പത്തനംതിട്ട - റാന്നി പെരുന്നാട്ടില്‍ പരിസ്ഥിതി ലോല പ്രദേശത്തെ അനധികൃത പാറ ഖനനത്തിനെതിരെ പരാതി ഉയര്‍ന്നു. എല്ലാ അനുമതികളുമുണ്ടെന്ന് ക്രഷര്‍ നടത്തിപ്പുകാര്‍ പറയുമ്പോള്‍ വനം, റവന്യൂ ഭൂമിയിലാണ് ഖനനമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. റാന്നി പെരുനാട് പഞ്ചായത്തില്‍ ശബരിമല പാതക്കു സമീപമുള്ള നിരപ്പാറ മലയിലാണ് പാറ ഖനനം നടക്കുന്നത്. റവന്യൂ, വനം വകുപ്പുകളുടെ ഒത്താശയോടെയാണ് ഖനന മാഫിയ അനിയന്ത്രിതമായി മലയില്‍ പാറ പൊട്ടിക്കല്‍ നടത്തുന്നത്. ഇത് ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ക്രഷര്‍ യൂണിറ്റിനെതിരെ രംഗത്തുവന്നത്.
ശബരിമല വനമേഖലയോട് ചേര്‍ന്നാണ് നിരപ്പാറ മല സ്ഥിതിചെയ്യുന്നത്. 2021 ല്‍ ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്. കാരികയം ഡാമില്‍നിന്നു 2.5 കിലോമീറ്റര്‍ മാത്രമാണ് പാറ ഖനനം നടക്കുന്ന നിരപ്പാറ മലയിലേക്കുള്ളത്. അതീവ ജൈവ വൈവിധ്യ മേഖലയായി കണക്കാക്കി യുനെസ്‌കോ ലോക പൈതൃക സങ്കേതമായി അംഗീകരിച്ചിട്ടുള്ള പ്രദേശത്ത് യാതൊരു ഖനന പ്രവര്‍ത്തനങ്ങളും നടത്താന്‍ നിയമം അനുവദിക്കില്ല എന്നിരിക്കേയാണ് ഉദ്യോഗസ്ഥ, രാഷ്ട്രീയ പിന്തുണയോടെ ഖനനം നടക്കുന്നത്.
ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതിയുമായി ചെന്ന പരിസ്ഥിതി പ്രവര്‍ത്തകരോട് വനഭൂമി ആയതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് റവന്യു വകുപ്പ് അധികൃതര്‍ പറയുന്നത്. നടപടി എടുക്കേണ്ടത് വനം വകുപ്പ് ആണത്രേ. വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചാല്‍ റവന്യു ഭൂമിയാണ്, അവരാണ് നടപടിയെടുക്കേണ്ടത് എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പാറ ഖനനം നടത്തുന്ന സ്ഥലത്തേക്ക് വഴി വെട്ടിയതും അനധികൃതമായാണ്.
റവന്യു, പോലീസ്, വനം ഉദ്യോഗസ്ഥരും പൊതുജനങ്ങളും എല്ലാ ശബരിമല സീസണിലും മാസ പൂജാ കാലത്തും കടന്ന് പോകുന്ന വഴിയില്‍ ളാഹയില്‍നിന്നാല്‍ തൊട്ടുമുന്നിലായി കാണാവുന്ന വന്‍തോതിലുള്ള ഖനനം കണ്ടിട്ടും നടപടി എടുക്കുന്നില്ല. ജിയോളജി വകുപ്പും അറിഞ്ഞ മട്ടു കാണിക്കുന്നില്ല.