വെല്ലിംഗ്ടണ്‍- ഇന്ത്യാ- കാനഡ നയതന്ത്ര തര്‍ക്കത്തില്‍ കാനഡയ്ക്ക് പിന്തുണയുമായി ന്യൂസിലാന്റ്. നയതന്ത്ര ദൗത്യത്തിലുള്ള 41 ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ആശങ്കയുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രതികരിച്ചു. നേരത്തെ അമേരിക്കയും ബ്രിട്ടനും കാനഡയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ന്യൂസിലാന്റ് കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇന്ത്യയുമായുള്ള നയതന്ത്ര തര്‍ക്കത്തില്‍ കാനഡയെ പരസ്യമായി പിന്തുണക്കാതിരുന്ന ഏക ഫൈവ് ഐസ് രാജ്യമായിരുന്നു ന്യൂസിലാന്റ്.
ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇന്ത്യക്കെതിരായ വിമര്‍ശനം ഉന്നയിച്ചത്. 'അക്രഡിറ്റഡ് നയതന്ത്രജ്ഞരുടെ പ്രത്യേകാവകാശങ്ങളും സംരക്ഷണവും ഉള്‍പ്പെടെ, നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള 1961ലെ വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം എല്ലാ രാജ്യങ്ങളും അവരുടെ ബാധ്യതകള്‍ പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സമയമാണിത്', എന്നാണ് ന്യൂസിലാന്‍ഡ് സാമൂഹ്യ മാധ്യമങ്ങളില്‍ അറിയിച്ചത്.