വിരാട് കോഹ്‌ലി 36 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും തുടര്‍ച്ചയായ രണ്ട് ടെസ്റ്റില്‍ ഒരേ ടീമിനെ നിലനിര്‍ത്തിയിട്ടില്ല. കളിക്കാര്‍ക്ക് മതിയായ അവസരം നല്‍കണമെന്ന് ആദ്യ ടെസ്റ്റിലെ പരാജയത്തിനു ശേഷം സൗരവ് ഗാംഗുലി മുറവിളി കൂട്ടിയത് വെറുതെയല്ല.
ടീമില്‍ ആര്‍ക്കും സ്ഥാനം കുത്തകയല്ലെന്നും പിച്ചും സാഹചര്യങ്ങളുമനുസരിച്ചായിരിക്കും ടീമിനെ തെരഞ്ഞെടുക്കുകയെന്നുമാണ് ക്യാപ്റ്റന്റെ നിലപാട്. എന്നാല്‍ നിരന്തര മാറ്റങ്ങള്‍ കളിക്കാരില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. ടീം വിജയിച്ചു കൊണ്ടിരിക്കുമ്പോള്‍ കളിക്കാരെ മാറ്റരുതെന്നാണ് തത്വം. എന്നാല്‍ കോഹ്‌ലിക്ക് അതൊന്നും ബാധകമല്ല.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വ്യാഴാഴ്ച രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ആര്‍ക്കാവും സ്ഥാനചലനം? കെ.എല്‍. രാഹുലിനോ അജിന്‍ക്യ രഹാനെക്കോ പകരം ചേതേശ്വര്‍ പൂജാര വന്നേക്കാം. അതോ ശിഖര്‍ ധവാനാണോ സ്ഥാനം പോവുക. ആര്‍ക്കാണെന്നറിയില്ല. എന്നാല്‍ ഒരു കാര്യമുറപ്പാണ്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് സ്ഥാനം പോവും. കഴിഞ്ഞ 36 ടെസ്റ്റിലെ ചരിത്രം അതാണ്.