തിരുവനന്തപുരം- ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടു കോടി രൂപ വാങ്ങിയത് മടക്കിക്കൊടുക്കണമെന്നു തീരുമാനിച്ച സിപിഎം കേന്ദ്രകമ്മിറ്റി എന്തുകൊണ്ടാണ് ഒന്നേമുക്കാല്‍ കോടി രൂപ കരിമണല്‍ കര്‍ത്തായില്‍ നിന്ന് വാങ്ങിയത് മടക്കിക്കൊടുക്കാന്‍ തീരുമാനിക്കാത്തതെന്ന് ജി. ശക്തിധരന്‍. ഈ തുക ഒന്നേമുക്കാല്‍ കോടി കൊണ്ടോ അഞ്ചുകോടി കൊണ്ടോ പത്തുകോടി കൊണ്ടോ തീരില്ല എന്നതുകൊണ്ടല്ലേ ഈ ഒളിച്ചോട്ടമെന്നും ഫെയ്‌സ് ബുക്ക് കുറിപ്പില്‍ അദ്ദേഹം ചോദിച്ചു. ഇതില്‍ ആരൊക്കെ എത്രയൊക്കെ കമ്മീഷന്‍ എടുത്തുവെന്നും ജി. ശക്തിധരന്‍ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം..
ഉത്തരം കിട്ടാത്ത സമസ്യയായി എന്റെ മുന്നില്‍ ഇപ്പോഴും തുടരുന്ന ചോദ്യം , ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടു കോടി രൂപ വാങ്ങിയത് മടക്കിക്കൊടുക്കണമെന്നു തീരുമാനിച്ച സിപിഎം കേന്ദ്രകമ്മിറ്റി എന്തുകൊണ്ടാണ് ഒന്നേമുക്കാല്‍ കോടി രൂപ കരിമണല്‍ കര്‍ത്തായില്‍ നിന്ന് വാങ്ങിയത് മടക്കിക്കൊടുക്കാന്‍ തീരുമാനിക്കാത്തത്? ഇതെന്താ ഒരേ കടയില്‍ രണ്ടു കച്ചവടമോ? ഈ തുക ഒന്നേമുക്കാല്‍ കോടി കൊണ്ടോ അഞ്ചുകോടി കൊണ്ടോ പത്തുകോടി കൊണ്ടോ തീരില്ല എന്നതുകൊണ്ടല്ലേ ഈ ഒളിച്ചോട്ടം? ഇതില്‍ ആരൊക്കെ എത്ര യൊക്കെ കമ്മീഷന്‍ എടുത്തു.
യഥാര്‍ത്ഥത്തില്‍, സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ഇടപാട് അടക്കം പാര്‍ട്ടിയെ വഞ്ചിച്ചു നേടിയ വന്‍ തുകകള്‍ ഒരടഞ്ഞ അദ്ധ്യായമായിരിക്കട്ടെ എന്ന് ആഗ്രഹിച്ചാണ് അതൊന്നും പുറത്തുവരാതെ ഞാന്‍ മൗനം ഭജിച്ചത്. മാത്രമല്ല
പിണറായി വിജയനോടുള്ള വിദ്വേഷമാണ് എന്റെ പോസ്റ്റുകളുടെ ലക്ഷ്യമെന്നു പാര്‍ട്ടിയിലെ കാളികൂളി സംഘം നടത്തുന്ന പ്രചാരണംകൂടി കനത്തപ്പോള്‍ സ്വാഭാവികമായും ഞാന്‍ ഒറ്റപ്പെട്ടു.
എനിക്ക് ഏതെങ്കിലും പാര്‍ട്ടിയോട് അനുഭാവമോ ഏതെങ്കിലും പാര്‍ട്ടിക്കു എന്നോട് ഐക്യദാര്‍ഢ്യം പോലുമോ ഇല്ലാത്ത സ്ഥിതിയില്‍ എന്റെ അവസ്ഥ ആര്‍ക്കും ഊഹിക്കാം. ഒരു സാഹസിക മാധ്യമപ്രവര്‍ത്തനമാണ് ജന്മംകൊണ്ട നാള്‍ മുതല്‍ ജനശക്തി നടത്തുന്നത്. പക്ഷെ ലോട്ടറി രാജാവുമായുള്ള അവിശുദ്ധബന്ധം ആദ്യമായി ലോകത്തിന് മുന്നില്‍ കൊണ്ടുവന്നത് ഞാനാണെന്ന സത്യം ആര്‍ക്കും അറിയില്ല. പത്രപ്രവര്‍ത്തനത്തില്‍ ഏറ്റവും വലിയ മൂല്യങ്ങള്‍ സൂക്ഷിക്കുന്നതാരെന്നു സൂക്ഷ്മ നിരീക്ഷണം നടത്തി ഷോര്‍ട് ലിസ്റ്റ് ചെയ്തു കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനാണ് ആ വെടിപൊട്ടിച്ചത്. എന്റെ കണക്ക് തെറ്റിയില്ല. ആ വാര്‍ത്തയുടെ ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ പോലും എവിടെനിന്ന് ഉത്ഭവിച്ച വാര്‍ത്തയാണെന്ന് സാങ്കേതിക പരിശോധനയില്‍ അറിയാനാവില്ലായിരുന്നു. ഞാനത് പഠിച്ചത് ജയറാം പടിക്കലിന്റെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് എന്റെ അടുത്ത സുഹൃത്തില്‍നിന്നും കരസ്ഥമാക്കിയപ്പോള്‍ അത് പ്രോസസ് ചെയ്ത ടെക്‌നോളജി പകര്‍ത്തിയത് വെച്ചാണ്. പക്ഷെ പിടിച്ചുനില്‍ക്കാനാകാതെ പടിക്കല്‍ താഴെ പോയി. തൊട്ടു പിന്നാലെ മധുസൂദനനും രാജിവെക്കേണ്ടിവന്നു ഒരു വെടിക്ക് രണ്ട് പക്ഷി. ഒരിക്കലും എനിക്ക് തിരുവനന്തപുരത്തു പോസ്റ്റിംഗ് നല്‍കാതിരുന്ന പാര്‍ട്ടി, നേതൃത്വത്തില്‍ വി.എസിന്റെ പിടി അയഞ്ഞതോടെയാണ് നയം മാറ്റിയത്. സെക്രട്ടറിയറ്റ് ഒന്നടങ്കം ഞാന്‍ തിരുവനന്തപുരത്തു തന്നെ വേണമെന്ന് ശാഠ്യം പിടിച്ചു. സെക്രട്ടറിയേറ്റിന്റെ തീരുമാനം കയ്യില്‍ കിട്ടിയതോടെ ഞാനെന്റെ പണി തുടങ്ങി. വലിയ വലിയ കസേരകളില്‍ ഇരുന്നവര്‍ തെറിച്ചു. ആദ്യമായി തിരുവനന്തപുരത്തു ദേശാഭിമാനി എഡിഷന്‍ തുടങ്ങിയിട്ടുപോലും എനിക്ക് മാത്രമായിരുന്നു ഇവിടെ പോസ്റ്റിംഗ് നിഷേധിച്ചത്. പക്ഷെ ഒരു നേതാവിന്റെയും കാലുപിടിക്കാന്‍ പോയില്ല.