കയ്‌റോ- കാണാതായ കോഴിയെച്ചൊല്ലി ഒരു ഗ്രാമത്തിലെ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർക്ക് പരിക്ക്. അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്‌റോക്ക് സമീപത്തെ ഇംബാബ ഗ്രാമത്തിലാണ് ഉദ്വേഗജനകമായ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ കോഴിയെ അയൽക്കാരി ഒളിപ്പിച്ചുവെന്ന് പറഞ്ഞ് രണ്ട് സ്ത്രീകൾ തമ്മിലുള്ള തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. കോഴി ഉണ്ടോയെന്ന് പരിശോധിക്കാൻ തുനിഞ്ഞ യുവതിയെ തടഞ്ഞതോടെ വഴക്കായി. ഇത് പിന്നീട് രണ്ട് പേരുടെയും കുടുംബങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ, ഇരുവിഭാഗവും ആയുധങ്ങൾ പ്രയോഗിച്ചതോടെ രംഗം വഷളായി. വിവരമറിഞ്ഞെത്തിയ പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേരെ അറസ്റ്റ് ചെയ്ത പോലീസ് ഇരുവീടുകൾക്കും കാവൽ ഏർപ്പെടുത്തി.