Sorry, you need to enable JavaScript to visit this website.

ശത്രുക്കള്‍ പിന്തിരിഞ്ഞോടും, ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഹമാസ് നേതാവ്

മലപ്പുറം-ഗാസയെ നിഷ്‌കാസനം ചെയ്യാനാണ് ഇസ്രായിലിന്റെ ശ്രമമെന്നും അവര്‍ പടച്ചുവിടുന്ന നുണകളെ പ്രതിരോധിക്കണമെന്നും ആഹ്വാനം ചെയ്ത് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍.സയണിസ്റ്റ്  ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച യുവജന പ്രതിരോധ സമ്മേളനത്തില്‍ ഓണ്‍ലൈന്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  

മൂന്നാഴ്ചയായി ഗാസക്ക് മേല്‍ തുടരുന്ന സയണിസ്റ്റ് അതിക്രമങ്ങള്‍ക്ക് ശേഷമാണ് നമ്മള്‍ ഇപ്പോള്‍ ഉള്ളത്. എന്തിനാണ് അവര്‍ ഗാസയോട് പ്രതികാരം ചെയ്യുന്നത്? കാരണം ഗാസ അഖ്‌സക്ക് വേണ്ടി പോരാടുകയാണ്. എന്തിനായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഖസ്സാം ബ്രിഗേഡിന്റെ പോരാളികള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇരച്ചു കയറിയപ്പോള്‍ ഗസ്സക്ക് നേരെ ആക്രമണങ്ങളും അതിക്രമങ്ങളും ഉപരോധവും ഭക്ഷണ നിരോധനവും ഏര്‍പ്പെടുത്തുന്നത്? എന്തിനാണ് ഒക്ടോബര്‍ ഏഴിന് തൂഫാന്‍ അല്‍ അഖ്‌സ എന്ന പേരില്‍ അഖ്‌സക്ക് വേണ്ടി എണീറ്റു നിന്നത്? കാരണം അല്‍അഖ്‌സ അപകടത്തിന്റെ നടുവിലായിരുന്നു. 1967 മുതല്‍ മസ്ജിദുല്‍ അഖ്‌സ തകര്‍ച്ചയുടെ വക്കിലാണ്. നെതന്യാഹുവിന്റെ തണലില്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ അടക്കമുള്ള ഭരണകൂടം നിലവില്‍ വന്നതു മുതല്‍ അഖ്‌സയെ തകര്‍ക്കാനുള്ള മികച്ച അവസരമാക്കി അവര്‍ മുതലെടുക്കുകയാണ്. കുടിയേറ്റം വര്‍ദ്ധിച്ചു ,അതിക്രമങ്ങള്‍ പെരുകി , കഴിഞ്ഞ റമദാനില്‍ ഇഅതികാഫ് ഇരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ അവര്‍ എന്തു ചെയ്തു എന്നത് കണ്ടു.

