കാഞ്ഞങ്ങാട്- മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി കയറി അപകടം. കാസര്‍കോട് കാഞ്ഞങ്ങാട് ഇന്ന് വൈകുന്നേരം ആറേ മുക്കാലോടെയാണ് സംഭവം. മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസാണ് ട്രാക്ക് മാറിക്കയറിയത്. ട്രാക്കില്‍ വേറെ ട്രെയിന്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. സിഗ്‌നലിലെ തകരാറാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് വിവരം.
സിഗ്‌നലിലെ തകരാറാണോ അതോ എന്‍ജിന്‍ െ്രെഡവര്‍ക്ക് സംഭവിച്ച പിഴവാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ട്രാക്ക് മാറി എന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ വണ്ടി നിര്‍ത്തി. റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് കയറേണ്ട ട്രെയിന്‍ ട്രാക്ക് മാറി കയറുകയായിരുന്നു. പാളം മാറി നടുവിലെ പാളത്തിലൂടെ സ്‌റ്റേഷനിലേക്കു പ്രവേശിച്ചു. ട്രെയിന്‍ മധ്യഭാഗത്തു കൂടി വരുന്നതു കണ്ട യാത്രക്കാര്‍ ആദ്യം മറ്റേതോ ട്രെയിന്‍ ആണെന്നാണു കരുതിയത്. പിന്നീട് തുടര്‍ച്ചയായി അനൗണ്‍സ്‌മെന്റ് വന്നതോടെയാണു മധ്യത്തില്‍ വന്ന ട്രെയിന്‍ മാവേലി ആണെന്ന് യാത്രക്കാര്‍ക്ക് മനസ്സിലായത്.
പാളം മുറിച്ചു കടന്നു ട്രെയിനിലേക്കു കയറാന്‍ യാത്രക്കാര്‍ തിരക്കിട്ടു. അധികസമയം നിര്‍ത്തി മുഴുവന്‍ യാത്രക്കാരേയും കയറ്റിയ ശേഷമാണ് ട്രെയിന്‍ വിട്ടത്. പിഴവ് മനസിലായതോടെ റിവേഴ്‌സ് എടുത്താണ് ഒന്നാം ട്രാക്കിലേക്ക് കയറിയത്. ഗുരുതരമായ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നാണു വിലയിരുത്തല്‍.