ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുന്ന നടപടികളുമായാണ് ഓരോ ദിവസവും കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് പാഠപുസ്തകങ്ങളിൽ ഇന്ത്യക്കു പകരം ഭാരതം എന്ന പേരുപയോഗിക്കാനുള്ള നീക്കം. ഇന്ത്യയും ഭാരതവും കേവലം രണ്ടു വാക്കുകളല്ല. അവ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുണ്ട്.
ഇന്ത്യയെന്നത് ബഹുസ്വരതയുടെയും നാനാത്വത്തിന്റെയും പ്രതീകമാണെങ്കിൽ ഭാരതമെന്നത് നേരെ വിപരീതമാണ്. സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്തു തന്നെ ഇക്കാര്യം വലിയ ചർച്ചയായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഒത്തുതീർപ്പെന്ന നിലയിൽ ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യ അഥവാ ഭാരതം എന്നെഴുതിച്ചേർത്തത്. എന്നാൽ ഭരണഘടനയിൽ മറ്റൊരിടത്തും ഭാരതം എന്നുപയോഗിക്കുന്നില്ല. അപൂർവം അവസരത്തിലൊഴികെ ഇപ്പോൾ സാമൂഹ്യ ജീവിതത്തിന്റെ എല്ലായിടത്തും ഉപയോഗിക്കുന്നത് ഇന്ത്യയെന്നാണ്. ആഗോള തലത്തിലാകട്ടെ പൂർണമായും അങ്ങനെ തന്നെ.
ഇത്തരമൊരു സാഹചര്യത്തിലാണ് അടുത്ത കാലത്ത് സംഘപരിവാർ ശക്തികൾ ഈ വിഷയത്തെ വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഇപ്പോൾ ഈ വാക്കുകൾക്ക് കുറെ കൂടി വിപുലമായ അർത്ഥമാണ് വന്നിരിക്കുന്നത്. ഇന്ത്യയെന്നത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ഫെഡറലിസത്തിന്റെയുമൊക്കെ പ്രതീകമാണിന്ന്. ഭാരതമാകട്ടെ നേരെ വിപരീതമായി ഹിന്ദുത്വത്തിന്റെ പ്രതീകവും. തങ്ങൾ വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിന്റെ പേര് ഹിന്ദുസ്ഥാൻ എന്നോ ഭാരതമെന്നോ ആക്കാനുള്ള നീക്കത്തിലാണ് സംഘപരിവാർ. അതിന്റെ ഭാഗമായാണ് ഇടക്കിടെ ഇത്തരം വിവാദം സൃഷ്ടിക്കൽ. ഇപ്പോൾ അഞ്ചു സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ പ്രഖ്യാപനം വന്നിരിക്കുന്നത്.
മതവികാരം ഇളക്കിവിട്ട് ഹിന്ദുവോട്ടുകൾ സമാഹരിക്കുക എന്നതാണ് ലക്ഷ്യമെന്നു വ്യക്തം. പിന്നാലെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലുമായിരിക്കും അത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ തീയതിയും ഉടൻ പ്രഖ്യാപിക്കാനിടയുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രസക്തമാകുന്നത്. ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് ബിജെപി പ്രതിനിധികൾ വിജയിക്കാൻ പോകുന്നില്ല എന്നാണല്ലോ പൊതുധാരണ. എന്നാൽ അതെല്ലാം ഏതു നിമിഷവും മാറാം എന്നതാണ് വസ്തുത. പല സംസ്ഥാനങ്ങളിലും നാമത് കണ്ടതാണ്. അതിനാൽ തന്നെ കേരളത്തിലും തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് സംഘപരിവാറിനെതിരായ സംഘടിത പ്രവർത്തനങ്ങൾ അനിവാര്യമാണ്. രാഷ്ട്രീയക്കാർക്കു മാത്രമല്ല, സിവിൽ സമൂഹത്തിനും അതിലുത്തരവാദിത്തമുണ്ട്. കർണാടയിലെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പോലെ ഒരു സിവിൽ സമൂഹ മുന്നേറ്റം കേരളത്തിലും നടക്കേണ്ടിയിരിക്കുന്നു. അത്തരം നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഏതാനും ദിവസം മുമ്പ് കോട്ടയത്ത് വിപുലമായ സമ്മേളനം നടന്നു. വരുന്ന 29 ന് എറണാകുളത്ത് നടക്കുന്നു. തുടർന്ന് തൃശൂരിൽ നടക്കും. പിന്നാലെ മറ്റെല്ലാ ജില്ലകളിലും.ഇന്ത്യയെ തകർക്കുന്ന ബിജെപി സർക്കാരിനെ പുറത്താക്കുക, ജനാധിപത്യവും മതേതരത്വവും വീണ്ടെടുക്കാൻ ഇന്ത്യ സഖ്യത്തെ വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചാണ് സേവ് ഇന്ത്യ കൺവെൻഷൻ എന്ന പേരിൽ എറണാകുളത്ത് സമ്മേളനം നടക്കുന്നത്.
ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ മോഡി സർക്കാർ നടത്തുന്ന ശ്രമങ്ങൾ ഇന്ത്യയെന്ന ആശയത്തെയും ജനാധിപത്യത്തെയും മതേതരത്വത്തെയുമാണ് ഇല്ലാതാക്കുന്നത്. സാമ്പത്തിക മേഖലയിലും സാമൂഹിക- സാംസ്‌കാരിക മേഖലകളിലും വിനാശകരമായ നയങ്ങളാണ് മോഡി സർക്കാരും സംഘപരിവാറും നടപ്പാക്കുന്നത്. അവയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറയുന്നു.
2014 ൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടപ്പാക്കിയ നയങ്ങൾ ഇന്ത്യൻ ഭരണഘടനയെയും റിപ്പബ്ലിക്കിനെയും ഘട്ടംഘട്ടമായി തകർക്കുന്നതാണ്. ജനവിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ സാമ്പത്തിക നയങ്ങളും പണപ്പെരുപ്പവും ഇന്ധന - പാചക വാതക വില വർധനയും രൂക്ഷമായ വിലക്കയറ്റവും ജനങ്ങളുടെ ജീവിതം താറുമാറാക്കി. നോട്ട് നിരോധനവും ജിഎസ്ടിയും മൂലം ദരിദ്ര - ഇടത്തരം ജനങ്ങൾ നേരിട്ട ദുരിതങ്ങൾ ഇപ്പോഴും തുടരുകയാണ്. അസംഘടിത തൊഴിൽ മേഖലകളും ചെറുകിട വ്യവസായ - വ്യാപാര മേഖലകളും തകർച്ചയിലാണ്. രൂക്ഷമായ തൊഴിലില്ലായ്മ യുവാക്കളെ അരക്ഷിതരാക്കുന്നു. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ ഇല്ലാതാക്കുന്നു.
മുസ്‌ലിംകളെ ലക്ഷ്യമാക്കുന്ന പൗരത്വ നിയമ ഭേദഗതി, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കൽ, കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ, സാമൂഹിക നീതി അട്ടിമറിക്കുന്ന സവർണ സംവരണം, പൊതുമേഖല വിറ്റഴിക്കൽ, വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന പുതിയ വിദ്യാഭ്യാസ നയം, ആദിവാസികളുടെ ഭൂമിക്കും വിഭവങ്ങൾക്കുമുള്ള അവകാശത്തെ റദ്ദാക്കുന്നതും വനമേഖല കോർപറേറ്റുകൾക്ക് കൊള്ള ചെയ്യാൻ അവസരം ഒരുക്കുന്നതുമായ വന സംരക്ഷണ നിയമ ഭേദഗതി, കൽക്കരി ഖനി സ്വകാര്യവൽക്കരണം, തീരദേശത്തെയും മത്സ്യത്തൊഴിലാളികളെയും തകർക്കുന്ന നിയമങ്ങൾ തുടങ്ങിയവയെല്ലാം ഈ സർക്കാർ നടത്തുന്ന രാജ്യദ്രോഹ - ജനവിരുദ്ധ നടപടികളിൽ ചിലത് മാത്രമാണ്.
അധികാരത്തിന്റെ പിൻബലത്തിൽ സംഘപരിവാർ സംഘടനകൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും കലാപങ്ങളും രാജ്യത്തെ ശിഥിലമാക്കുന്നു. ഹരിയാനയിൽ നടന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങളും മണിപ്പൂരിലെ ആദിവാസി - ക്രൈസ്തവ വംശഹത്യയും ഭരണകൂട പിന്തുണയോടെ സംഘപരിവാർ നടപ്പാക്കിയതാണ്. ഈ കലാപങ്ങളിൽ സ്ത്രീകൾ ബലാത്സംഗങ്ങൾക്കും അക്രമങ്ങൾക്കും ഇരകളാക്കപ്പെടുന്നു. ഗോരക്ഷയുടെ പേരിൽ മുസ്‌ലിംകളും ദളിതരും ആക്രമിക്കപ്പെടുന്നു. ജനാധിപത്യ ധ്വംസന നടപടികളിലൂടെ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടക്കമുള്ള പൗരാവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്നു.
മോഡി സർക്കാരിനെയും ഭരണത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും വിമർശിക്കുന്നവരെ രാജ്യദ്രോഹ കുറ്റവും യുഎപിഎയും ചുമത്തി ജയിലിൽ അടക്കുന്നു.
ഇത്തരം സാഹചര്യത്തിൽ ഇനിയും ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ശവക്കുഴി തോണ്ടുകയാകും ചെയ്യുന്നതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണം. സേവ് ഇന്ത്യ, സേവ് ഡെമോക്രസി, സേവ് കോൺസ്റ്റിറ്റിയൂഷൻ എന്നീ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ച് സംസ്ഥാനത്തുടനീളം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും കർണാടകത്തിൽ ചെയ്ത പോലെ തെരഞ്ഞെടുപ്പിൽ സജീവമായി ഇടപെടാനുമാണ് സിവിൽ സമൂഹ പ്രസ്ഥാനങ്ങൾ തയാറാകേണ്ടത്.