തിരുവനന്തപുരം -പാഠപുസ്തകത്തില്‍ നിന്ന് ' ഇന്ത്യ ' എന്ന പേര് മാറ്റി ' ഭാരത് ' എന്നാക്കിയത് ദുഷ്ടലാക്കോടെയാണെന്ന് മന്തി വി.ശിവന്‍കുട്ടി. ഇത് സങ്കുചിത രാഷ്ട്രീയമാണ്. എന്‍ സി ഇ ആര്‍ ടിയുടെ ശുപാര്‍ശയെ കേരളം തുടക്കത്തിലെ തളളിയതാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഉയര്‍ത്തിപിടിച്ചും യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളര്‍ത്തുന്നതുമായ ഒരു പാഠ്യപദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുക. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് 33 കോടി സ്‌കൂള്‍ പ്രായമുള്ള കുട്ടികള്‍ ഉണ്ട് എന്നതാണ് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 25 കോടി കുട്ടികള്‍ മാത്രമാണ് സ്‌കൂളുകളില്‍ എത്തുന്നത്. ബാക്കി 8 കോടി കുട്ടികള്‍ വിവിധ കാരണങ്ങളാല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ പുറത്താണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിയുമ്പോഴാണ് നാം ഈ കണക്ക് പറയുന്നത്. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസം മുന്നോട്ടു പോകുകയെന്നതാണ് ശ്രദ്ധേയമായ ചോദ്യമെന്നും മന്ത്രി പറഞ്ഞു.