Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുരിതമാകുന്ന തീവണ്ടി യാത്ര

തീർച്ചയായും വേഗം കൂടിയ ആഡംബര തീവണ്ടികളും അനിവാര്യമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാകണം റെയിൽവേ വികസനം. ഇത്തരമൊരു ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാകണം സംസ്ഥാനത്തെ ട്രെയിൻ യാത്രികർ ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങളെ കാണാനും പരിഹാരം തേടാനും. അതിനായി റെയിൽവേ മന്ത്രാലയത്തിൽ സമ്മർദം ചെലുത്താനാണ് സംസ്ഥാന സർക്കാർ തയാറാകേണ്ടത്. അതിന് പകരം ഇപ്പോഴും നടക്കാൻ പോകാത്ത കെ റെയിലിനെ കുറിച്ച് വാചാലരാകുകയല്ല വേണ്ടത്. 

 

കേരളത്തിലെ തീവണ്ടിയാത്ര അതീവ ക്ലേശകരമായി മാറുകയാണ്. ഈ അവധി ദിനങ്ങളിൽ അതിരൂക്ഷമായി. തിരക്ക് മൂലം പലരും ട്രെയിനുകളിൽ തളർന്നുവീണ സംഭവങ്ങൾ പോലുമുണ്ടായി. വേണ്ടത്ര തയാറെടുപ്പുകളില്ലാതെ കൊട്ടിഘോഷിച്ചാരംഭിച്ച വന്ദേഭാരത് ട്രെയിനുകൾ മറ്റു ട്രെയിനുകളുടെ യാത്രയെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പാളങ്ങൾക്ക് ഉൾക്കൊള്ളാനാവാത്തത്ര ട്രെയിനുകൾ ഓടുന്നതാണ് ഈ ദുരിതങ്ങളുടെ അടിസ്ഥാന കാരണം. അതേസമയം ഇപ്പോഴത്തെ സംവിധാനവുമായി ഒരു ബന്ധവുമില്ലാത്ത കെ റെയിൽ നിർദേശം ഇതിനൊരു പരിഹാരമാകില്ലതാനും. 

വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രെയിൻ യാത്രികരുടെ മനുഷ്യാവകാശ ലംഘനമാണിതെന്ന് സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. വിഷയം പരിശോധിച്ച് പരിഹാരം നിർദേശിക്കാൻ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജറെ  കമ്മീഷൻ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വന്ദേഭാരത് ട്രെയിനുകൾ രണ്ടെണ്ണമായതോടെ മറ്റു തീവണ്ടികൾ വൈകുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. പാസഞ്ചർ ട്രെയിനുകളും പരശുറാം എക്‌സ്പ്രസും സ്ഥിരമായി പിടിച്ചിടുന്നത് യാത്രക്കാർക്ക് വലിയ ദുരിതമാണ് നൽകുന്നത്. ജനശതാബ്ദിയും ഏറനാട് എക്‌സ്പ്രസും ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസുമൊക്കെ സ്ഥിരമായി വൈകിയാണ് ഓടുന്നത്. 

സംസ്ഥാനത്തിനകത്തെ യാത്രക്കായി വളരെ കുറച്ചുപേർ മാത്രം തീവണ്ടികളെ ആശ്രയിച്ചിരുന്ന കാലത്തുനിന്നും കാര്യമായ മാറ്റമൊന്നും അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. തീവണ്ടികളുടെ എണ്ണം കുറെ കൂടിയിട്ടുണ്ട്. എന്നാൽ അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കാര്യമായി വികസിച്ചില്ല. കുറച്ചുകാലമായി തീവണ്ടിയാത്രക്കാരുടെ എണ്ണം പടിപടിയായി വർധിക്കുകയാണ്. റെയിൽവേക്ക് കേരളത്തിൽ നിന്നുള്ള വരുമാനവും വർധിച്ചുകൊണ്ടേയിരുന്നു. എന്നിട്ടും തിരിച്ചു കാര്യമായൊന്നും നമുക്ക് കിട്ടിയിട്ടില്ല. ഇപ്പോഴും നമുക്കുള്ളത് രണ്ടുവരിപാത മാത്രം. അതുപോലും മുഴുവനാകാത്ത കുറച്ച് ഭാഗമുണ്ട്. സിഗ്നൽ സംവിധാനം ഓട്ടോമാറ്റിക് ആക്കാൻ പോലും ഇതുവരെയും നടപടിയായിട്ടില്ല എന്നതാണ് ഏറ്റവും ഖേദകരം. 

