ശ്രീനഗര്‍- ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ലഷ്‌കര്‍ ഭീകരരെ വധിച്ചതായി സൈന്യം. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലാണ് പോലീസും സൈന്യവും ചേര്‍ന്ന് ഭീകരരെ വധിച്ചത്. കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിന്റെ തുടക്കത്തില്‍ തന്നെ രണ്ടുപേരേയും പിന്നീട് മൂന്നുപേരെയും വെടിവെച്ചു കൊല്ലുകയായിരുന്നു.
നിയന്ത്രണരേഖയ്ക്ക് കുറുകെ ഭീകരരുടെ 16 ലോഞ്ചിംഗ് പാഡുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണെന്നുമാണ് പോലീസ് പറയുന്നത്. പ്രാദേശിക റിക്രൂട്ട്‌മെന്റുകള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ എണ്ണം വീണ്ടും വര്‍ധിച്ചു വരികയാണെന്നും അധികൃതര്‍ പറയുന്നു.
ഈ വര്‍ഷം 46 ഭീകരരില്‍ 37 പേരും പാകിസ്ഥാനികളായിരുന്നു. ഒന്‍പത് പേര്‍ മാത്രമാണ് തദ്ദേശീയരെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നതായും ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് പറഞ്ഞു. ജമ്മു കശ്മീരിലെ 33 വര്‍ഷത്തെ ഭീകരാക്രമണങ്ങള്‍ക്കിടെ ആദ്യമായാണ് തദ്ദേശീയ ഭീകരരുടെ നാലിരട്ടി വിദേശ ഭീകരര്‍ കൊല്ലപ്പെടുന്നതെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.