അഖ്‌സ മസ്ജിദ് തകര്‍ക്കുവാനും അവര്‍ വാദിക്കുന്ന ടെമ്പിള്‍ നിര്‍മ്മിക്കുവാനും ഉള്ള തുടക്കങ്ങളും സന്നാഹങ്ങളും അവര്‍ ആരംഭിച്ചിരുന്നു. വെസ്റ്റ് ബാങ്കില്‍ ചെറുത്തുനില്‍പ്പ് നിലവില്‍ ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ശക്തമായ ചെറുത്തുനില്‍പ്പാണ് അവിടെ നടന്നത്. പക്ഷേ അഖ്‌സയെ തകര്‍ക്കാനുള്ള ധിക്കാര ശ്രമത്തെ തടയാന്‍ അത് മതിയായിരുന്നില്ല.
അഖ്‌സ നമ്മുടെ അഭിമാനമാണ് , നമ്മുടെ ശ്രേഷ്ഠ സ്ഥലമാണ്, നമ്മുടെ ഒന്നാം ഖിബിലയാണ് , നമ്മുടെ പ്രിയപ്പെട്ട പ്രവാചകന്‍ മുഹമ്മദ് (സ) ആകാശ ലോകത്തേക്ക് മിഅ്‌റാജ് യാത്ര ആരംഭിച്ച ഇടമാണ്.
ഗാസയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ അഖ്‌സക്ക് വേണ്ടി പോരാടുകയാണ്. അവര്‍ അതിനെ വിളിച്ചത് തൂഫാനുല്‍ അഖ്‌സ എന്നാണ്.
മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ടതിനു ശേഷം  ഇസ്രായില്‍ നമ്മുടെ നിവാസികളോട് പ്രതികാരം തീര്‍ക്കുകയാണ്. വീടുകള്‍ തകര്‍ത്തു കൊണ്ടിരിക്കുന്നു. ഇന്ന് ഗാസയുടെ പകുതിയിലധികവും അവര്‍ തകര്‍ത്തിരിക്കുന്നു. പള്ളികളും ദേവാലയങ്ങളും യൂണിവേഴ്‌സിറ്റികളും എന്തിന് യു എന്‍ സ്ഥാപനങ്ങള്‍ വരെ അവര്‍ തകര്‍ക്കുകയാണ് . ഈ ആക്രമണത്തിലൂടെ ഉദ്ദേശിക്കുന്നത് ഗാസയുടെ നിഷ്‌കാസനമാണ് , അവര്‍ അതിനോട് പ്രതികാരം ചെയ്യുകയാണ്. കാരണം ഗാസയിലെ പോരാളികള്‍ സൈനികമായി അവരെ പരാജയപ്പെടുത്തിയിരിക്കുന്നു.
സൈനികമായി പരാജയപ്പെട്ടതിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളോട് പ്രതികാരം ചെയ്യുന്ന ഭീരുക്കളായ ശത്രുക്കള്‍ മാത്രമാണ് ഇവര്‍. ഇന്ന് 8000 ത്തോളം ആളുകള്‍ രക്തസാക്ഷികള്‍ ആയിരിക്കുന്നു. അവരില്‍ പകുതിയും പിഞ്ചുമക്കളാണ്.
അതിനാല്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഈ ശക്തമായ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ പൈശാചിക ശക്തിയെ ശക്തിപ്പെടുത്താന്‍ കൂടെ അമേരിക്കയും മറ്റു ചില പടിഞ്ഞാറന്‍ രാജ്യങ്ങളും സഖ്യങ്ങളായി ചേര്‍ന്നിരിക്കുന്നു. അവരുടെ അതിക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു , കരയിലൂടെ പ്രവേശിക്കുന്നതിനു മുമ്പ് ഇഷ്ടംപോലെ ജനങ്ങളെ കൊല്ലാനും അതിക്രമങ്ങള്‍ ചെയ്യാനും വേണ്ട സമയം അവര്‍ നല്‍കുന്നു.
എന്നിരുന്നാലും ചെറുത്തു നില്‍പ്പ് ശക്തമായി തുടരുകയാണ്. എതിരാളികളെ പരാജയപ്പെടുത്തും. അവര്‍ ഭയന്ന് പിന്തിരിഞ്ഞോടും എന്ന ഏറ്റവും മികച്ച ശുഭാപ്തി വിശ്വാസത്തിലാണ് ഖസാം സൈന്യത്തിലെ സഹോദരന്‍മാര്‍.
ഇന്നത്തെ ലോകത്തിന്റെ തലവാചകം അല്‍ അഖ്‌സയാണ്. അഖ്‌സയെ പ്രതിരോധിക്കുവാന്‍ പോരാടുന്ന ഗസ്സയാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. മുമ്പ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും ഇന്ന് സയണിസ്റ്റ് അധിനിവേശത്തിനെതിരെയും ശക്തമായി ചെറുത്തുനില്‍ക്കുന്ന ഫലസ്തീനിലെ നിങ്ങളെ സഹോദരന്മാരാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. യഥാര്‍ത്ഥ ശ്രദ്ധാകേന്ദ്രം ഇവര്‍ തന്നെയാണ്.
അധിനിവേശത്തില്‍ നിന്നും കുടിയേറ്റങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും വിമോചിതരായി ജീവിക്കാനാണ് ഞങ്ങളുടെ സമൂഹം ആഗ്രഹിക്കുന്നത്.
നമ്മുടെ സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ ധാരാളം ഉണ്ടാകേണ്ടതുണ്ട്. ഒന്നാമതായി നാം എല്ലാവരും തെരുവുകളിലേക്ക് ഇറങ്ങണം , വ്യത്യസ്ത രാഷ്ട്രങ്ങളില്‍ പ്രതിഷേധത്തിന്റെ അലയൊലികള്‍ ഉയരണം, പ്രത്യേകിച്ച് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ . ഞങ്ങളുടെ സമൂഹത്തിനുമേലുള്ള സയണിസ്റ്റ് അതിക്രമങ്ങള്‍ക്ക് അവര്‍ കൂട്ടുനില്‍ക്കുന്നു. രണ്ടാമതായി ഗാസയിലെ നിങ്ങളുടെ സഹോദരന്മാര്‍ക്ക് അകമഴിഞ്ഞ മാനുഷിക പിന്തുണയും സാമ്പത്തിക സഹായവും അനിവാര്യമാണ്. മൂന്നാമതായി, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് നിങ്ങള്‍ നിരന്തരമായി അറിഞ്ഞു കൊണ്ടിരിക്കുന്നവരാണ്.
സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളും ഉപയോഗിച്ച് ഇസ്രായേല്‍ നുണകളെ പൊളിക്കുകയും ഫലസ്തീന്‍ പോരാട്ടങ്ങളെ പിന്തുണക്കുകയും ചെയ്യേണ്ടതുണ്ട്.
ഫലസ്തീന്‍ ഭൂമിക്കുവേണ്ടി നമ്മുടെ എല്ലാ അധ്വാന പരിശ്രമങ്ങളും നാം വിനിയോഗിക്കാന്‍ തയ്യാറാവണം. മസ്ജിദുല്‍ അഖസയുടെ പ്രതാപം തിരിച്ചുപിടിക്കാനാണ് ഈ പ്രവര്‍ത്തനങ്ങള്‍- ഖാലിദ് മിശ്അല്‍ പറഞ്ഞു.

 

 

Latest News