കോവിഡിന് ശേഷം തീവണ്ടി യാത്രക്കാരുടെ എണ്ണം ഒരുപാട് വർധിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. സംസ്ഥാനത്തുടനീളം ദേശീയപാത നിർമാണം നടക്കുന്നത് റോഡ് യാത്രയെ ക്ലേശകരമാക്കിയതും അതിനു കാരണമാണ്. എന്നാൽ കോവിഡ് കാലത്തേർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇപ്പോഴും തുടരുന്നു എന്നതാണ് വസ്തുത. അതിലേറ്റവും പ്രധാനം പാസഞ്ചർ വണ്ടികൾ പലതും ഇപ്പോഴും എക്‌സ്പ്രസ് ആയി ഓടുന്നു എന്നതാണ്. അതിന്റെ ഫലമായി പല സ്റ്റോപ്പുകളും ഇല്ലാതായിരിക്കുകയാണ്. ചാർജ് കൂടുതൽ വാങ്ങുന്നു. പല കമ്പാർട്ട്‌മെന്റുകളും  റിസർവ്ഡ് ആക്കി. കൂടാതെ പകൽനേരത്ത് സ്ലീപ്പർ ടിക്കറ്റുകൾ കൊടുത്തിരുന്നതിനു പല തീവണ്ടികളിലും നിയന്ത്രണം ഏർപ്പെടുത്തി.  അതോടൊപ്പം മറ്റൊന്നു കൂടി. റോഡുയാത്ര ദുഷ്‌കരമായതിനെ തുടർന്ന് കൂടുതൽ പേർ തീവണ്ടിയെ ആശ്രയിക്കാൻ തുടങ്ങിയെന്നു സൂചിപ്പിച്ചല്ലോ. അവരിൽ വലിയൊരു വിഭാഗം എസി കോച്ചുകളിലാണ് യാത്ര ചെയ്യുന്നത്. ഇത് കണ്ട റെയിൽവേ എസി കോച്ചുകളുടെ എണ്ണം കൂട്ടുകയാണ്. സ്വാഭാവികമായും അൺ റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറയുന്നു. അത് സ്ഥിരം യാത്രക്കാരെയും സാധാരണക്കാരെയും വിപരീതമായി ബാധിച്ചിരിക്കുന്നു.

റെയിൽവേയുടെ തലതിരിഞ്ഞ തീരുമാനത്തിന് ഒരുദാഹരണം ചൂണ്ടിക്കാട്ടാം. ഗുരുവായൂർ - പുനലൂർ, മധുര - ചെങ്കോട്ട, ചെങ്കോട്ട - കൊല്ലം പാതയിലെ മൂന്നു ട്രെയിനുകൾ ഒന്നാക്കിയതാണത്. ഇപ്പോൾ മൂന്നിനും പകരം ഈ റൂട്ടിലൂടെ ഗുരുവായൂർ - മധുര ട്രെയിനാണ് ഓടുന്നത്. എന്നാൽ സംഭവിച്ചത് എന്താണ്? ചെങ്കോട്ട പാത വൈദ്യുതീകരിച്ചിട്ടും ഇപ്പോഴും അതിലൂടെ 14 കോച്ചുള്ള ട്രെയിനിനേ അനുമതിയുള്ളൂ. ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ 18 കോച്ചാണ് ഉണ്ടായിരുന്നത്. എന്നാലതിപ്പോൾ 14 ആയി. അതിൽ തന്നെ മൂന്നെണ്ണം റിസർവ്ഡുമാക്കി. ഫലത്തിൽ നിലവിലുണ്ടായിരുന്ന യാത്ര സൗകര്യം കുറഞ്ഞു. ഇത്തരത്തിലാണ് റെയിൽവേയുടെ പല തീരുമാനങ്ങളും. 

സംസ്ഥാനത്തിനകത്തെ യാത്രക്കാർക്കായി വാസ്തവത്തിൽ വേണ്ടത് മെമു ട്രെയിനുകളാണ്. അത്തരത്തിലുള്ള നീക്കത്തിനു തുടക്കമിട്ടതാണ്. ഏതാനും ട്രെയിനുകൾ ആരംഭിച്ചിട്ടുമുണ്ട്. എന്നാലതിനിടയിലാണ് രാജ്യത്തെ കോച്ച് ഫാക്ടറികളിലെല്ലാം ഏറെക്കുറെ വന്ദേഭാരത് കോച്ചുകളുടെ നിർമാണം തുടങ്ങിയത്. അതോടെ മെമു നിർമാണം സ്തംഭിച്ചു. വന്ദേഭാരത് ട്രെയിനുകൾ അനിവാര്യം തന്നെയാണ്. എന്നാൽ അടിസ്ഥാനസൗകര്യമില്ലാതെ ആരംഭിച്ചതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോൾ കേരളം നേരിടുന്നത്. 

ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘ കാലാടിസ്ഥാനത്തിലുമുള്ള നടപടികളാണ് ഇന്നു കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആവശ്യം. അതിലേറ്റവും പ്രധാനം ഒരറ്റം മുതൽ മറ്റെ അറ്റം വരെ നാലുവരി പാതയാക്കലാണ്. മംഗലാപുരം മുതൽ നാഗർകോവിൽ വരെയും ഷൊർണൂർ മതൽ കോയമ്പത്തൂർ വരെയുമുള്ള 800 കി.മീ ദൂരം വരുന്ന പ്രധാന പാതകൾ നാലുവരിയാക്കുകയും ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്യണം. നാലുവരിയിലെ രണ്ട് പാതകൾ ദീർഘദൂര വണ്ടികൾക്കും വേഗം കൂടിയ വണ്ടികൾക്കുമായി മാറ്റിവെക്കണം. അത്തരം വണ്ടികൾക്ക് ജില്ല ആസ്ഥാനങ്ങളിൽ മാത്രമായി സ്റ്റോപ്പുകൾ നിജപ്പെടുത്തുകയും വേണം. മറുവശത്ത്, കേരളത്തെ മൂന്നോ നാലോ മേഖലകളാക്കി തിരിച്ചുകൊണ്ട് ശേഷിക്കുന്ന രണ്ട് പാതകളിൽ ഓട്ടോമാറ്റിക് സിഗ്‌നലിംഗ് ഏർപ്പെടുത്തുകയും ഇടതടവില്ലാതെ 'മെമു'വണ്ടികൾ ഓടിക്കുകയും വേണം. റെയിൽവേ സ്റ്റേഷനുകളോട് ചേർന്ന് ബസ് സ്റ്റാൻഡുകളും വികസിപ്പിക്കണം.  മുംബൈ മോഡൽ വികസനമാണ് കേരളത്തിന് ആവശ്യവും അനുയോജ്യവും എന്നർത്ഥം. 

ഇതു പറയുമ്പോൾ പലരും പറയുന്നത് കെ റെയിലിനെ കുറിച്ചാണ്. തീർച്ചയായും കെ റെയിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് അനുയോജ്യമല്ല. ഒന്നാമത് അത് നിലവിലെ റെയിൽവേ സംവിധാനവുമായി ഒരു ബന്ധവുമില്ലാത്ത ഒന്നാണ്. ഒരു വലിയ മെട്രോ സംവിധാനം എന്നു വേണമെങ്കിൽ പറയാം. കേരളത്തിൽ നിന്നു പുറത്തു പോകുന്നവർക്ക് അതുകൊണ്ടൊരു ഗുണവും ലഭിക്കില്ല. കേരളത്തിനകത്തെ സാധാരണക്കാർക്കും ഗുണം ചെയ്യില്ല. കെ റെയിലിനാവശ്യമായ റെയിൽ പാതയുടെ നിർമാണത്തിന് ഇപ്പോഴത്തെ രണ്ടുവരി പാത നാലുവരിയാക്കുന്നതിനേക്കാൾ എത്രയോ ചെലവു കൂടും. റെയിൽവേ സ്റ്റേഷനുകളും പുതുതായി നിർമിക്കണം. പാരിസ്ഥിതിക പ്രശ്‌നങ്ങളും ഏറെ കൂടുതലായിരിക്കും. നിരവധി കുടിയിറക്കലുകൾ വേണ്ടിവരുമെന്നതിനാൽ ജനകീയ സമരങ്ങളും കൂടും. 
എല്ലാവർക്കുമറിയാവുന്ന പോലെ താരതമ്യേന സുരക്ഷിതവും ചെലവു കുറഞ്ഞതുമാണ് തീവണ്ടിയാത്ര. കാലത്തിനനുസരിച്ച മാറ്റങ്ങൾ റെയിൽവേ മേഖലയിൽ അനിവാര്യമാണ്. അതേസമയം അതിന്റെ ആദ്യ ലക്ഷ്യം സാധാരണക്കാരുടെ താൽപര്യങ്ങളാകണം. ചെലവ് കുറഞ്ഞ സൗകര്യപ്രദമായ യാത്ര.  തീർച്ചയായും വേഗം കൂടിയ ആഡംബര തീവണ്ടികളും അനിവാര്യമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാകണം റെയിൽവേ വികസനം. ഇത്തരമൊരു ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാകണം സംസ്ഥാനത്തെ ട്രെയിൻ യാത്രികർ ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങളെ കാണാനും പരിഹാരം തേടാനും. അതിനായി റെയിൽവേ മന്ത്രാലയത്തിൽ സമ്മർദം ചെലുത്താനാണ് സംസ്ഥാന സർക്കാർ തയാറാകേണ്ടത്. അതിന് പകരം ഇപ്പോഴും നടക്കാൻ പോകാത്ത കെ റെയിലിനെ കുറിച്ച് വാചാലരാകുകയല്ല വേണ്ടത്. 

Latest News