ഒക്ടോബർ 24 മുതൽ 27 വരെ നീണ്ടുനിന്ന സമരത്തിലും അനുബന്ധ കലാപത്തിലുമൊക്കെയായി ആയിരങ്ങളാണ് മരിച്ചുവീണത്. ഏഴ് പതിറ്റാണ്ട് മുമ്പ് കൊടുമ്പിരിക്കൊണ്ട സമരത്തിന്റെ പ്രതിഫലനങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രസക്തമാവുകയാണ്. അതിനാലാണ് പുന്നപ്ര-വയലാർ സമരം കാലത്തിനതീതമാകുന്നുവെന്ന് വിലയിരുത്തപ്പെടുന്നത്. സാമ്പത്തികവും സാമൂഹികവുമായ 27 ഇന ആവശ്യങ്ങളാണ് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ഫ്യൂഡൽ ഭരണത്തിനെതിരേയും ഉത്തരവാദ ഭരണത്തിന് വേണ്ടിയും നടന്ന ഐതിഹാസിക സമരങ്ങളിൽ ഉയർന്നത്.
ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച പുന്നപ്ര-വയലാർ സമര കാലത്തെ സാമൂഹിക സാഹചര്യങ്ങൾ മാറിയെന്ന് തോന്നുമെങ്കിലും ഏത് വ്യവസ്ഥിതിക്കു വേണ്ടിയാണോ സമരം ഉയർന്നത് അത് ആധുനിക കാലത്തിലും പത്തിവിടർത്തിയാടുന്നു എന്നതാണ് വസ്തുത. ഏഴ് പതിറ്റാണ്ട് മുമ്പ് കൊടുമ്പിരിക്കൊണ്ട സമരത്തിന്റെ പ്രതിഫലനങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രസക്തമാവുകയാണ്. അതിനാലാണ് പുന്നപ്ര-വയലാർ സമരം കാലത്തിനതീതമാകുന്നുവെന്ന് വിലയിരുത്തപ്പെടുന്നത്.
സാമ്പത്തികവും സാമൂഹികവുമായ 27 ഇന ആവശ്യങ്ങളാണ് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ഫ്യൂഡൽ ഭരണത്തിനെതിരേയും ഉത്തരവാദ ഭരണത്തിന് വേണ്ടിയും നടന്ന ഐതിഹാസിക സമരങ്ങളിൽ ഉയർന്നത്. ഒന്നോ രണ്ടോ ദിവസത്തെ കേവല സമരമായിരുന്നില്ല അത്. മാസങ്ങളോളം കോപ്പുകൂട്ടി ധീരന്മാരായ യോദ്ധാക്കൾ ഒന്നിച്ചണിനിരന്ന് ജീവൻ ബലിയർപ്പിക്കാൻ മനസ്സ് കാട്ടിയ ഐതിഹാസികമായ സമരമായിരുന്നു അരങ്ങേറിയത്. തെക്ക് അമ്പലപ്പുഴ മുതൽ വടക്ക് ചേർത്തല വയലാറും കടന്ന് പ്രകമ്പനം കൊണ്ട സമരത്തീച്ചൂളയിൽ അനേകമാളുകളാണ് രക്തസാക്ഷികളായത്. പ്രധാനം സവർണ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായുള്ള പോരാട്ടമായിരുന്നുവെങ്കിൽ ആധുനിക കാലത്ത് പോലും ആ വ്യവസ്ഥിതിയെ ചവിട്ടിപ്പുറത്താക്കാൻ കമ്യൂണിസ്റ്റ് ഭരണകർത്താക്കൾക്ക് പോലും കഴിയാത്ത സ്ഥിതിയാണ്. അതാണ് മന്ത്രി കെ. രാധാകൃഷ്ണന് നേരിടേണ്ടി വന്നതും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വെളിവാകുന്നതും. ഭരണത്തിന്റെ ഹുങ്കിൽ സവർണ മേലാളന്മാരുടെ അഴിഞ്ഞാട്ടം പതിന്മടങ്ങ് വർധിക്കുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഭരണ നിയന്ത്രണമുള്ളതിനാൽ ഇത്തരം ദുഷ്പ്രവൃത്തികൾ കണ്ടില്ലെന്ന് നടിക്കുകയോ, അല്ലെങ്കിൽ മൗനമായി സമ്മതം നൽകുകയോ ചെയ്യുകയാണ് ഇടത് സർക്കാരും.
1940 കാലഘട്ടത്തിൽ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കയർ-കർഷക-എണ്ണയാട്ട്-മത്സ്യ-ചെത്തുതൊഴിലാളികൾ കടുത്ത ദാരിദ്ര്യമനുഭവിച്ചിരുന്നു. സവർണ ജന്മിത്വത്തിന്റെ കാൽക്കീഴിൽ പുഴുക്കളെപ്പൊലെ ഞെരിഞ്ഞമർന്നു വരികയായിരുന്നു പാവപ്പെട്ട ഈ തൊഴിലാളികൾ. സവർണ ജന്മികളുടെയും അവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന ഭരണാധികാരികളുടെയും അതിക്രമങ്ങൾ ഏറ്റുവാങ്ങി നട്ടംതിരിയുന്ന സാഹചര്യമായിരുന്നു അവരുടേത്.
