കൊച്ചി - ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായി ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ നിരവധി ഹോട്ടലുകളിലുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഒന്‍പത് ഹോട്ടലുകള്‍ക്കാണ് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്. പലയിടത്തും പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സഹകരണ ആശുപത്രിയുടെ ക്യാന്റീനില്‍ നിന്നുള്‍പ്പെടെ ഒന്‍പത് ഭക്ഷണശാലകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. വരുംദിവസങ്ങളിലും നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുമെന്നാണ് വിവരം. അതേസമയം കാക്കനാട് മാവേലി ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കോട്ടയം സ്വദേശിയായ രാഹുല്‍ മരിച്ച സംഭവത്തില്‍ ലാബ് പരിശോധന ഫലങ്ങള്‍ ലഭ്യമായതിനു ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്. കോട്ടയം സ്വദേശിയാണ് മരിച്ച രാഹുല്‍ ഡി നായര്‍. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ഷവര്‍മ കഴിച്ചത്. അന്നുമുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ പ്രകടമാകുകയായിരുന്നു.