തിരുവനന്തപുരം- സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനമൊഴിഞ്ഞ് ഗവര്‍ണര്‍. അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഒഴിയല്‍ തീരുമാനമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്ന് ശിശുക്ഷേമ സമിതി വിശദീകരിച്ചു.
സാമ്പത്തിക ക്രമക്കേട് ആരോപണം ഉള്‍പ്പടെ സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ രാജ് ഭവനില്‍ ലഭിച്ച പരാതികള്‍ ഗവര്‍ണര്‍ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കൈമാറിയിരുന്നു. പരാതികളുടെ പശ്ചാത്തലത്തില്‍ രക്ഷാധികാരി സ്ഥാനത്ത് ഗവര്‍ണറുടെ പേര് ഉണ്ടാകുന്നത് ശരിയല്ലെന്ന സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ ശിപാര്‍ശ പരിഗണിച്ചാണ് സ്ഥാനമൊഴിയാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്.
രക്ഷാധികാരി സ്ഥാനത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട ശേഷം സമിതിയുടെ വെബ് സൈറ്റില്‍ തന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ചതില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിക്കുകയും തുടര്‍ന്ന് പേരും ചിത്രങ്ങളും നീക്കം ചെയ്തു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിലാണ് ശിശുക്ഷേമ സമിതി അഫിലിയേറ്റ് ചെയ്തിരിക്കുന്നതെന്നും ഈ സ്ഥാപനത്തിന് എതിരെയാണ് പരാതികളെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി. എല്‍. അരുണ്‍ ഗോപി പറഞ്ഞു.