കണ്ണൂര്‍- അധ്യാപകന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച യഥാര്‍ഥ പ്രതി പിടിയില്‍. മട്ടന്നൂരിലെ അധ്യാപകനായ വി.കെ. പ്രസന്നകുമാര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ഉരുവച്ചാല്‍ സ്വദേശി ടി. ലിജിനിനെയാണ് മട്ടന്നൂര്‍ സി.ഐ കെ.വി. പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഒന്നര മാസത്തിലേറെ നീണ്ട ശാസ്ത്രീയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതി പിടിയിലാവുന്നത്. കഴിഞ്ഞ മാസം ഒമ്പതിന് രാത്രി ഇല്ലം മൂലയില്‍ വെച്ചായിരുന്നു അപകടം. രാത്രി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പ്രസന്നകുമാറിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തിന് കാരണമായ ആള്‍ട്ടോ കാര്‍ അന്വേഷണ സംഘം കണ്ടെത്തി.
സി.സി.ടി.വി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അപകടത്തിനിടയാക്കിയ ചുവന്ന ആള്‍ട്ടോ കാര്‍ തിരിച്ചറിയുകയായിരുന്നു. കാര്‍ പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ ഉരുവച്ചാല്‍ ഇടപ്പഴശി സ്വദേശിയായ ലിപിന്‍, കാര്‍ സഹിതം മട്ടന്നൂര്‍ സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. താനാണ് കാര്‍ ഓടിച്ചിരുന്നതെന്നും അപകടം നടന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അന്നു പോലീസിന് മൊഴി നല്‍കിയിരുന്നു. സഹോദരന്റെ കാറുമായി കാഞ്ഞിലേരിയിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതിനാല്‍ പോലീസ് അന്വേഷണം തുടരുകയായിരുന്നു. സൈബര്‍ സെല്ലിന്റെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതിയെ പിടികൂടാനായത്. ആര്‍.സി ഓണറായ ലിജിന്‍ തന്നെയാണ് കാര്‍ ഓടിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ലിജിന് പകരം സഹോദരന്‍ ലിപിന്‍ കുറ്റം ഏറ്റെടുത്ത് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അപകടത്തിന് ശേഷം വീട്ടിലെത്തിയ ലിജിന്‍ ലിപിനുമായി സംസാരിക്കുകയും സംഭവ സമയം കാര്‍ ഓടിച്ചിരുന്നയാളെ മാറ്റുകയായിരുന്നു. അപകടത്തിന് ശേഷം പിറ്റെ ദിവസം രാവിലെ കൂത്തുപറമ്പിലെ ഒരു വര്‍ക്ക് ഷോപ്പിലെത്തിച്ച കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് മാറ്റിയ ശേഷം 11-ാം തീയതി രാത്രി കാര്‍ മട്ടന്നൂര്‍ സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. കാറിന്റെ തകര്‍ന്ന ബോഡി മാറ്റാനും തീരുമാനിച്ചതായി പറയുന്നു. ഒരാഴ്ചയ്ക്ക് ശേഷം കാറിന്റെ പഴയ തകര്‍ന്ന ഗ്ലാസ് പുഴയിലേക്ക് വലിച്ചെറിഞ്ഞതായും പോലീസ് പറഞ്ഞു. അന്വേഷണത്തെ വഴി തെറ്റിക്കുന്നതിന് ശ്രമിച്ച ആര്‍.സി ഓണറുടെ സഹോദരന്‍ ലിപിനിനെയും അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
മട്ടന്നൂര്‍ സി.ഐ, കെ.വി. പ്രമോദന്‍, എസ്.ഐ യു.കെ. ജിതിന്‍, എസ്.ഐ രാജീവന്‍, എ.എസ്.ഐ സിദ്ദീഖ്, എന്നിവരുടെ നേതൃത്വത്തിലാണ് യഥാര്‍ഥ പ്രതിയെ പിടികൂടാനായത്.