കൊല്ലം- കുണ്ടറയില്‍ യുവതിയെ റോഡില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പേരയത്തെ കടയില്‍നിന്ന് തിന്നര്‍ വാങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം. ഉച്ചയ്ക്ക് ഒരുമണിയോടെ വഴിയാത്രക്കാരനാണ് യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. ആള്‍പ്പെരുമാറ്റം നന്നേ കുറവായ പ്രദേശത്തായിരുന്നു മൃതദേഹം. 12 മണിയോടെ ആത്മഹത്യ ചെയ്തിട്ടുണ്ടായിരിക്കുമെന്നാണ് നിഗമനം. 11.50-ഓടെ സൂര്യ പ്രധാന റോഡിലൂടെ കടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. തുടര്‍ന്ന് ആള്‍ത്തിരക്ക് കുറഞ്ഞ റോഡിലേക്ക് തിരിഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.
മൃതദേഹം തിരിച്ചറിയാനാവാത്ത വിധമായിരുന്നതിനാല്‍ ആളെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. തുടര്‍ന്ന് സമീപത്ത് നടത്തിയ പരിശോധനയില്‍ ബാഗും തീപ്പെട്ടിയും ഇന്ധനം കൊണ്ടുവന്ന കുപ്പിയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ തിരിച്ചറിഞ്ഞത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സൂര്യയുടെ അമ്മ നേരത്തേ മരിച്ചിരുന്നു. അച്ഛന്‍ പാലിയേറ്റീവ് കെയറില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ ഏക മകളായിരുന്നു സൂര്യ. കുണ്ടറ സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സൂര്യ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു