ജിദ്ദ - രക്തക്കൊതി മാറാത്ത ഇസ്രായിലിന്റെ ഫലസ്തീൻ യുദ്ധവുമായി ബന്ധപ്പെട്ട് യു.എൻ രക്ഷാ സമിതി നിഷ്‌ക്രിയത്വത്തിനെതിരെ ആഞ്ഞടിച്ച് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. ഈ മാസം രക്ഷാ സമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന ബ്രസീൽ വിദേശ മന്ത്രി മൗറൊ വിയീറയുടെ ആഹ്വാന പ്രകാരം ഫലസ്തീൻ പ്രശ്‌നം വിശകലനം ചെയ്യാൻ ചേർന്ന രക്ഷാ സമിതിയുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. ഏതു കക്ഷിയും സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നതിനെ സൗദി അറേബ്യ അപലപിക്കുന്നു. ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങളും കൺവെൻഷനുകളും പാലിക്കാനും സൗദി അറേബ്യ ആഹ്വാനം ചെയ്തിട്ടുണ്ട്.
രക്തരൂക്ഷിതമായ ആക്രമണങ്ങളുടെ ചക്രങ്ങൾക്ക് അറുതി വരുത്തുന്ന അടിയന്തിരവും പ്രായോഗികവുമായ ഒരു പരിഹാരമുണ്ടാക്കാൻ സൗഹൃദ രാജ്യങ്ങളുമായി സൗദി ഭരണാധികാരികൾ ശക്തമായ ആശയവിനിമയങ്ങൾ നടത്തിയിട്ടുണ്ട്. പൊതുവായ മാനുഷിക സിദ്ധാന്തങ്ങളും അന്താരാഷ്ട്ര നിയമങ്ങളും കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുള്ള പരാജയത്തിലും ഫലസ്തീനിലെ ദാരുണമായ സാഹചര്യങ്ങൾ പരിഹരിക്കാൻ കഴിയാത്തതിലും നിരായുധരായ സാധാരണക്കാരോട് കാണിക്കുന്ന വഞ്ചനയിലും സൗദി അറേബ്യക്ക് വലിയ നിരാശയുണ്ട്.
ഗാസയിലെ ഫലസ്തീൻ ജനത ഇസ്രായിലിന്റെ നിരന്തര ഉപരോധത്തിന്റെയും ആക്രമണത്തിന്റെയും ദുരിതങ്ങൾ അനുഭവിക്കുന്നു. സിവിലിയൻ സ്ഥാപനങ്ങളും സ്‌കൂളുകൾ, ആശുപത്രികൾ, പശ്ചാത്തല സൗര്യങ്ങൾ എന്നിവ പോലെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ഇസ്രായിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നു. സ്ത്രീകളും കുട്ടികളും വയോജനങ്ങളും അടക്കം ആയിരക്കണക്കിന് നിരപരാധികൾ ഇസ്രായിലി ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസ നിവാസികൾക്കെതിരായ ഇസ്രായിലിന്റെ കൂട്ടായ ശിക്ഷയും നിർബന്ധിത കുടിയൊഴിപ്പിക്കൽ ശ്രമങ്ങളും ഉടനടി അവസാനിപ്പിക്കാൻ നടപടികളെടുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന ഉദാസീനത നമ്മളെല്ലാവരും ആഗ്രഹിക്കും പ്രകാരമുള്ള സുരക്ഷയും സ്ഥിരതയുമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.