ജിദ്ദ - ഗാസക്കു മേൽ അടിച്ചേൽപിച്ച ഉപരോധം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിന് ന്യായീകരണമില്ലെന്നും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് യു.എൻ ആസ്ഥാനത്ത് അറബ് ഗ്രൂപ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സൗദി വിദേശ മന്ത്രി പറഞ്ഞു. റിലീഫ് വസ്തുക്കൾ ഗാസയിൽ പ്രവേശിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ പര്യാപ്തമായ അളവിലല്ല. ഭക്ഷ്യവസ്തുക്കൾ യാതൊരുവിധ നിയന്ത്രണങ്ങളും ഉപാധികളും കൂടാതെ ഗാസയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണം. ഗാസ ഉപരോധം എടുത്തുകളയണമെന്നതാണ് തങ്ങളുടെ അടിസ്ഥാന ആവശ്യം.
ഇക്കാര്യത്തിൽ ശ്രമങ്ങൾ തുടരും. അമേരിക്ക അടക്കം മുഴുവൻ അന്താരാഷ്ട്ര പങ്കാളികളുമായും ഇക്കാര്യത്തിൽ ആശയവിനിമയങ്ങൾ തുടരുകയാണ്. ഗാസയിൽ റിലീഫ് വസ്തുക്കൾ എത്തിക്കാൻ സുരക്ഷിതമായ ഇടനാഴികൾ ലഭ്യമാക്കണം. ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കുകയും യഥാർഥ സമാധാന പ്രക്രിയ ആരംഭിക്കുകയും വേണം. പശ്ചിമേഷ്യൻ പ്രശ്‌നത്തിന് നീതിപൂർവകമായ പരിഹാരമില്ലാതെ മേഖലയിൽ സമാധാനമുണ്ടാകില്ല. ഗാസയിലെ വെടിനിർത്തൽ മാനുഷിക കടമയാണെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.