Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസ എന്ന ശ്മശാനം

നിഷ്‌കളങ്കരായ കുരുന്നുകൾ, യുദ്ധമുഖത്തെ മാധ്യമ പ്രവർത്തകർ, ജീവൻ തൃണവൽഗണിച്ചും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരുടങ്ങുന്ന ആരോഗ്യ പ്രവർത്തകർ, ഐക്യരാഷ്ട്ര സഭയുടെ സന്നദ്ധ പ്രവർത്തകർ, നിരപരാധികളായ സിവിലിയൻമാർ... ഹമാസിന്റെ പേരിൽ ഇസ്രായിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ മരിച്ചുവീഴുന്നത് തീവ്രവാദികളോ ഭീകരവാദികളോ അല്ല. സാധാരണക്കാരായ മനുഷ്യരാണ്. എല്ലാ നിയമങ്ങളും തെറ്റിച്ച ആക്രമണമാണ് ഇസ്രായിൽ ഗാസയിൽ നടത്തുന്നത്. ഇതിനെ യുദ്ധമെന്നല്ല, ഒരു രാജ്യം ഒരു ജനതക്ക് മേൽ നടത്തുന്ന ഭീകരാക്രമണമെന്നാണ് വിളിക്കേണ്ടത്. 

യുദ്ധക്കുറ്റങ്ങളുടെ അങ്ങേയറ്റമെത്തുന്ന ഈ ബീഭത്സതക്ക് വൻശക്തികളായ പാശ്ചാത്യ രാജ്യങ്ങൾ കുടപിടിക്കുന്നു. അവരുടെയും ലക്ഷ്യം 'ഭീകരവാദികളെ' ഒതുക്കലല്ല, വംശീയ ഉന്മൂലനമാണെന്ന് രണ്ടാഴ്ചത്തെ പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നു. മനുഷ്യാവകാശ സംഘടനകളായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റർനാഷനലും ഇത് ശരിവെക്കുന്നു. അമേരിക്കയുടെ പിന്തുണയോടെയുള്ള ഇസ്രായിലിന്റെ ധാർഷ്ട്യത്തിന് മുന്നിൽ രോഷമടക്കി നിസ്സഹായരായി നിൽക്കുകയാണ് അറബ് രാജ്യങ്ങളടക്കമുള്ള രാഷ്ട്രങ്ങൾ. സൈനികമായി ഇസ്രായിലിനോട് പ്രതികരിക്കുന്നത് മഹായുദ്ധത്തിൽ കലാശിച്ചേക്കാം. നയതന്ത്ര-സമാധാന ശ്രമങ്ങൾ എങ്ങുമെത്തുന്നുമില്ല. ഐക്യരാഷ്ട്ര സഭ നോക്കുകുത്തിയാണ്. രക്ഷാസമിതി മൗനം പാലിക്കുന്നു. ഇതിന്റെയെല്ലാം കെടുതി അനുഭവിക്കുന്നത് ഫലസ്തീനിലെ സാധാരണക്കാരാണ്.


ഗാസ മുനമ്പിൽ ഇസ്രായിൽ സൈന്യം നടത്തുന്ന വിനാശകരവും നിയമ വിരുദ്ധവുമായ ആക്രമണങ്ങൾ ആംനസ്റ്റി ഇന്റർനാഷനൽ രേഖപ്പെടുത്തിയിട്ടുണ്ട്. വൻതോതിൽ സിവിലിയൻ നാശനഷ്ടങ്ങൾക്ക് കാരണമായ ആക്രമണത്തെ യുദ്ധക്കുറ്റമായി കണക്കാക്കി അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. 

