കോഴിക്കോട്- മുസ്ലിം ലീഗ് കോഴിക്കോട്ട് നടത്തിയ ഫലസ്തീൻ ഐകൃദാർഢ്യ റാലിയിൽ ലീഗ് ഉയർത്തിപ്പിടിച്ച നിലപാട് പറയുന്നതിനെ വഴി തിരിച്ചു വിടാൻ ബോധപൂർവമായ ശ്രമമാണ് ചില കേന്ദ്രങ്ങൾ നടത്തിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.
ചിലർ സയണിസത്തിന്റെ കെണിയിൽ പെട്ടതാണോ എന്നും സംശയമുണ്ടെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ ആരോപിച്ചു.
കുറിപ്പ് വായിക്കാം.
Take the israel voice എന്നത് വലത്പക്ഷ മാധ്യമങ്ങളോടുള്ള ഇസ്രായേലിന്റെ അഭ്യർത്ഥനയാണ്. ലോകത്ത് നടക്കുന്ന ഏത് ചലനങ്ങളും ഇസ്രായേലിന് അനുകൂലമാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ താൽപ്പര്യം. ഇന്നത്തെ ഫലസ്തീൻ ഐകൃദാർഢ്യ റാലിയിൽ ലീഗ് ഉയർത്തിപ്പിടിച്ച നിലപാട് പറയുന്നതിനെ വഴി തിരിച്ചു വിടാൻ ബോധപൂർവമായ ശ്രമമാണ് ചില കേന്ദ്രങ്ങൾ നടത്തിയത്. ചിലർ സയണിസത്തിന്റെ കെണിയിൽ പെട്ടതാണോ എന്നും സംശയമുണ്ട്.
ലീഗ് നേതൃത്വം പറഞ്ഞത് നോക്കൂ...
1) ഇക്കാലത്തെ ലോകത്തുള്ള ഏറ്റവും വലിയ ഭീകര രാഷ്ട്രം ഇസ്രായേലാണ്. ഇസ്രായേലിനെ സഹായിക്കുന്നവർ ഭീകരതയെയാണ് കൂട്ടുപിടിക്കുന്നത്. ഫലസ്തീന്റെ വായു ചെറുത്ത് നിൽപ്പാണ്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
2) ഫലസ്തീന്റെ ജനതയുടെ വിമോചനത്തിന്റെ കൂടെയാണ് മുസ്‌ലിം ലീഗ്. അതിന് വേണ്ടിയാണ് മുസ്‌ലിം ലീഗ് എക്കാലവും നില കൊണ്ടത്
പി.കെ കുഞ്ഞാലിക്കുട്ടി
3) ഫലസ്തീനിൽ നടക്കുന്നത് യുദ്ധമല്ല. ഏകപക്ഷീയമായ കൂട്ടക്കൊലയാണ്
ഇ.ടി മുഹമ്മദ് ബഷീർ
4) ഫലസ്തീനിലെ ജനത നടത്തുന്നത് മനുഷ്യാവകാശ പോരാട്ടമാണ്. ഇസ്രായേൽ നടത്തുന്നത് വംശീയതയും അധിനിവേശവുമാണ്. ഇസ്രായേലിനെ കുറിച്ച് ടെററിസം എന്ന വാക്ക് ആദ്യം പ്രയോഗിച്ച ഇന്ത്യക്കാരൻ മഹാത്മാഗാന്ധിയാണ്
എം.പി അബ്ദുസമദ് സമദാനി
5) ഫലസ്തീനികൾ നടത്തുന്നത് സ്വാതന്ത്യ സമരമാണ്. ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസും ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയപ്പോൾ സാമ്രാജ്യത്വ ശക്തികളുടെ കണ്ണിൽ അത് ഭീകര പ്രവർത്തനമായിരുന്നു.
എം.കെ മുനീർ
ലോകത്ത് തന്നെ നടന്ന ഏറ്റവും വലിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഉയർന്ന് കേട്ട അചഞ്ചലമായ ഈ ശബ്ദത്തെ കേട്ടില്ലെന്ന് നടിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ആരെയാണ് സഹായിക്കുന്നത്?