Sorry, you need to enable JavaScript to visit this website.

മുൻ കലക്ടറെ നഗരം വീണ്ടും ഓർത്തെടുക്കുന്നു

കോഴിക്കോട്- വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ ഇന്നും കോഴിക്കോട്ടുകാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പി.ബി. സലീം ഐ.എ.എസിനെ സാമൂതിരി രാജാവിന്റെ തട്ടകത്തിൽ വെച്ച് പൗരാവലി ആദരിക്കുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെച്ച് മികച്ച പൊതു സേവനത്തിനുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ അവാർഡ്‌നേടിയ, നിലവിൽ മുഖ്യമന്ത്രിയുടെ പ്ലാനിംഗ് ആന്റ് മോണിറ്ററിംഗ് സെക്രട്ടറി ഡോ. പി.ബി. സലീമുമായി വീണ്ടും നഗരവാസികൾക്ക് മനസ്സ് തുറന്നു സംവദിക്കുവാനുള്ള വേദി ഒരുങ്ങുന്നത് 28 ന് വൈകീട്ട് 4.30 ന് മറീനാ റെസിഡൻസിയിൽ ആണ്. 
നഗരത്തിൽ വരുന്നവരെ വേറിട്ട പല കാരണങ്ങളും വിസ്മയപ്പെടുത്താറുണ്ട്. അത്തരമൊരു അത്ഭുതപ്പെടുത്ത
ലാണ് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിനടുത്തെ ഒരു ചെറിയ ബോർഡ് അഥവാ കലക്ടറ്റേഴ്‌സ് റോഡ്. ഒരു കലക്ടർ ഒരു നഗരത്തിൽ നടത്തിയ അനേകം പ്രവർത്തനങ്ങളുടെ ബാക്കി സ്മാരകമാണത്. രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും പേരിൽ മാത്രം നടപ്പാതകൾ അറിയപ്പെടുന്ന പതിവ് രീതിയുടെ കാലത്താണ് ഒരു കലക്ടറുടെ ഔദ്യോഗിക നാമത്തിൽ തന്നെ ഈ റോഡ് വേണമെന്ന തീരുമാനത്തിൽ കോഴിക്കോട്ടുകാർ എത്തുന്നത്. അതാണ് വർഷം അനേകം പിന്നിട്ടെങ്കിലും പി.ബി. സലീം ഐ.എ.എസ് എന്ന വേറിട്ട കലക്ടറും കോഴിക്കോടുമായുള്ള ബന്ധം.
ഇലക്ഷൻ കമ്മീഷന് ഒരു നാഥനുണ്ടെന്നും അയാൾക്ക് പല അധികാരങ്ങളുണ്ടെന്നും ടി.എൻ. ശേഷൻ കമ്മീഷണറായപ്പോൾ ഇന്ത്യയിലെ സാധാരണക്കാരൻ തിരിച്ചറിഞ്ഞ പോലെ, കലക്ടറുടെ അധികാരത്തിന്റെ ശക്തി എന്തെന്ന് കോഴിക്കോട്ടുകാർ ലൈവായി കണ്ടു മനസ്സിലാക്കിയത് പലപ്പോഴും പി.ബി. സലീം കലക്ടറായിരുന്ന പ്പോഴാണെന്ന് പറയുന്നത് അൽപം അതിശയോക്തിപരമാണെന്ന് തോന്നുമെങ്കിലും അങ്ങനെ പറയാതെ വയ്യ. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. തുരന്തോ എക്‌സ്പ്രസ്സിൽ ഉണ്ടായ ഭക്ഷ്യവിഷബാധ. ജനപ്രതിനിധികൾ അടക്കമുള്ളവരുടെ മുന്നിൽ പാൻ ട്രി കാറിന്റെ ഉത്തരവാദിത്തമുള്ള മെഡിക്കൽ ഓഫീസർ, ഉത്തരം പറയാതെ ഒഴിഞ്ഞു മാറിക്കളിച്ച സമയത്താണ് കലക്ടറായിരുന്ന പി.ബി. സലീം കയറി വരുന്നത്. 
'അയാം ദ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റർ, ഐ വാണ്ട് വിത്തിൻ 24 ഹവേഴസ്....'  എന്ന ഒറ്റ ഇംഗ്ലീഷ് ഡയലോഗിൽ ഓഫീസർ മര്യാദക്കാരനായി മാറിയ കഥ. പിറ്റേന്ന് പത്രങ്ങളുടെ മെട്രോ കളിൽ മമ്മുട്ടിയുടെ അലക്‌സ് തേവള്ളി പറമ്പിൽ ഐ.എ.എസ് എന്ന സിനിമാ കഥാപാത്രത്തിനുമപ്പുറമെത്തിയ അധികാരമുള്ള യഥാർഥ കലക്ടറെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോഴും കോഴിക്കോട്ടുകാരുടെ മനസ്സിലുള്ളത്.
മനുഷ്യ മനസ്സുകളിൽ സന്തോഷത്തിന്റെ വിത്തുകൾ പാകുവാൻ ഓണക്കാലത്ത് ഒരുക്കിയ ഗിന്നസ് ബുക്ക് ഓഫ് റിക്കോർഡിൽ വരെ പേരു വന്ന മൈത്രിയുടെ കൂറ്റൻ സ്‌നേഹപൂക്കളം, തളി ക്ഷേത്രം, കുറ്റിച്ചിറ പരിസരങ്ങളുടെ നവീകരണത്തിനായി സി.എസ്.ആർ ഫണ്ട് സംഘടിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങൾ, സാന്ത്വനത്തിന്റെ സ്‌നേഹ സ്പർശം, അരിക്ഷാമം രൂക്ഷമായപ്പോൾ ബംഗാളിൽ നിന്ന് അരികൊണ്ടുവന്നത്, പുഷ്പാ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് അൽപമെങ്കിലും ആശ്വാസം പകരുവാനുള്ള, ഇന്നും നാട്ടുകാർ ഓർക്കുന്ന കലക്ടേഴ്‌സ് റോഡ്.... അങ്ങനെ അനേകം കഥകളാണ് ഇവിടുത്തുകാർക്ക് അയവിറക്കുവാനുള്ളത്. ഇവിടെ നിന്നും യാത്ര പറഞ്ഞു പോകുമ്പോൾ, കോഴിക്കോട് ബീച്ചിൽ വെച്ച് നടത്തിയ യാത്രയയപ്പ് ചടങ്ങിൽ തടിച്ചു കൂടിയ പൗരാവലിയുടെ സാന്നിധ്യം അടിവരയിട്ടതുമിതു തന്നെയാണ്.
സംവാദപരിപാടി മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കലക്ടർ സ്‌നേഹിൽ കുമാർ സിങ്ങ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, സഫീർ സഖാഫി, അഡ്വ. ഗോവിന്ദ് ചന്ദ്ര ശേഖരൻ, കെ.പി. സുധീര, എം. ഫിറോസ് ഖാൻ, ഡോ. പി.പി. വേണുഗോപാൽ, പി.കെ. അഹമ്മദ്, എം.വി. റംസി ഇസ്മായിൽ, ആർ. ജയന്ത് കുമാർ എന്നിവർ സംസാരിക്കും.

Latest News