Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായി തുടരുന്നു;  വിസിമാരില്ലാതെ ഏഴ് സര്‍വകലാശാലകള്‍

തിരുവനന്തപുരം-കേരള സര്‍വകലാശാലയില്‍ സ്ഥിരം വിസി ഇല്ലാതായിട്ട് ഒരു വര്‍ഷം പിന്നിട്ടു. സര്‍ക്കാറും ഗവര്‍ണറും തമ്മിലെ തര്‍ക്കം തുടരുന്നതിനാല്‍ കേരള അടക്കം 7 സര്‍വകലാശാലകളില്‍ വിസിമാരില്ലാത്ത സാഹചര്യമാണ്. അതേസമയം, ഗവര്‍ണറുടെ ഒപ്പ് കാത്ത് ബില്ലുകള്‍ കെട്ടിക്കിടക്കുകയാണ്. സര്‍വകലാശാല ഭേദഗതി ബില്ലിലും  ചാന്‍സിലര്‍ ബില്ലിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടരുമ്പോള്‍ സര്‍വ്വകലാശാലകളിലെ വിസിമാരുടെ നിയമനം അവതാളത്തിലാവുകയാണ്.
ഡോ.മോഹന്‍ കുന്നുമ്മല്‍ ആരോഗ്യ സര്‍വ്വകലാശാലയിലും കേരളയിലും മാറി മാറി വിസിയായി തുടരുകയാണ്.സ്ഥിരം വിസിക്കായുള്ള കേരള സര്‍വകലാശാലയുടെ കാത്തിരിപ്പ് ഒരു വര്‍ഷം പിന്നിട്ടു. ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തിന്റെ പ്രധാനകേന്ദ്രം കൂടിയായിരുന്നു കേരള സര്‍വകലാശാല. വിസി മഹാദേവന്‍ പിള്ളയുടെ കാലാവധി തീരാനിരിക്കെ ഗവര്‍ണ്ണര്‍ പുതിയ വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കി. ഗവര്‍ണ്ണറുടേയും യുജിസിയുടേയും പ്രതിനിധിയെ വെച്ചു. പക്ഷെ സര്‍വ്വകലാശാല പ്രതിനിധിയെ നല്‍കിയില്ല. ഇതിനിടെ സര്‍ക്കാര്‍ 3 അംഗ സര്‍ച്ച് കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സര്‍വ്വകലാശാലാ നിയമഭേഗദതി ബില്‍ കൊണ്ടുവന്നു.നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഇതുവരെ ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല. ഇതോടെ ഇന്‍ചാര്‍ജ്ജ് ഭരണത്തിലായി കേരള സര്‍വകലാശാല. കേരളയില്‍ മാത്രമല്ല, എംജി, കുസാറ്റ്, മലയാളം, ഫിഷറീസ്, അഗ്രികള്‍ച്ചര്‍. കെടിയു എന്നിവിടങ്ങളിലുമില്ല സ്ഥിരം വിസിമാര്‍. എല്ലായിടത്തും ചുമതലക്കാര്‍ മാത്രമാണ് നിലവിലുള്ളത്. സെര്‍ച്ച് കമ്മിറ്റിയെ മാറ്റാനുള്ള ബില്‍ മാത്രമല്ല ചാന്‍സ്ലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണ്ണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസ്സാക്കി രാജ്ഭവനില്‍ കെട്ടിക്കിടക്കുന്നുണ്ട്. സര്‍ക്കാറും ഗവര്‍ണ്ണറും ഒരിഞ്ചും വിട്ടുവീഴ്ചയില്ലാതെ ഉടക്കില്‍ തുടരുമ്പോഴാണ് സര്‍വ്വകലാശാലകളില്‍ വിസിയില്ലാത്ത സ്ഥിതി. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണ്ണര്‍ക്കെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അക്കാര്യത്തിലും സര്‍ക്കാരില്‍ നിന്ന് തീരുമാനമായില്ല.

Latest News