തൃശൂര്‍ - ബസ് ചാര്‍ജായി നല്‍കിയ പൈസ കുറഞ്ഞുപോയെന്ന് പറഞ്ഞ് തിരുവില്വാമലയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കി വിട്ട സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ കമ്മീഷനാണ് അന്വഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പഴയന്നൂര്‍ പൊലീസ് ഇന്ന് മൊഴിയെടുക്കും. രാവിലെ 10 മണിക്ക് ഇരു കൂട്ടരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴമ്പാലക്കോട് എസ്.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ഇന്നലെ ദുരനുഭവം ഉണ്ടായത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയ ശേഷം പട്ടിപ്പറമ്പ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. സാധാരണ രണ്ട് രൂപയാണ് കൊടുക്കാറ്. ഇതനുസരിച്ചാണ് രണ്ട് രൂപ കരുതിയത്. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാര്‍ഥിനിക്ക് പോകേണ്ടിയിരുന്നത്. വഴിയില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.