ഒരു രാജ്യത്തിന്റെ അസ്തിത്വം കുടികൊള്ളുന്നത് ആ രാജ്യത്തിന്റെ പേരിലാണ്. രാജ്യം ഇന്നോളം കടന്നുപോയ കാലങ്ങളെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിലും ഉറച്ച കാൽവെപ്പോടെ നിൽക്കാൻ ഒരു ജനതക്ക് പ്രേരണ നൽകുന്നതിലും ഒരു രാജ്യത്തിന്റെ പേര് നിർവഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേവലം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ഒരു രാജ്യം ഇക്കാലമത്രയും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും ലോകത്തിന് നൽകിയ സംഭാവനകളെയും പൂർണ്ണമായും തിരസ്ക്കരിക്കുന്ന തരത്തിൽ അതിന്റെ പേര് തന്നെ മാറ്റിയെഴുതുമ്പോൾ ഒരു ജനതയെ ഒന്നാകെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയാണ് ഭരണകൂടം ചെയ്യുന്നത്. അത്തരത്തിലൊരു വലിയ പ്രതിസന്ധിയിലേക്കാണ് വൈവിധ്യങ്ങളായ സംസ്കാരങ്ങളുടെ കലവറയായ, ജനാധിപത്യ രാജ്യമായ ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം കൊണ്ടു ചെന്നെത്തിച്ചിട്ടുള്ളത്.
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റാൻ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കം വലിയ വിവാദം സൃഷ്ടിക്കുന്നതിനിടയിലാണ് പാഠപുസ്തകങ്ങളിൽ ഭാരതം എന്ന പേര് ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് എൻ സി ഇ ആർ ടി (നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്) ശുപാർശ നൽകിയിട്ടുള്ളത്. മലയാളിയായ പ്രൊഫ. സി.ഐ ഐസക് അധ്യക്ഷനായ ഏഴംഗ പാഠപുസ്തക പരിഷ്കാര സമിതിയാണ് ഇതിന് പിന്നിൽ. ഇന്ത്യയുടെ പേര് മാറ്റത്തിന് പുറമെ വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന മറ്റ് പരിഷ്കാരങ്ങൾക്കും സമിതി ശുപാർശ നൽകിയിട്ടുണ്ട്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് ഈ പരിഷ്കാരങ്ങൾ എന്ന് ഒറ്റ നോട്ടത്തിൽ തന്നെ കാണാൻ കഴിയും. നരേന്ദ്ര മോഡി സർക്കാറിന്റെ ഗൂഢമായ രാഷ്ട്രീയ നീക്കങ്ങൾ നടപ്പാക്കാൻ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ആകെ കുരുതി കൊടുക്കുന്ന നിലപാടാണ് എൻ സി ഇ ആർ ടി കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വീകരിച്ചു വരുന്നത്.