ആക്രമണത്തെ അതിജീവിച്ചവരുമായും ദൃക്സാക്ഷികളുമായും സംസാരിച്ചും ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തും നിരവധി തെളിവുകളാണ് ഇസ്രായിലിനെതിരെ ആംനസ്റ്റി തയാറാക്കിയിരിക്കുന്നത്. 
ഒക്ടോബർ ഏഴ് മുതൽ ഇസ്രായിൽ സേന നടത്തിയ വ്യോമാക്രമണങ്ങളുടെ  ഫോട്ടോകളും വീഡിയോകളും അവർ പരിശോധിച്ചു.  ഭയാനകമായ നാശത്തിന് കാരണമാവുകയും ചില കേസുകളിൽ മുഴുവൻ കുടുംബങ്ങളെയും ഇല്ലാതാക്കുകയും ചെയ്ത ആക്രമണങ്ങൾ അവർ കണ്ടെത്തിയിട്ടുണ്ട്. നിയമ വിരുദ്ധമായ അഞ്ച് ആക്രമണങ്ങളിലെ കണ്ടെത്തലുകളുടെ ആഴത്തിലുള്ള വിശകലനം ആംനസ്റ്റി തങ്ങളുടെ വെബ്‌സൈറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഈ കേസുകളിൽ ഓരോന്നിലും, ഇസ്രായിലി ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചതായും സിവിലിയന്മാരെ രക്ഷിക്കാൻ സാധ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ പരാജയപ്പെട്ടതായും ചൂണ്ടിക്കാട്ടുന്നു.  സിവിലിയന്മാരും സൈനിക ലക്ഷ്യങ്ങളും തമ്മിൽ വേർതിരിവില്ലാത്ത വിധം വിവേചനരഹിതമായ ആക്രമണങ്ങളാണ് നടത്തിയത്. ഹമാസിനെ നശിപ്പിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന ഇസ്രായിൽ പ്രഖ്യാപനം നടപ്പാക്കുന്നത് സിവിലിയൻ ജീവിതത്തോട് കാട്ടുന്ന ക്രൂരതകളോടെയാണ്. ജനവാസ കെട്ടിടങ്ങൾ തവിടുപൊടിയാക്കി സാധാരണ ജനങ്ങളെ വൻതോതിൽ കൊല്ലുകയും അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഗാസയിൽ വെള്ളം, മരുന്ന്, ഇന്ധനം, വൈദ്യുതി എന്നിവ തടഞ്ഞിരിക്കുന്നു. ദൃക്സാക്ഷികളിൽ നിന്നും അതിജീവിച്ചവരിൽ നിന്നുമുള്ള സാക്ഷ്യങ്ങൾ ഇസ്രായിൽ ആക്രമണം ഫലസ്തീൻ കുടുംബങ്ങളെ നശിപ്പിച്ചതെങ്ങനെയെന്ന് എടുത്തുകാണിക്കുന്നു, രക്ഷപ്പെട്ടർക്ക് അവരുടെ പ്രിയപ്പെട്ടവരെ ഓർക്കാൻ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂവെന്ന് ആംനസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്‌നസ് കാലമർ പറയുന്നു.

'ആംനസ്റ്റി രേഖപ്പെടുത്തിയ, ഇസ്രായിൽ ഭീകരതയുടെ അഞ്ച് കേസുകൾ വ്യോമാക്രമണം ഗാസയിലെ ജനങ്ങളിൽ ചെലുത്തുന്ന വിനാശകരമായ ആഘാതം പുറത്ത് കൊണ്ടുവരുന്നതാണ്. 16 വർഷമായി, ഇസ്രായിലിന്റെ അനധികൃത ഉപരോധം ഗാസയെ ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലാക്കി മാറ്റി, അത് ഭീമാകാരമായ ശ്മശാനമായി മാറുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. ഗാസയിലെ നിയമ വിരുദ്ധമായ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാനും സിവിലിയൻ വസ്തുക്കൾ നശിപ്പിക്കുന്നത് നിർത്താനും സാധാരണക്കാർക്ക് അപായമില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് സാധ്യമായ എല്ലാ മുൻകരുതലും സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇസ്രായിൽ സൈന്യം തയാറാകേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമം ഗുരുതരമായി ലംഘിക്കപ്പെടുന്നതിനാൽ  ഇസ്രായിലിന്റെ സഖ്യകക്ഷികൾ ഉടൻ തന്നെ സമഗ്രമായ ആയുധ ഉപരോധം അവർക്കെതിരെ ഏർപ്പെടുത്തണം.

