Sorry, you need to enable JavaScript to visit this website.

കരുവന്നൂർ കള്ളപ്പണ കേസ്: അരവിന്ദാക്ഷനെതിരെ ശബ്ദരേഖ തെളിവാക്കി ഇ.ഡി

കൊച്ചി- കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമാക്കുന്ന ശബ്ദരേഖയടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യപ്രതിയായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ്‌കുമാറും പി ആർ അരവിന്ദാക്ഷനും തമ്മിലുള്ള ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖയാണ് മുദ്രവെച്ച കവറിൽ ഇ ഡി ഇന്നലെ കലൂരിലെ പി എം എൽ എ കോടതിയിൽ ഹാജരാക്കിയത്. ജാമ്യാക്ഷേയിൽ കോടതി വെള്ളിയാഴ്ച വിധി പറയും. ഇ ഡിക്കെതിരെ പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് നൽകിയ ഹർജിയിലും 27ന് കോടതി വിധി പറയുമെന്നാണ് സൂചന. 

പി.ആർ.അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയും ഇ ഡിക്കെതിരായ ഹർജികളുമാണ് ഇന്നലെ കോടതി പരിഗണിച്ചത്. ഇ ഡി യാതൊരു തെളിവുകളുമില്ലാതെ കള്ളക്കഥകൾ മെനയുകയാണെന്ന് പെരിങ്ങണ്ടൂർ ബാങ്കിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളുമായി ഒരു ബന്ധമവുമില്ലാത്ത പെരിങ്ങണ്ടൂർ ബാങ്കിനെ കരിവാരിത്തേക്കുന്ന നടപടികളാണ് ഇ ഡിയുടെ ഭാഗത്തു നിന്നുണ്ടായത്. പി ആർ അരവിന്ദാക്ഷന്റെ അമ്മയുടേതെന്ന പേരിൽ മറ്റൊരു സ്ത്രീയുടെ എക്കൗണ്ട് വിവരങ്ങൾ വെച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുയർത്തി. ബാങ്ക് സെക്രട്ടറിയെയും ജീവനക്കാരെയും പലവട്ടം അനാവാശ്യമായി വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇ ഡിയുടെ ഇത്തരം നടപടികൾ ബാങ്കിൽ പണം നിക്ഷേപിച്ചിട്ടുള്ള ആയിരക്കണക്കിനാളുകളിൽ അനാവശ്യമായ ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചെന്നും അഭിഭാഷകൻ വാദിച്ചു.

Latest News