പാഠപുസ്തകങ്ങളിലൂടെ മോഡി ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ടയെ പച്ചയായിത്തന്നെ പ്രകടിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. എൻ സി ഇ ആർ ടി എന്നത് ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ കാലാകാലങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തി ഭാവി തലമുറയെ വാർത്തെടുക്കുന്നതിന് വിദ്യാഭ്യാസ മേഖലയിൽ കാതലായ ശുപാർശകൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട സംവിധാനമാണ്. രാജ്യത്തിന്റെ ഭാവി വാർത്തെടുക്കുന്നതിൽ വലിയൊരു പങ്ക് അവർക്ക് വഹിക്കാനുണ്ട്. ഈ സംവിധാനമാണ് ബി ജെ പിയുടെ ബി ടീം ആയി തരം താണിരിക്കുന്നത്. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി ജെ പി മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുകയെന്നത് മാത്രമാണ് എൻ സി ഇ ആർ ടിയുടെ ഇപ്പോഴത്തെ അജണ്ട. ബി ജെ പി ഭരണ കാലഘട്ടത്തിലല്ലാതെ മറ്റൊരിക്കലും എൻ സി ഇ ആർ ടി ഇത്തരത്തിൽ തരം താഴ്ന്ന് പോയിട്ടില്ല. ഇന്ത്യ ഇക്കാലമത്രയും ലോകരാജ്യങ്ങൾക്കിടയിൽ നേടിയെടുത്ത പേരും പ്രശസ്തിയും രാജ്യത്തിന്റെ പാരമ്പര്യവും വൈവിധ്യവുമാണ് പാഠപുസ്തക പരിഷ്കാരങ്ങളുടെ പേരിൽ എഴുന്നള്ളിച്ചിട്ടുള്ള വങ്കത്തരങ്ങളിലൂടെ എൻ സി ഇ ആർ ടി തകർത്തെറിയുന്നത്. രാജ്യത്തെ ഭാവി തലമുറയെ പുരോഗതിയിലേക്ക് നയിക്കേണ്ടതിന് പകരം കൂരിരുട്ടിലേക്കാണ് അവർ കൂട്ടിക്കൊണ്ടു പോകുന്നത്.
പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒന്നും ഇന്ത്യ എന്ന പേര് ഇല്ലെന്നും അവിടെയല്ലാം ഭാരത് എന്ന പേരാണ് ഉള്ളതെന്നുമാണ് എൻ സി ഇ ആർ ടി ചെയർമാൻ പാഠപുസ്തകത്തിലെ പേര് മാറ്റത്തിന് കാരണമായി പറയുന്നത്. ഈ ഡിജിറ്റിൽ യുഗത്തിലും ഇന്ത്യയെ പഴയ പുരാണങ്ങളിലെ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകാനാണ് പാഠപുസ്തകളിലൂടെ ശ്രമിക്കുന്നത്. പുരാണങ്ങളും ഇതിഹാസങ്ങളും പറയുന്ന പഴം കഥകളിൽ അഭിരമിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയല്ല ബുദ്ധിയും മാനസിക വികാസവുമുള്ള വിദ്യാഭ്യാസ പ്രവർത്തകർ ചെയ്യേണ്ടത്. മറിച്ച് മാറുന്ന കാലഘട്ടത്തിനനുസരിച്ച് വിദ്യാർത്ഥികൾക്ക് അറിവും അതിന്റെ അടിസ്ഥാനത്തിൽ ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രാപ്തിയും ഉണ്ടാക്കിയെടുക്കുകയെന്നതാണ് ലക്ഷ്യം വെയ്ക്കേണ്ടത്. അല്ലാതെ പഴയ ഇതിഹാസ കഥകളിൽ അവരുടെ അറിവിനെ കെട്ടിയിടാൻ ശ്രമിച്ചാൽ മറ്റ് ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയിൽ നിന്നുള്ള യുവതീ-യുവാക്കൾ പിന്തള്ളപ്പെട്ടുപോകും.
അറിവും വൈദഗ്ധ്യവുമുള്ള യുവജനതയാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ട് തന്നെയാണ് ലോക രാജ്യങ്ങൾ ഇന്ത്യയിലെ മനുഷ്യ വിഭവശേഷിയെ വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നതും ലോകത്തിന്റെ ഏത് കോണിലും ഇന്ത്യക്കാർ വിവിധ സേവനങ്ങൾ അനുഷ്ഠിക്കുന്നതും. വിദ്യാഭ്യാസത്തിലൂടെ ഏഴര പതിറ്റാണ്ടു കാലം കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ നേട്ടമാണ് കേവലം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നശിപ്പിച്ചു കളയുന്നത്. ഭാവി തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണത്.
