നീതിയും നിയമവുമൊന്നും ഇസ്രായിലിന്റെ പുസ്തകത്തിലില്ലെന്ന് അവിടെ നടക്കുന്ന ഓരോ സംഭവവും കാണിച്ചുതരുന്നു. ആശുപത്രിക്ക് മീതെ ബോംബിട്ട ഇസ്രായിലി ക്രൂരതയെക്കുറിച്ച്, ക്രൈസ്തവ ദേവാലയത്തിനും ചികിൽസ സംഘത്തിനും നേരെ കനത്ത ബോംബാക്രമണം നടത്തിയ ഇസ്രായിലി ഹിംസയെക്കുറിച്ച് ആധുനിക ലോകത്തിന് ഒന്നും പറയാനില്ല. പകരം സംസ്‌കാര സമ്പന്നരെന്ന് നടിക്കുന്ന ചില ലോകരാജ്യങ്ങളിലെ ഭരണാധികാരികൾ ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന നരമേധത്തിന് പരസ്യമായി പച്ചക്കൊടി വീശുന്നു.
സൗദി വിദേശകാര്യ മന്ത്രിയായിരുന്ന, ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത സൗദ് അൽ ഫൈസൽ രാജകുമാരൻ മുമ്പൊരു പടിഞ്ഞാറൻ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു: ഇസ്രായിലിന്റെ സ്വയം പ്രതിരോധം എന്നത് അന്താരാഷ്ട്ര നീതിയിലധിഷ്ഠിതമാണ് എന്നാണല്ലോ താങ്കൾ പറഞ്ഞുവരുന്നത്. തീർത്തും അന്യായമായ രീതിയിൽ അധിനിവേശം നടത്തിയ രാജ്യമാണ് ഇസ്രായിൽ. അനീതിയിൽ പിറന്ന അങ്ങനെയുള്ള ഒരു രാജ്യത്തിന് അന്താരാഷ്ട്ര നീതിയെക്കുറിച്ചും നിയമത്തെക്കുറിച്ചും സംസാരിക്കാൻ എന്ത് അവകാശമാണുള്ളത്? മറ്റൊരു രാജ്യത്തിന്റെ സ്വതന്ത്രമായ അവകാശങ്ങളിലേക്ക് ഹീനമായ രീതിയിൽ കടന്നുകയറിയ ഇസ്രായിലിന് ലോകനീതിയെക്കുറിച്ചും ആഗോള മര്യാദയെക്കുറിച്ചുമെല്ലാം സംസാരിക്കാൻ എന്തെങ്കിലും അവകാശമുണ്ടോ?
പക്ഷേ ചരിത്രത്തിന്റെ വിപര്യയമാകാം, നീതിയും നിയമവുമൊന്നും ഇസ്രായിലിന്റെ പുസ്തകത്തിലില്ലെന്ന് അവിടെ നടക്കുന്ന ഓരോ സംഭവവും കാണിച്ചുതരുന്നു. ആശുപത്രിക്ക് മീതെ ബോംബിട്ട ഇസ്രായിലി ക്രൂരതയെക്കുറിച്ച്, ക്രൈസ്തവ ദേവാലയത്തിനും ചികിൽസ സംഘത്തിനും നേരെ കനത്ത ബോംബാക്രമണം നടത്തിയ ഇസ്രായിലി ഹിംസയെക്കുറിച്ച് ആധുനിക ലോകത്തിന് ഒന്നും പറയാനില്ല. പകരം സംസ്‌കാര സമ്പന്നരെന്ന് നടിക്കുന്ന ചില ലോകരാജ്യങ്ങളിലെ ഭരണാധികാരികൾ ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന നരമേധത്തിന് പരസ്യമായി പച്ചക്കൊടി വീശുന്നു.
പടിഞ്ഞാറൻ മാധ്യമങ്ങൾ അവരുടെ സർക്കാരുകളുടെ മറപിടിച്ച് ഇസ്രായിലിലെ കുട്ടികളെ ഫലസ്തീനികൾ കൊലപ്പെടുത്തുവെന്ന നുണപ്രചാരണം ഏറ്റുപിടിക്കുന്നു. ഒരു തെളിവും ഹാജരാക്കാനാകാതെ ഈ പെരുംനുണകളത്രയും പിന്നീട് ചീറ്റിപ്പോകുന്നു. ഫലസ്തീനികൾ കുട്ടികളെ വധിക്കുന്നുവെന്ന വലിയ നുണ സംപ്രേഷണം ചെയ്ത ചാനൽ റിപ്പോർട്ടർ പിന്നീട് ആ കള്ളവാർത്ത നിർലജ്ജം തൊണ്ടതൊടാതെ വിഴുങ്ങി മാപ്പ് പറയുന്നു.
