കോഴിക്കോട്- മുസ്‌ലിം ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ റാലിയില്‍ കോണ്‍ഗ്രസ് നേതാവ് ഹമാസിനെ ഭീകരരെന്ന് വിളിച്ചത് വിവാദമായി. തരൂരിന്റെ ഇസ്രായില്‍ പക്ഷപാതം നേരത്തെ തന്നെ അറിയാവുന്നതാണെന്ന് നിരവിധ പേര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചു.
റാലി നടത്തുന്നത് മുസ്‌ലിം ലീഗായതുകൊണ്ട് ഫലസ്തീന്‍ വിഷയം ഒരു മുസ്‌ലിം വിഷയമായി കാണരുതെന്നും ഗൗരവമായ മനുഷ്യാവകാശ പ്രശ്‌നമായാണ് അതിനെ കാണേണ്ടതെന്നും പറഞ്ഞു കൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ എം.പി പ്രസംഗം തുടങ്ങിയത്. റാലിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫലസ്തീന്‍ അടക്കം വിദേശകാര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുമെന്ന് കരുതി, ആവേശത്തോടെ തരൂരിന്റെ പ്രസംഗത്തിനും പ്രസ്താവനകള്‍ക്കും കാത്തുനിന്ന സദസ്യരെ നിരാശയിലാഴ്ത്തുന്ന കൂടുതലും കണക്കുകള്‍ ഉദ്ധരിച്ചുള്ള ഒരു പ്രസംഗമായിരുന്നു തരൂരില്‍ നിന്നുണ്ടായത്. ബോംബ് വീഴുന്നത് മതം നോക്കിയല്ല, ഫലസ്തീനിലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ പള്ളിയും അവര്‍ നടത്തുന്ന ആശുപത്രി വരെ ബോംബിട്ടു തകര്‍ത്തു.
മനുഷ്യാവകാശത്തിന് മേലുള്ള ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസങ്ങളിലായി ലോകം കാണുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പടെ ആയിരക്കണക്കിന് നിരപരാധികളായ ജനങ്ങളാണ് കൊല്ലപ്പെട്ടത്.
ആദ്യം ഇസ്രായേലിലും പിന്നെ ഗാസയിലും ജനങ്ങള്‍ കൊല്ലപ്പെട്ടതില്‍ ഒരുതരത്തിലുള്ള ന്യായീകരണങ്ങളും നിലനില്‍ക്കുന്നതല്ല. യുദ്ധം നിര്‍ത്തുകയാണ് വേണ്ടത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. ഒക്ടോബര്‍ ഏഴിന് ഭീകരര്‍ ഇസ്രായേലിനെ ആക്രമിക്കുകയും 1400 പേരെ കൊല്ലുകയും 200 പേരെ ബന്ദിയാക്കുകയും ചെയ്തു. അതിന്റെ മറുപടിയായി ഇസ്രായില്‍ ഗാസയില്‍ നടത്തിയ ബോംബാക്രമണത്തില്‍ 6000 പേരെ കൊന്നു. ആക്രമണം നിറുത്തിയിട്ടുമില്ല. മാത്രമല്ല ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയെല്ലാം തടഞ്ഞു. നിരപരാധികള്‍ ദിവസവും മരിക്കുന്നു. സായുധ പോരാട്ടത്തിലെ നിയമങ്ങള്‍ ലംഘിച്ചു. ജനീവ കണ്‍വെന്‍ഷന്‍ ഉടമ്പടികള്‍ ലംഘിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ക്ക് പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇസ്രായേലില്‍ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ഭീകരര്‍ കൊന്നപ്പോള്‍ ലോകം അതിനെ അപലപിച്ചു. പക്ഷേ അതേ കുറ്റം ഇസ്രായില്‍ ചെയ്യുമ്പോള്‍ അതിനെയും തള്ളിപ്പറയണം. സമാധാനം കൊണ്ടുവരാന്‍ ആരാണ് ശ്രമിക്കുന്നത്. മൃഗീയമായ പ്രത്യാക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഗാസയിലും വെസ്റ്റ് ബാങ്കിലും ലബനനിലുമായി 6407 സാധാരണ ജനങ്ങളാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരര്‍ ഇസ്രായിലിലെ സാധാരണക്കാരെ കൊന്നതും ഇതിനെതിരായ ഇസ്രായേലിന്റെ മൃഗീയമായ പ്രത്യാക്രമണവും ന്യായീകരണമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.