ഭക്ഷ്യധാന്യമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെപ്പോലെ ആലപ്പുഴയിലും വറുതി നേരിട്ടു. ഭക്ഷണം കിട്ടാത്ത ആ ഘട്ടത്തിൽ ചേർത്തല താലൂക്കിൽ മാത്രം 20,000 പേർ മരിച്ചുവെന്നാണ് കണക്ക്. അമ്പലപ്പുഴയിലും കുട്ടനാട്ടിലും അത്രത്തോളം പേർക്ക് ജീവഹാനി സംഭവിച്ചു. ഇതോടൊപ്പമാണ് സവർണ ഭരണകൂടത്തിന്റെ ഒത്താശയോടെ ഫ്യൂഡൽ പ്രഭുക്കൾ നടത്തിക്കൊണ്ടിരുന്ന ജാതീയമായ അടിച്ചമർത്തലുകൾ. ബ്രാഹ്മണനെ 32 അടി ദൂരത്തിലും നായരെ പതിനാറടി ദൂരത്തിലും തീണ്ടുന്ന ഈഴവരടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾ അനുഭവിച്ചിരുന്ന വിഷമതകൾ വാരിക്കുന്തം നിർമിക്കുന്നതിലേക്ക് അവരെ എത്തിച്ചു. താമസിക്കാൻ ഭൂമിയില്ലാതെ പാടവരമ്പത്തും മറ്റും രാത്രി കഴിച്ചുകൂട്ടേണ്ട ദുരവസ്ഥ സംജാതമായി. തൊട്ടുകൂടായ്മ ഉണ്ടെങ്കിലും പിന്നോക്ക വർഗത്തിലെ സ്ത്രീകളെ പിഴപ്പിക്കുന്നതിൽ സവർണ മേലാളന്മാർ ഒരു അയിത്തവും കാണിച്ചില്ല. സാഹചര്യങ്ങൾ കൂടുതൽ വഷളായപ്പോൾ ജാതിബോധത്തിൽനിന്ന് വർഗബോധത്തിലേക്ക് ക്രമാനുഗതമായ വളർച്ച അവർ കൈവരിച്ചു. അതിന് കമ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ളയും ടി.വി. തോമസും ആർ. സുഗതനും പി.ടി. പുന്നൂസും എസ്. കുമാരനുമൊക്കെ നേതൃപരമായ പങ്കുവഹിച്ചു.
ചൂഷണത്തിലകപ്പെട്ട തൊഴിലാളികളെ മോചിപ്പിക്കാൻ ട്രേഡ് യൂനിയനുകൾക്ക് രൂപം നൽകി. പന്ത്രണ്ടോളം യൂനിയനുകളാണ് ആലപ്പുഴ കേന്ദ്രീകരിച്ച് അക്കാലത്ത് രൂപംകൊണ്ടത്. ഇവ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരേയും പീഡനത്തിനെതിരേയും കൂട്ടമായി വിലപേശാൻ തുടങ്ങി. എന്നാൽ ജന്മിമാരാകട്ടെ, ഓരോ ദിവസവും ഭരണ പിൻബലത്തോടെ തൊഴിലാളികളെ അടിച്ചമർത്താനുള്ള വഴി തേടിക്കൊണ്ടിരുന്നു. ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കാതിരിക്കുക, കൂലി കുറയ്ക്കുക, ജോലിയിൽ നിന്ന് അകാരണമായി പിരിച്ചുവിടുക തുടങ്ങിയ ശിക്ഷണ നടപടികൾ സ്വീകരിച്ചുപോന്നു. തൊഴിലാളികളെ സംഘടിപ്പിക്കുകയും ഭരണത്തിനെതിരേ ജനങ്ങളെ കൂട്ടുകയും ചെയ്തതിന് കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. ഇതേത്തുടർന്ന് അനേകം നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തൊഴിലിടത്തിലും പിന്നോക്കക്കാർക്കിടയിലും പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകൾ രാജഭരണത്തിനെതിരേയുള്ള സമര പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നു. ആദ്യഘട്ടത്തിൽ 1946 സെപ്റ്റംബർ 15 ന് 27 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകി. നിവേദനത്തിലെ ആവശ്യങ്ങളിൽ ഒമ്പതെണ്ണം പൂർണമായും രാഷ്ട്രീയ സ്വഭാവമുള്ളവയായിരുന്നു. 