കാസര്‍കോട്- മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കൂട്ടുപ്രതികളായ ബി. ജെ. പിയുടെ കാസര്‍ക്കോട് ജില്ലയിലെ നേതാക്കളും ബുധനാഴ്ച കോടതിയില്‍ ഹാജരാകണം. കേസില്‍നിന്ന് വിടുതല്‍ നല്‍കണമെന്ന സുരേന്ദ്രന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
കേസില്‍ ഇതുവരെ പ്രതികളാരും കോടതിയില്‍ എത്തിയിരുന്നില്ല. വിടുതല്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നായിരുന്നു സുരേന്ദ്രനും മറ്റു പ്രതികളും വാദിച്ചിരുന്നത്. എന്നാല്‍, നിര്‍ബന്ധമായും 25ന് കോടതിയില്‍ ഹാജരാകണമെന്ന് പത്താം തിയ്യതി ജില്ലാ സെഷന്‍സ് കോടതി ഉത്തരവിടുകയായിരുന്നു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഒന്നാം പ്രതി. ബി. ജെ. പി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കെ. മണികണ്ഠ റൈ, വൈ. സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് കെ. സുരേന്ദ്രനോടൊപ്പമുള്ള മറ്റു പ്രതികള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി. എസ്. പി സ്ഥാനാര്‍ഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശപ്പത്രിക പിന്‍വലിപ്പിച്ചെന്നും കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് കേസ്.
തട്ടിക്കൊണ്ടുപോയെന്ന് കെ. സുന്ദര വെളിപ്പെടുത്തിയതിന് പിന്നാലെ മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി വി. വി. രമേശന്‍ കോടതിയെ സമീപിച്ചതോടെ ബദിയടുക്ക പോലീസ് കേസെടുക്കുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയ കേസ് പട്ടികജാതി- പട്ടികവര്‍ഗ അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാവകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.