കോഴിക്കോട് - അപമര്യാദയായി പെരുമാറിയ നടൻ സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. വെള്ളിയാഴ്ച കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്‌പെഷ്യൽ കറസ്‌പോണ്ടൻറിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ വെച്ച കൈ അവർ അപ്പോൾ തന്നെ തട്ടിമാറ്റിയിരുന്നു. എന്നാൽ സുരേഷ് ഗോപി വീണ്ടും അപര്യാദമായി തോളിയിൽ വയ്ക്കുകയായിരുന്നു. താൻ നേരിട്ട മോശം നടപടിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക വ്യക്തമാക്കി. നിയമനടപടി ഉൾപ്പെടെ എല്ലാ തുടർ നീക്കങ്ങൾക്കും മീഡിയാ വണിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് മാനേജിങ് എഡിറ്റർ സി ദാവൂദ് അറിയിച്ചു.
ആദ്യം സംസാരത്തിനിടെ 'മോളേ' എന്നു വിളിച്ച് മാധ്യമപ്രവർത്തയുടെ തോളിൽ കൈയിട്ട സുരേഷ് ഗോപി അവരത് തട്ടിമാറ്റിയ ശേഷം പിന്നീടുള്ള ഉപചോദ്യത്തിൽ 'പറ്റോന്ന് നോക്കട്ടെ മോളേ, എല്ലാരും ഒന്നു കാത്തിരിക്കട്ടെ' എന്നു പ്രതികരിച്ചാണ് വീണ്ടും തോളിൽ കൈയിട്ടത്. പിറകിലേക്ക് മാറിയശേഷം വീണ്ടും ചോദ്യം ചോദിച്ചതോടെ വീണ്ടും തോളിൽ കൈവെക്കുകയും മാധ്യമപ്രവർത്തക വീണ്ടുമത് തട്ടിമാറ്റുകയുമാണുണ്ടായതെന്നാണ് റിപോർട്ട്.
സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളും വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് തിരുത്തി സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവരത് തട്ടി മാറ്റുന്നുണ്ട്. എന്നാൽ ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും അത്യന്തം അപലപനീയമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.