Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ സമൂഹവുമായും ബിസിനസ് പ്രമുഖരുമായും മന്ത്രി പിയൂഷ് ഗോയല്‍ സംവദിച്ചു

റിയാദ്- ദ്വിദിന സന്ദര്‍ശനത്തിന് റിയാദിലെത്തിയ ഇന്ത്യന്‍ വ്യവസായ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സമൂഹവുമായും ബിസിനസ് പ്രമുഖരുമായും സംവദിച്ചു. ഏഴാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ക്ലൈവില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം എംബസിയിലെത്തിയത്.

വൈകുന്നേരം എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ബിസിനസ് മീറ്റില്‍ എം.എ യൂസഫലി അടക്കമുള്ള സൗദിയിലെ വിവിധ ഇന്ത്യന്‍ ബിസിനസ് പ്രമുഖര്‍ സംബന്ധിച്ചു.പിന്നീട് ഇന്ത്യന്‍ സമൂഹവുമായും മന്ത്രി സംവദിച്ചു. അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. 


ഇന്ത്യയുമായി ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രരമായ ബിസിനസ് പങ്കാളികളില്‍ ഒന്നാണ് സൗദി അറേബ്യയെന്നും ഇന്ത്യ സൗദി ബന്ധത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.  ഈ സാമ്പത്തിക വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 52.75 ബില്യണ്‍ ഡോളറിലെത്തി നില്‍ക്കുകയാണ്. ഇത് റെക്കോര്‍ഡ് വളര്‍ച്ചയാണ്. ഇന്ത്യയുടെ പ്രധാന ഊര്‍ജ വിതരണക്കാരില്‍ ഒന്നാണ് സൗദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി 2019 ല്‍ രൂപീകരിച്ച ഇന്ത്യ സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ വഴി ഊര്‍ജ സുരക്ഷ, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളില്‍ സഹകരണം ശക്തമായി. വരും വര്‍ഷങ്ങളിലും ശക്തമായ ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്, വ്യവസായ ധാതു വിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറയ്യിഫ്  എന്നിവരടക്കം നിരവധി പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Latest News