Sorry, you need to enable JavaScript to visit this website.

മല്ലു ട്രാവലര്‍ ഷാക്കിറിനെ അറസ്റ്റ് ചെയ്ത്  ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടു

കൊച്ചി-യുവതി നല്‍കിയ ലൈംഗിക അതിക്രമ കേസില്‍ മല്ലു ട്രാവലര്‍ എന്ന വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയതിന് പിന്നാലെയാണ് ഷാക്കിര്‍ ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചി സെന്‍ട്രല്‍ പോലീസിന് മുന്നില്‍ ഹാജരായത്. കോഴിക്കോട് സ്വദേശിയായ കൂട്ടുകാരനൊപ്പം കൊച്ചിയിലെത്തിയ സൗദി സ്വദേശിയായ യുവതിയോട് ഹോട്ടലില്‍ വെച്ച് ഷാക്കിര്‍ സുബ്ഹാന്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി.
സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഷാക്കിര്‍ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വിദേശത്തുള്ള ഷാക്കിറിനായി പോലീസ് ലുക്ക് ഒട്ട് നോട്ടീസ് ഇറക്കി നാട്ടിലെത്തിച്ച് അറസ്റ്റിന് നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ച് ഷാക്കിര്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം നേടിയത്.
അന്വേഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ രാവിലെയാണ് സെന്‍ട്രല്‍ പോലീസിന് മുന്നില്‍ ഹാജരായത്. തുടര്‍ന്ന് 5 മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഷാക്കിര്‍ സുബഹാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.എച്ച് ഒ പോലീസ് വ്യക്തമാക്കി. പരാതി വ്യാജമാണെന്നാണ് ഷാക്കിര്‍ പോലീസിന് നല്‍കിയ മൊഴിയിലും ആവര്‍ത്തിക്കുന്നത്.

Latest News