Sorry, you need to enable JavaScript to visit this website.

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ

കൊച്ചി-വാളയാര്‍ സഹോദരിമാര്‍ മരിച്ച കേസിലെ നാലാം പ്രതിയെ ആലുവയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി കുട്ടി മധു എന്ന മധുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവ ബിനാനിപുരത്തെ ഫാക്ടറിക്കുള്ളിലാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.പൂട്ടിക്കിടക്കുന്ന ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു മധു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു. കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല.

വാളയാറിലെ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയാണ് മധു. 2021 ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.പിന്നാലെ കേസ് സിബിഐക്ക് വിട്ടു. 

2017 മാര്‍ച്ച് 12ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പ്രദീപ് കുമാര്‍ പിന്നീട് ജീവനൊടുക്കി.

Latest News