'ദിവാൻ ഭരണം അവസാനിപ്പിക്കണം', 'ഭരണഘടന രൂപീകരണ സമിതിയിലേക്ക് ജനപ്രതിധികളെ അയക്കുക', 'തിരുവിതാംകൂറിന്റെ ഭാവി ഭരണഘടനക്ക് രൂപം നിശ്ചയിക്കുന്നതിനു പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധി സഭ രൂപീകരിക്കുക','എല്ലാ പാർട്ടികളെയും ക്ഷണിച്ചുകൊണ്ട് പ്രായപൂർത്തി വോട്ടവകാശത്തിന്റെ പേരിൽ പ്രതിനിധികളെ തെരഞ്ഞെടുത്ത് ഇടക്കാല സർക്കാർ സ്ഥാപിക്കുക', 'പൗരാവകാശം നിഷേധിക്കുന്ന എല്ലാ നിയമങ്ങളും പിൻവലിക്കുക', 'പത്രങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും മേൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുക', 'എല്ലാ രാഷ്ട്രീയ തടവുകാരെയും നിരുപാധികമായി വിട്ടയക്കുക' എന്നിവയായിരുന്നു രാഷ്ട്രീയ ആവശ്യങ്ങൾ. ഇത് ചർച്ച ചെയ്യാൻ ഔദ്യോഗിക വസതിയായ ഭക്തിവിലാസത്തിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ വിളിച്ച യോഗത്തിൽ ബോണസ് ഉൾപ്പെടെയുള്ള മിക്ക സാമ്പത്തികാവശ്യങ്ങളും അംഗീകരിക്കാൻ തയാറായി. എന്നാൽ രാഷ്ട്രീയാവശ്യങ്ങൾ പിൻവലിക്കണമെന്നായിരുന്നു ദിവാന്റെ ആവശ്യം. ഇത് തൊഴിലാളികൾ തള്ളി. ഇതേത്തുടർന്നായിരുന്നു തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം. 1946 ഒക്ടോബർ 20 ന് യൂനിയനും പാർട്ടിക്കും അനുബന്ധ സംഘടനകൾക്കും മേൽ ദിവാൻ നിരോധനം എർപ്പെടുത്തി. സഹികെട്ട തൊഴിലാളികൾ ഒക്ടോബർ 24 ന് പ്രകടനമായി ചെന്ന് പുന്നപ്ര പോലീസ് ക്യാമ്പ് ആക്രമിച്ചു. 'ദിവാൻ ഭരണം അവസാനിപ്പിക്കുക', 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്നീ മുദ്രാവാക്യങ്ങളായിരുന്നു അവരുയർത്തിയത്. സമരക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ 29 പേർ മരിച്ചു. തൊട്ടടുത്ത ദിവസം ദിവാൻ സർ സി.പി തിരുവിതാംകൂറിൽ പട്ടാള ഭരണം പ്രഖാപിച്ചു. ഒക്ടോബർ 26 ന് വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാൻ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികൾക്ക് നേരെ നടന്ന വെടിവെപ്പിൽ ആറ് തൊഴിലാളികൾ മരിച്ചു. ഇവരെ പാലത്തിന് സമീപം തന്നെ കുഴിച്ചുമൂടി. പിന്നീട് തൊഴിലാളികൾ ചേർത്തലക്ക് വടക്കുള്ള വയലാറിലേക്ക് പിൻവാങ്ങി. സർക്കാരിനെതിരേ തൊഴിലാളികൾ വീണ്ടും സംഘടിക്കുന്നതറിഞ്ഞ ദിവാൻ ചേർത്തലയിലും ആലപ്പുഴയിലും സൈനിക ഭരണം പ്രഖ്യാപിച്ചു. മാരാരിക്കുളത്തെ പാലം തകർന്നതിനെത്തുടർന്ന് റോഡ് മാർഗമുള്ള യാത്ര സുഗമമല്ലെന്ന് മനസ്സിലാക്കിയ പട്ടാളം ബോട്ടുകളിലെത്തിയാണ് വയലാറിലെ തൊഴിലാളി ക്യാമ്പ് ആക്രമിച്ചത്. മുളയിലും അടക്കാമരത്തിലും തീർത്ത കൂർപ്പിച്ച കുന്തങ്ങൾ, കല്ലുകൾ എന്നിവയായിരുന്നു തൊഴിലാളികളുടെ ആയുധങ്ങൾ. നിരവധി പട്ടാളക്കാരെ വാരിക്കുന്തം കൊണ്ട് തൊഴിലാളികൾക്ക് നേരിടാനായി. ഇവിടെ അമ്പതിലധികം തൊഴിലാളികൾ പട്ടാളത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഒക്ടോബർ 24 മുതൽ 27 വരെ നീണ്ടുനിന്ന സമരത്തിലും അനുബന്ധ കലാപത്തിലുമൊക്കെയായി ആയിരങ്ങളാണ് മരിച്ചുവീണത്.