ഒക്ടോബർ 7 മുതൽ ഇസ്രായിൽ സൈന്യം ഗാസ മുനമ്പിൽ ആയിരക്കണക്കിന് വ്യോമാക്രമണങ്ങളാണ് നടത്തിയത്. മരണം ഏഴായിരത്തിലധികമായി. പകുതിയും കുട്ടികൾ. പതിനായിരങ്ങൾക്ക് പരിക്കേറ്റു. ആയിരക്കണക്കിന് മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. കുട്ടികളെ കൊല്ലുന്നത് ആസൂത്രിത ലക്ഷ്യമായി ഇസ്രായിൽ കരുതിയിട്ടുണ്ടോ എന്ന് സംശയമുണർന്നിട്ടുണ്ട്. ആശുപത്രികളും അഭയാർഥി കേന്ദ്രങ്ങളും തുടർച്ചയായ ആക്രമണത്തിന് ഇരയാകുന്നു. 

ഗാസയിൽ മാത്രമല്ല, കിഴക്കൻ ജറൂസലം ഉൾപ്പെടെ അധിനിവേശ വെസ്റ്റ് ബാങ്കിൽ കുട്ടികളടക്കം നൂറിലധികം ഫലസ്തീനികളെ ഇസ്രായിൽ സൈന്യമോ ജൂത കുടിയേറ്റക്കാരോ കൊന്നൊടുക്കി. ഇസ്രായിൽ സൈന്യത്തിന്റെ അമിതമായ ബലപ്രയോഗത്തിനു പുറമെ ഭരണകൂട പിന്തുണയുള്ള കുടിയേറ്റ അക്രമങ്ങളും വർധിച്ചിരിക്കുകയാണ്. 

ഗാസയിലെ ഡസൻകണക്കിന് ആക്രമണങ്ങളെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷനൽ അന്വേഷണം തുടരുകയാണ്. റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഒരു അഭയാർഥി ക്യാമ്പ്, ഒരു കുടുംബ വീട്, ഒരു പൊതു മാർക്കറ്റ് എന്നിവയെ ബാധിച്ച അഞ്ച് നിയമവിരുദ്ധ ആക്രമണങ്ങളാണ് ആംനസ്റ്റി സവിശേഷമായി അന്വേഷിച്ച് യുദ്ധക്കുറ്റം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
സൈനിക ലക്ഷ്യങ്ങൾ മാത്രമാണ് ആക്രമിക്കുന്നതെന്ന ഇസ്രായിലി സൈന്യത്തിന്റെ അവകാശവാദം നിരാകരിക്കുന്നതാണ് ഈ കണ്ടെത്തലുകൾ. ആക്രമണം നടക്കുന്ന സമയത്തോ സ്ഥലത്തോ ഹമാസ് പോരാളികളോ മറ്റു സൈനിക ലക്ഷ്യങ്ങളോ ഉണ്ടായിരുന്നതിന് ആംനസ്റ്റി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ഫലസ്തീൻ സിവിലിയൻമാർക്ക് ഫലപ്രദമായ മുൻകൂർ മുന്നറിയിപ്പ് നൽകാത്തതുൾപ്പെടെ, സാധ്യമായ മുൻകരുതലുകളെടുക്കുന്നതിൽ ഇസ്രായിൽ സൈന്യം പൂർണമായും പരാജയപ്പെട്ടതായും ആംനസ്റ്റി ഇന്റർനാഷണൽ കണ്ടെത്തി. ചില സന്ദർഭങ്ങളിൽ ആക്രമണത്തിന് മുമ്പ് അവർ സാധാരണക്കാർക്ക് മുന്നറിയിപ്പ് നൽകിയില്ല, ചിലപ്പോൾ തികച്ചും അപര്യാപ്തമായ മുന്നറിയിപ്പാണ് നൽകിയത്.

