കല്‍പറ്റ-താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്കിന്റെ പരിഹാരത്തിനു ഉതകുന്ന ബദല്‍ പാതകള്‍ അടിയന്തരമായി യാഥാര്‍ഥ്യമാക്കുന്നതിന് രാഹുല്‍ഗാന്ധി എം.പി ഇടപെടുന്നു. ബദല്‍ റോഡ് വിഷയം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കു മുന്നില്‍ ഉന്നയിക്കുമെന്നു രാഹുല്‍ ഗാന്ധി എം.പി നിവേദനത്തിനുള്ള മറുപടിയില്‍ ടി.സിദ്ദീഖ് എം.എല്‍.എയെ അറിയിച്ചു.
വയനാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാതയുടെ ഭാഗമാണ് താമരശേരി ചുരം. ദിവസം ശരാശരി 20,000 വാഹനങ്ങളാണ് ചുരത്തിലൂടെ കടന്നുപോകുന്നത്. കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നു വയനാട്ടില്‍ എളുപ്പം എത്താനുള്ള മാര്‍മാണ് താമരശേരി ചുരം പാത. കേരളത്തിനകത്തും പുറത്തുംനിന്നുമായി അനേകരാണ് ചുരത്തിലുടെ വയനാട്ടിലെത്തുന്നതും തിരിച്ചുപോകുന്നതും. അവധി ദിനങ്ങളില്‍ ജില്ലയിലേക്കുള്ള സഞ്ചാരി പ്രവാഹം മറ്റു ദിനങ്ങളെ അപേക്ഷിച്ച് ഇരട്ടിയാകും. എന്നാല്‍ ജില്ലയിലേക്കു വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളാനു ശേഷിയും സംവിധാനങ്ങളും ചുരം പാതയിലില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ട്, കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്, മറ്റു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നതിനും താമരശേരി ചുരം പാതയാണ് വയനാട്ടുകാരുടെ മുഖ്യ ആശ്രയം. ചുരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ മണിക്കൂറുകളോളമാണ് ആംബുലന്‍സ് ഉള്‍പ്പെടെ വാഹനങ്ങള്‍ തളയ്ക്കപ്പെടുന്നത്. ആളുകള്‍ തക്കസമയം ചികിത്സ ലഭിക്കാതെ മരിച്ച സംഭവങ്ങള്‍ അനവധിയാണ്. ചുരത്തില്‍ അടിക്കടി ഉണ്ടാകുന്ന യാത്രാക്കുരുക്കിന് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസും പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡുമാണ് പരിഹാരം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം.എല്‍.എയുടെ നിവേദനം.