Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയടക്കമുള്ളവര്‍ രാഷ്ട്രീയം പറഞ്ഞ്  അമ്പലങ്ങളില്‍ വരരുത്- കെ.പി ശശികല 

ആലപ്പുഴ- വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആ വഴിക്കുപോകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. രാഷ്ട്രീയ പാര്‍ട്ടികള്‍ നില്‍ക്കേണ്ടിടത്ത് നില്‍ക്കണമെന്നും ക്ഷേത്രങ്ങളില്‍ ബി ജെ പി അടക്കമുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയം വേണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'വിവാദ ഉത്തരവ് നിങ്ങളൊക്കെ ശ്രദ്ധിച്ചുകാണും. അതിനകത്ത് പറഞ്ഞിരിക്കുന്നത് ക്ഷേത്രങ്ങളില്‍ ഒരേ കളറിലുള്ള അലങ്കാരം പാടില്ലെന്നാണ്. ഇതൊരു ജനാധിപത്യ സംവിധാനമല്ലേ. എന്ത് അലങ്കരിക്കണമെന്ന് തീരുമാനിക്കേണ്ടത് മുകളിലുള്ളവരാണോ. അതോ അത് തീരുമാനിക്കേണ്ടത് ആ ക്ഷേത്രത്തിന്റെ ഉപദേശക സമിതിയോ. ക്ഷേത്രത്തിലെ ഭക്തരോ. അവരല്ലേ അവിടെ ഏത് കളറാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത്.
നിങ്ങള്‍ ഏത് നിറത്തെയാണ് ഭയക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അതിന് ഞങ്ങള്‍ക്കൊരു പ്രശ്‌നവും ഇല്ല. കാവിയെയാണ് ഭയക്കുന്നതെങ്കില്‍, ഭാരത സംസ്‌കാരത്തിന്റെ അടിത്തറയാണത്. അതിനെയാണ് ഭയക്കുന്നതെങ്കില്‍ ഞങ്ങള്‍ക്കൊരു വിഷയവുമില്ല. ഭക്ത ജനങ്ങള്‍ ഒന്നിച്ച് കാവി വസ്ത്രമണിഞ്ഞ് പോയാല്‍ ഇവര്‍ എന്താ ചെയ്യുക. നിയന്ത്രിക്കാന്‍ സാധിക്കുമോ, നിരോധിക്കാന്‍ സാധിക്കുമോ. ആകാശത്തുകൂടെ കെട്ടിത്തൂക്കുന്ന രണ്ട് അലങ്കാരത്തിലാണ് ഹൈന്ദവ ധര്‍മത്തിന്റെ അടിത്തറയെന്ന് അവര്‍ വിശ്വസിച്ചുപോയോ. എന്തിനാണ് ഇതുപോലത്തെ കോമാളിത്തരം കാണിക്കുന്നത്. ഒരു നിറം പാടില്ലെന്ന് പറഞ്ഞാല്‍ രണ്ടോ മൂന്നോ ആകാമോ. പാര്‍ട്ടിയുടെ പ്രതീകങ്ങളോ ചിഹ്നങ്ങളോ പ്രതിനിധീകരിക്കുന്ന ഒന്നും പാടില്ലെന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് ഒരു പ്രസ്ഥാനത്തിന്റെയും ആകാന്‍ പാടില്ല. ശശികല പറഞ്ഞു. അതേസമയം, സി പി എമ്മില്‍നിന്ന് ക്ഷേത്രഭരണം പിടിച്ചെടുത്ത് ബി ജെ പിക്കു നല്‍കാനുള്ള ഉദ്ദേശ്യം ഹൈന്ദവ സംഘടനകള്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
 

Latest News