തൊടുപുഴ- ഇടുക്കി കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി വീടിനു സമീപത്തെ കുഴിലിട്ടു മൂടിയതു രണ്ടു പേര്‍ ചേന്നാണെന്ന് പോലീസ്. പിടിയിലായ മുഖ്യപ്രതിയുള്‍പ്പെടെയുള്ള രണ്ടു പേരില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെട്ടവരില്‍ ചിലരെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നെന്നും പോലീസ് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഇപ്പോള്‍ പിടിയിലായ രണ്ടു പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി ആയിരുന്ന ഒരു ബൈക്ക് മെക്കാനിക്ക്, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
വണ്ണപ്പുറം കമ്പകക്കാനത്തെ വീട്ടു വളപ്പില്‍ നിന്നാണ് കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ വീട്ടുവളപ്പിലെ ഒരു കുഴിയില്‍ നിന്ന് ലഭിച്ചത്. മന്ത്രവാദിയായിരുന്ന കൃഷ്ണന്റെ സഹായി ആയ തൊടുപുഴ സ്വദേശിയെ സംഭവത്തിനു ശേഷം കാണാതായിരുന്നു. മൊബൈല്‍ ഫോണുകളെ നിരീക്ഷിക്കാനുള്ള അത്യാധുനിക സംവിധാനമായ സ്‌പെക്ട്ര എത്തിച്ചു ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. കൃഷ്ണനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി പുറത്തു വച്ച് ആക്രമിച്ചത് തൊടുപുഴ സ്വദേശിയായ മുഖ്യപ്രതിയാണ്. ഇതു തടയാനെത്തിയ കൃഷണന്റെ മക്കളും ഇയാളെ ചെറുക്കാന്‍ ശ്രമിച്ചതായും പറയപ്പെടുന്നു. മന്ത്രവാദത്തിനു പുറമെ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്ന കൃഷ്ണന് വിഗ്രക്കടത്തു സംഘങ്ങളുമായും ബന്ധമുണ്ടായിരുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.