Sorry, you need to enable JavaScript to visit this website.

ബെന്‍സീമ തീവ്ര ഇസ്‌ലാം ബന്ധം മറച്ചു വെക്കുന്നു -ഫ്രഞ്ച് മന്ത്രി

അബുദാബി - തീവ്ര വലതുപക്ഷക്കാരനായ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ വീണ്ടും ഫുട്‌ബോളര്‍ കരീം ബെന്‍സീമക്കെതിരെ രംഗത്തെത്തി. അബുദാബിയിലെ ഫ്രഞ്ച് അംബാസഡറുടെ വസതിയില്‍ ഫ്രഞ്ച് ജനതയെ അഭിമുഖീകരിക്കുമ്പോഴാണ് വീണ്ടും ശക്തമായ വിമര്‍ശനമുന്നയിച്ചത്. ബെന്‍സീമ മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ ചില കാര്യങ്ങളില്‍ മാത്രം ബെന്‍സീമ അമര്‍ഷം പ്രകടിപ്പിക്കുന്നത് അതിന്റെ സൂചനയാണെന്നും അദ്ദേഹം ആരോപിച്ചു. ഗസയില്‍ ഇസ്രയേലിന്റെ നരമേധത്തെ ബെന്‍സീമ സോഷ്യല്‍ മീഡിയയില്‍ അപലപിച്ചതാണ് ദര്‍മാനിനെ ചൊടിപ്പിക്കുന്നത്. 
ബെന്‍സീമക്ക് വലിയ സാമൂഹിക ഉത്തരവാദിത്തമുണ്ടെന്ന് ദര്‍മാനിന്‍ ഉപദേശിച്ചു. എന്തിനാണ് ഒരു ഫുട്‌ബോളറുടെ ട്വീറ്റിനോട് ആഭ്യന്തര മന്ത്രി പ്രതികരിക്കുന്നത് എന്നു ചോദിക്കാം. പക്ഷെ അദ്ദേഹം രണ്ട് കോടി മനുഷ്യരെ സ്പര്‍ശിക്കുന്നുണ്ട്. എന്തിനാണ് അദ്ദേഹം രാഷ്ട്രീയ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുന്നത്? അതും ചില കാര്യങ്ങളില്‍ മാത്രം -മന്ത്രി ചോദിച്ചു. 
നീതിയില്ലാത്ത ബോംബാക്രമണത്തിന്റെ ഇരകളാണ് ഗസയെന്ന് ബെന്‍സീമ ട്വീറ്റ് ചെയ്തിരുന്നു. ഹമാസ് ആക്രമണത്തെയോ ഫ്രഞ്ച് ടീച്ചര്‍ കൊല്ലപ്പെട്ടതിനെയോ ബെന്‍സീമ വിമര്‍ശിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ പരാതി. അധ്യാപനങ്ങളിലൂടെയും ചാരിറ്റിയിലൂടെയും സംഗീതത്തിലൂടെയും പോലും ഇസ്ലാമിക, സലഫി തീവ്രവാദം പ്രചരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.  

Latest News