Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ വിമോചന പോരാട്ടങ്ങളെ ഭീകരവൽക്കരിക്കുന്നത് അവസാനിപ്പിക്കണം -റസാഖ് പാലേരി

റസാഖ് പാലേരി പ്രസംഗിക്കുന്നു

പാലക്കാട് - ഇസ്രായേൽ അധിനിവേശത്തെ എതിർക്കണമെങ്കിൽ തൂക്കം ഒപ്പിക്കാൻ ഫലസ്തീൻ വിമോചന പോരാട്ടങ്ങളെയും ഭീകരവൽക്കരിക്കണമെന്ന കൊളോണിയൽ യുക്തിയിൽ നിന്ന് രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും വിമോചിതരാവാൻ രാഷ്ട്രീയപ്പാർട്ടികൾ വ്യക്തമായ അധിനിവേശവിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി.

വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരുടെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരുഭാഗത്ത് ഫലസ്തീൻ ജനതക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും അവരുടെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളെ മറുഭാഗത്ത് ഭീകരവൽക്കരിക്കുകയും ചെയ്യുന്നത് കാപട്യമാണ്. ഹമാസ് എന്ന പ്രസ്ഥാനം ഇസ്രായേൽ അധിനിവേശത്തിനെതിരെ നിരന്തരം പോരടിച്ചു കൊണ്ടിരിക്കുന്നു. പോരാട്ട പ്രസ്ഥാനം എന്ന നിലക്ക് അവരെ പിന്തുണക്കേണ്ടത് ലോക ജനതയുടെ ഉത്തരവാദിത്തമാണ്. ഫലസ്തീൻ പോരാട്ടങ്ങൾക്ക് അനുകൂലമായും ഇസ്രായേൽ അധിനിവേശത്തിന് എതിരെയും ലോകമെമ്പാടും ജനാഭിപ്രായം രൂപപ്പെട്ടു വരുമ്പോൾ മലയാളികളുടെ മനസ്സിനെ ഫലസ്തീൻ പോരാട്ടങ്ങൾക്ക് എതിരെ ചിന്തിക്കുന്ന പൊതു ബോധത്തിലേക്ക്  കൊണ്ടുപോകുന്ന രൂപത്തിലേക്ക് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും അഭിപ്രായങ്ങൾ പറയുന്നത് അവസാനിപ്പിക്കണം. 
ഫലസ്തീൻ വിരുദ്ധ പരാമർശങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ചരിത്രം അവർക്ക് മാപ്പ് നൽകുകയില്ല. ഫലസ്തീൻ ജനതയെ ഉപാധികളില്ലാതെ പിന്തുണക്കാൻ കേന്ദ്ര ഭരണകൂടം തയ്യാറാവണം.
മോഡി സർക്കാർ ഇസ്രായേലിനെ പിന്തുണച്ചാലും ഇന്ത്യൻ ജനത പാലസ്തീനികൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡൻറ് പി.എസ്.അബു ഫൈസൽ അധ്യക്ഷത വഹിച്ചു.
എം. സുലൈമാൻ, എം. ദിൽഷാദ് അലി, ആസിയ റസാഖ്, അബ്ദുൽ മജീദ് തത്തമംഗലം, റിയാസ് ഖാലിദ്, ശാക്കിർ പുലാപ്പറ്റ എന്നിവർ സംസാരിച്ചു.



 

Latest News