കോഴിക്കോട് - പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതി അപേക്ഷ കോഴിക്കോട് സിറ്റി കമ്മിഷണര്‍ ഡി ജി പിയ്ക്ക് സമര്‍പ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരേയും വിചാരണ ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ മാസം 22ന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അന്ന് എട്ടിന നിര്‍ദേശങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് അപക്ഷ തിരിച്ചയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹര്‍ഷിന സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിരുത്തലുകള്‍ വരുത്തിയ ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ നടപടി വൈകിപ്പിക്കുന്നത് നീതിനിഷേധമാണെന്നും ഇത് നീട്ടിക്കൊണ്ട് പോകുന്നത് മനപൂര്‍വമാണെന്നുമായിരുന്നു ഹര്‍ഷിനയുടെ ആരോപണം. എന്നാല്‍ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന ആരോപണം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തള്ളിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരെയാണ് പ്രതി ചേര്‍ത്തത്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.