തൃശൂര്‍- സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനത്തിന് പ്രസ് ക്ലബ്ബില്‍ എത്തിയ അനില്‍ അക്കരയോട് കയര്‍ത്ത് ദേശാഭിമാനി ലേഖകന്‍. കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ദേശാഭിമാനി ലേഖകന്‍ സി.എ പ്രേമചന്ദ്രന്‍ അന്യായമായി വെല്ലുവിളിക്കുകയായിരുന്നുവെന്ന് അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ് സി.എ പ്രേമചന്ദ്രന്‍. പ്രസ് ക്ലബ്ബിനുളളിലും പുറത്തും വെച്ച് ദേശാഭിമാനി ലേഖകന്‍ മോശമായിട്ടാണ് പെരുമാറിയതെന്ന് അനില്‍ അക്കര ചൂണ്ടിക്കാട്ടി. കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ പണയം വെച്ചിരുന്ന തന്റെ റിസോര്‍ട്ടിന്റെയും ഭൂമിയുടെയും പേരില്‍ താന്‍ അറിയാതെ കൂടുതല്‍ തുക വായ്പയെടുത്തുവെന്ന് പരാതി ഉന്നയിച്ച രായിരത്ത് സുധാകരന്റെ കൂടെ വാര്‍ത്ത സമ്മേളനത്തിന് എത്തിയതായിരുന്നു അനില്‍ അക്കര.
2016 ല്‍ 72.5 ലക്ഷം രൂപക്ക് മറ്റൊരു ബാങ്കില്‍ പണയത്തിലായിരുന്നു റിസോര്‍ട്ടും ഭൂമിയും. ഈ ലോണ്‍ ടേക്ക് ഓവര്‍ ചെയ്യാനായി കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിനെ ഉടമ രായിരത്ത് സുധാകരന്‍ സമീപിക്കുകയായിരുന്നു. വായ്പ അടച്ചതിന് ശേഷം ഉടമ അറിയാതെ നാല് പേരുടെ വ്യാജ മേല്‍വിലാസത്തില്‍ ഒരു കോടി രൂപയിലധികം ഇതേ ഭൂമിയില്‍ തന്നെ വായ്പയെടുക്കുകയായിരുന്നു. 2018 ലാണ് ഒരു കോടി രൂപയിലധികം രൂപയുടെ വായ്പ ഉണ്ടെന്ന് ഉടമ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താസമ്മേളനം.
ദേശാഭിമാനി ലേഖകന്റെ പെരുമാറ്റം പത്രപ്രവര്‍ത്തയൂണിയന്റെ വിശ്വാസ്യതയും സ്വീകാര്യതയും തകര്‍ക്കുന്ന രീതിയിലായിരുന്നുവെന്നും താന്‍ ഉയര്‍ത്തുന്ന അഴിമതി വിരുദ്ധപോരാട്ടം തിരിച്ചുവിട്ട് വാര്‍ത്താ സമ്മേളനം തടസ്സപെടുത്തുകയായിരുന്നു ദേശാഭിമാനി ലേഖകനെന്നും അനില്‍ അക്കര ആരോപിച്ചു. അതുകൊണ്ടു തന്നെ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അനില്‍ അക്കരെ പത്രപ്രവര്‍ത്തക യൂണിയനോട് ആവശ്യപ്പെട്ടു.
തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബില്‍ നിരന്തരം തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ നിരവധി തവണ ദേശാഭിമാനി ലേഖകര്‍ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാല്‍ 'വെല്ലുവിളിക്കുന്നു 'എന്ന് പറഞ്ഞുകൊണ്ടാണ് ദേശാഭിമാനി ലേഖകനും പത്രപ്രവര്‍ത്തക യൂണിയന്‍ അംഗവുമായ പ്രേമന്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്ന് അനില്‍ അക്കര പറഞ്ഞു. ഇത് അവിടെയുണ്ടായിരുന്ന പത്രപ്രവത്തകര്‍ക്ക് അറിയാവുന്നതും, അവര്‍ വീഡിയോയില്‍ പകര്‍ത്തിയതുമാണെന്നും അനില്‍ അക്കരെ ചൂണ്ടിക്കാട്ടി.