കൊച്ചി - കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായരാണ് (24) മരണത്തിന് കീഴടങ്ങിയത്. പാഴ്‌സലായി ഹോട്ടലില്‍ നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായത്. കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്നാണ് രാഹുല്‍ പാഴ്‌സല്‍ ഷവര്‍മ വാങ്ങിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. കാക്കനാട് സെസ്സിലെ ജീവനക്കാരനായ രാഹുല്‍ കാക്കനാട് വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവര്‍മ്മ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് വിഭാഗം എത്തി ഹോട്ടല്‍ പൂട്ടിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുലിന്റെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.