നൂറുകണക്കിന് ഫലസ്തീനി കുട്ടികൾക്കാണ് ഇസ്രായിലിന്റെ ബോംബാക്രമണത്തിൽ ജീവൻ നഷ്ടമായത്. പലർക്കും അംഗഭംഗം നേരിട്ടു. ഗുരുതരമായി പരിക്കേറ്റു. അൽഅഹ്‌ലി അറബ് ആശുപത്രിയിലെ ബോംബാക്രമണത്തിൽ എത്ര ഫലസ്തീനികൾക്ക് ജീവഹാനി സംഭവിച്ചുവെന്ന് ഒരു അന്താരാഷ്ട്ര ഏജൻസിയും കണക്കെടുത്തിട്ടില്ല. മനുഷ്യരായിട്ടുപോലും ഫലസ്തീനികളെ പരിഗണിക്കാൻ അവർക്കാവുന്നില്ല. ഇസ്രായിലി പ്രതിരോധ മന്ത്രി ഫലസ്തീനികളെ വിശേഷിപ്പിച്ചത് മനുഷ്യ മൃഗങ്ങൾ എന്നാണെന്ന കാര്യമോർക്കുക. ഏറ്റവും നിന്ദ്യമായ ഈ വംശീയ അഭിസംബോധനയെക്കുറിച്ചും പടിഞ്ഞാറൻ മാധ്യമങ്ങൾ ഒരക്ഷരം ഉരിയാടിയില്ല. യഥാർഥത്തിൽ പലപ്പോഴും അവരവരുടെ ഗവൺമെന്റുകളെ മൃദുവായെങ്കിലും വിമർശിക്കാറുള്ള ഈ പാശ്ചാത്യ മാധ്യമ ലോബി, ഇസ്രായിലിന്റെ നൃശംസതയെക്കുറിച്ച് കുറ്റകരമായ നിശ്ശബ്ദതയാണ് ഇന്നോളം പാലിച്ചുപോരുന്നത്. ഒരൊറ്റ പടിഞ്ഞാറൻ മാധ്യമ പ്രവർത്തകനും ഇസ്രായിലിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ധൈര്യമില്ല. സ്വന്തം മുഖം മറച്ചുവെക്കാനും തങ്ങൾ നിഷ്പക്ഷരാണെന്ന് നടിക്കാനുമുള്ള തത്രപ്പാടിൽ പലപ്പോഴും പെരുംകള്ളങ്ങൾ വിളമ്പുകയാണവർ. റിപ്പോർട്ടിംഗിലെ ചില 'ചെറിയ തെറ്റുകളു' ടെ പേരിൽ പിന്നീട് ഇവർ കുമ്പസരിക്കുകയും ചെയ്യുന്നു!
നിരന്തരം യുദ്ധക്കുറ്റങ്ങൾ ചെയ്തുകൂട്ടുന്ന ഇസ്രായിലിന്റെ കാര്യത്തിൽ അന്താരാഷ്ട്ര നീതിലംഘനം കാണാത്ത പടിഞ്ഞാറൻ നേതാക്കളും മാധ്യമങ്ങളും അക്രമത്തെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കുന്ന വിരോധാഭാസമാണ് കണ്ടുവരുന്നത്. 2010 ൽ തുർക്കിയുടെ കപ്പലിൽ ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷ്യപദാർഥങ്ങളെത്തിച്ചപ്പോൾ കപ്പലിനെ ഉപരോധിക്കുകയും കപ്പലിനകത്ത് കയറി ജീവകാരുണ്യപ്രവർത്തകരെ തടയുകയും ചെയ്ത ഇസ്രായിലിന്റെ മനുഷ്യത്വരഹിതമായ നീക്കം ലോകം വിസ്മരിച്ചിട്ടില്ല. അന്ന് കപ്പലിലുണ്ടായിരുന്ന ഒമ്പത് സന്നദ്ധ പ്രവർത്തകരെ ഇസ്രായിലി സേന കൊലപ്പെടുത്തുകയും നൂറുകണക്കിനാളുകളെ തടവിലാക്കുകയും ചെയ്തു. അന്താരാഷ്ട്ര ജലാതിർത്തി നിയമം അക്ഷരംപ്രതി അനുസരിച്ച്, അവശ്യ സാധനങ്ങളുമായി ഗാസയിലേക്ക് നീങ്ങിയ ടർക്കിഷ് കപ്പലിനു നേരെയുണ്ടായ ഈ അക്രമത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഒരൊറ്റ പടിഞ്ഞാറൻ രാജ്യവും പ്രതികരിച്ചില്ല. അവരത്രയും ഈ നിഷ്ഠുരതക്കു നേരെ കണ്ണടച്ചു. അന്താരാഷ്ട്ര നിയമങ്ങളെയാകെ കാറ്റിൽ പറത്തി ഈ ലോകത്ത് ജന്മംകൊണ്ട ഒരു രാഷ്ട്രം വ്യവസ്ഥാപിതമായ എല്ലാ അന്താരാഷ്ട്ര നീതിയും മര്യാദയും നഗ്നമായി ലംഘിക്കുന്നതിൽ തെല്ലും ആശ്ചര്യമില്ല. ഇസ്രായിൽ ചെയ്തുകൂട്ടിയ നീതിനിഷേധം ചരിത്രത്തിലുടനീളം കാണാനാവും.
ഫലസ്തീനി കുട്ടികളും സ്ത്രീകളും പുരുഷന്മാരുമെല്ലാം കൊല്ലപ്പെടുകയും മുറിവേൽക്കപ്പെടുകയും ചെയ്യുന്ന മഹാദുരന്തം ആവർത്തിക്കപ്പെടുമ്പോൾ ഇസ്രായിലി അക്രമത്തെ യാതൊരു ചാഞ്ചല്യവുമില്ലാതെ ന്യായീകരിക്കുന്നവർ എന്ത് നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്? മറക്കാതിരിക്കുക, ഇത് അന്താരാഷ്ട്ര മര്യാദയോ ലോകനീതിയോ അല്ല. സയണിസ്റ്റ് ഹിംസയുടെ വംശാവലിയാണ്, കറകളഞ്ഞ കാട്ടുനീതിയാണ്.