പാഠപുസ്തകങ്ങളിൽ ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റുന്നതിന് വിചിത്ര ന്യായങ്ങളാണ് എൻ സി ഇ ആർ ടി പാഠപുസ്തക പരിഷ്കരണ സമിതി അധ്യക്ഷൻ ഉന്നയിക്കുന്നത്. ഭാരതമെന്നാണ് പുരാതനകാലം മുതൽ ഈ ദേശത്തിന്റെ പേരെന്നും തുർക്കികൾ, അഫ്ഗാനികൾ, ഗ്രീക്കുകാർ എന്നിവരുടെ അധിനിവേശത്തോടെയാണ് ഇന്ത്യ എന്ന പേര് എത്തിയതെന്നും അതിനാൽ പേരു മാറ്റണമെന്നുമാണ് അദ്ദേഹം ഉന്നയിക്കുന്ന ന്യായം. എന്നാൽ ഇന്ത്യൻ ഭരണ ഘടന പരിശോധിച്ചാൽ അദ്ദേഹത്തിന് ഈ തെറ്റിദ്ധാരണ മാറും. കരടു ഭരണ ഘടനയിൽ തന്നെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ പറയുന്നത്. എന്നാൽ ഭരണ ഘടനാ നിർമ്മാണ സഭയിലെ ചില അംഗങ്ങൾ ഭാരതം എന്ന് പേരിടണമെന്ന് നിർദ്ദേശം വെച്ചപ്പോൾ ഇന്ത്യ എന്ന പേരിന് വേണ്ടി നിലകൊണ്ടിരുന്ന ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കർ ഒരു സമവായത്തിന്റെ ഭാഗമായി ഭാരതം എന്ന് കൂടി ചേർക്കാൻ തയ്യാറാവുകയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് 'ഇന്ത്യ, അതായത് ഭാരതം' എന്ന് പിന്നീട് അന്തിമ ഭരണഘടനയിൽ രേഖപ്പെടുത്തിയത്. ഒരു സമവായ ശ്രമത്തിന്റെ ഭാഗമായുള്ള പ്രസക്തി മാത്രമേ ഭാരതം എന്ന പദത്തിനുള്ളൂവെന്ന് അർത്ഥം.
വിദ്യാർത്ഥികളുടെ ചിന്താശേഷിയെ ഹൈന്ദവ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളിൽ മാത്രം തളച്ചിട്ടുകൊണ്ട് യുക്തിയെയും യഥാർത്ഥ ചരിത്ര ബോധത്തെയുമെല്ലാം ഇല്ലാതാക്കുകയാണ് സംഘപരിവാറിന് വേണ്ടത്. അതിലൂടെ മാത്രമേ അവരുടെ നിലനിൽപ്പ് സാധ്യമാകുകയുള്ളൂ. അതിനുള്ള നീക്കങ്ങളാണ് പാഠപുസ്തകങ്ങളിലുടെ നടക്കുന്നത്. ഹിന്ദുത്വത്തിൽ അടിസ്ഥാനമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരിപോഷിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം ഇക്കാലയളവിൽ 1300 ലേറെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. അത് ചെയ്തത് പഠിക്കുന്ന കുട്ടികളുടെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ടോ, കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉദ്ദേശിച്ചുകൊണ്ടോ അല്ല, മറിച്ച് കാവി രാഷ്ട്രീയത്തിന്റെ കൃത്യമായ അജണ്ട കുട്ടികളുടെ മനസ്സിലേക്ക് കുത്തിക്കയറ്റുകയെന്ന ഏക ലക്ഷ്യത്തോട് കൂടിയാണ്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളിൽ യുക്തി ബോധത്തോടെ സമീപിക്കേണ്ട എൻ സി ഇ ആർ ടിയിലെ വിദ്യാഭ്യാസ വിദഗ്ധർ ഭരണകൂടത്തിന്റെ രാഷ്ട്രീയ ചട്ടുകങ്ങൾ മാത്രമായി നിലകൊള്ളുമ്പോൾ ഇന്ത്യയുടെ ഭാവി തലമുറയ്ക്ക് ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണ് ഈ നീക്കങ്ങളൊക്കെയെന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്.