'ഞങ്ങളുടെ ഗവേഷണം ഇസ്രായിലിന്റെ ബോംബാക്രമണങ്ങളിൽ യുദ്ധക്കുറ്റമടങ്ങിയിട്ടുണ്ട് എന്നതിനുള്ള വ്യക്തമായ  തെളിവുകളിലേക്ക് വിരൽ ചൂണ്ടുന്നു. അത് അടിയന്തരമായി അന്വേഷിക്കേണ്ടതുണ്ട്. ദശാബ്ദങ്ങളായി അസ്ഥിരമായ, കൊടിയ അനീതിയും അഭൂതപൂർവമായ കൊലപാതകങ്ങളും അരങ്ങേറുന്ന ഗാസയിലും ഇതര ഫലസ്തീൻ പ്രദേശങ്ങളിലും കൂടുതൽ അക്രമത്തിനും അസ്ഥിരതക്കും ഇത് കാരണമാകും'
-ആംനസ്റ്റി മേധാവി ആഗ്‌നസ് കാലമർ പറയുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഈ യുദ്ധക്കുറ്റം സംബന്ധിച്ച്  അന്വേഷണം വേഗത്തിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നീതിയും ഫലസ്തീനികൾക്കെതിരായ ഇസ്രായിലിന്റെ വംശീയ വിരോധവും പൊളിച്ചെഴുതാതെ, നാം കണ്ടുകൊണ്ടിരിക്കുന്ന ഭയാനകമായ സിവിലിയൻ കഷ്ടപ്പാടുകൾക്ക് അവസാനമുണ്ടാകില്ലെന്നും ആംനസ്റ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്.

സങ്കൽപിക്കാൻ കഴിയാത്ത ദുരിതവും ഗുരുതരമായ മാനുഷിക പ്രതിസന്ധിയുമാണ് ഗാസയിലെ നിരന്തരമായ ബോംബാക്രമണം സൃഷ്ടിച്ചിരിക്കുന്നത്. ഇസ്രായിലിന്റെ നിയമവിരുദ്ധ ഉപരോധത്തിന് കീഴിൽ 16 വർഷം കഴിഞ്ഞ ഗാസയുടെ ആരോഗ്യ സംരക്ഷണ സംവിധാനം ഇതിനകം തന്നെ നാശത്തിന്റെ വക്കിലാണ്, അതിന്റെ സമ്പദ്വ്യവസ്ഥയും തകർച്ചയിലാണ്. മുറിവേറ്റവരുടെ ആധിക്യം നേരിടാൻ കഴിയാതെ, ജീവൻ രക്ഷാമരുന്നുകളും ഉപകരണങ്ങളുമില്ലാതെ ആശുപത്രികൾ തകരുകയാണ്.ഗാസക്കാർക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ ഇല്ലാതാക്കുകയും ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് തടയുകയും ചെയ്ത ഇസ്രായിലിന്റെ സമ്പൂർണ ഉപരോധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയേ പറ്റൂ. ഗാസയിലെ സിവിലിയൻ ജനതയെ കൂട്ടമായി ശിക്ഷിക്കുന്നത് യുദ്ധക്കുറ്റവും ഇസ്രായിലിന്റെ വംശീയ വ്യവസ്ഥയുടെ തെളിവുമാണ്. ഗാസക്കെതിരായ ദീർഘകാല ഉപരോധം നീക്കാൻ രാജ്യാന്തര സമൂഹം ഇസ്രായിലിനെ സമ്മർദത്തിലാക്കണം. ഇല്ലെങ്കിൽ ചരിത്രത്തിൽ ഉദാഹരണമില്ലാത്ത വൻ ദുരന്തത്തിന് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കും. എത് എല്ലാക്കാലത്തേക്കുമായി മേഖലയുടെ സമാധാനവും സ്വാസ്ഥ്യവും കെടുത്തുകയും ചെയ്യും.

Latest News