഷ്‌ക്കാരങ്ങളെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ശാന്തിനികേതനിൽനിന്ന് മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ പേരു വെട്ടിമാറ്റി അവിടെ മോഡിയുടെ പേർ എഴുതിവച്ച അൽപന്മാരാണ് പാഠ്യപദ്ധതി പരിഷ്‌കാരങ്ങളുടെ പിന്നിലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിമർശനം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സൃഷ്ടിച്ച മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് ഇന്ത്യ അതിനെ ചെറുത്തുതോൽപ്പിക്കും. ഇന്ത്യയെന്ന രണ്ടക്ഷരത്തോടുള്ള ബി.ജെ.പിയുടെ എതിർപ്പ് മതനിരപേക്ഷ ചേരിയുടെ സഖ്യം രൂപപ്പെട്ടത് മുതലാണ്. തെരഞ്ഞെടുപ്പ് അടുക്കുംതോറും രാജ്യം കൂടുതൽ വർഗീയവത്കരണത്തിലേക്ക് കൂപ്പുകുത്തുകയാണ്. വാമൊഴിയിലും വരമൊഴിയിലും നാമെല്ലാം അഭിമാനത്തോട് പറഞ്ഞിരുന്ന 'ഇന്ത്യ എന്ന ഭാരതം' എന്നതിൽനിന്ന് ഇന്ത്യയെ വെട്ടിമാറ്റി വർഗീയ ധ്രുവീകരണം നടത്തുകയാണ് പേരുമാറ്റ ഫാക്ടറിയായ ബി.ജെ.പിയുടെ ലക്ഷ്യമെന്നുമാണ് സുധാകരൻ പറയുന്നത്. ബി.ജെ.പി ഇതിന് മറുപടി പറയേണ്ടതല്ലേ.
സങ്കുചിത വർഗീയ സിദ്ധാന്തങ്ങൾ സ്‌കൂളുകൾ മുതൽ സർവകലാശാലവരെയുള്ള പാഠ്യപദ്ധതിയിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് കുറച്ചുനാളുകളായി രാജ്യത്ത് നടക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ്. രാഷ്ട്രനിർമ്മിതിയിൽ മഹത്തായ സംഭാവനകൾ നൽകിയ മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരുകളും മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രവും വെട്ടിമാറ്റിയ ബി.ജെ.പി ഭരണകൂടം സംഘപരിവാർ ആചാര്യൻ വി.ഡി സർവർക്കറെ പ്രതിഷ്ഠിക്കാനുള്ള തത്രപ്പാടിലാണെന്ന സുധാകരന്റെ വിമർശനം ഗൗരവതരമാണ്.
ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻ.സി.ഇ.ആർ.ടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ല.
ഭരണഘടനയിൽ എഴുതിച്ചേർത്തതുപോലെ ഭാരതം എന്നോ ഇന്ത്യഎന്നോ വിളിക്കാനുള്ള സ്വാതന്ത്ര്യം നിലനിൽക്കണം. ഏതെങ്കിലുമൊന്ന് അടിച്ചേൽപ്പിക്കാനുള്ള ശ്രമം നന്നല്ല. നമ്മുടെ മഹാന്മാരായ ദേശീയ നേതാക്കൾ വിഭാവനം ചെയ്ത വിശാലകാഴ്ചപ്പാടുകൾ കൈയൊഴിയുന്നത് രാജ്യത്തെ ദുർബലപ്പെടുത്തും. പ്രതിപക്ഷവും ന്യൂനപക്ഷങ്ങളും കൂടി ചേർന്നതാണ് രാജ്യമെന്നത് ഭരണപക്ഷവും ഭൂരിപക്ഷ സമുദായവും വിസ്മരിക്കരുത്.