കോഴിക്കോട്- പാർട്ടിക്കുള്ളിൽ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടിയിൽ തനിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നവർക്ക് നേരെ പിള്ള തിരിഞ്ഞത്.
പഴയകാല പ്രവർത്തകരെ ഇന്ന് അവർ ഇരിക്കുന്ന സ്ഥാനങ്ങളിൽ കുറേപേരെ നിലനിർത്തുകയും മറ്റിടങ്ങളിലേക്ക് പുതുതായി പാർട്ടിയിലേക്ക് വരുന്നവരെ ഉൾപ്പെടുത്തുകയും ചെയ്ത് സന്തുലിതാവസ്ഥ സൃഷ്ടിച്ച് മുന്നോട്ടുകൊണ്ടുപോവുകയാണ് ചെയ്യുക. സംഘടനാ കാര്യങ്ങളിൽ നല്ല സംവിധാനമാണ് കേരളത്തിലെ ബിജെപിക്കുള്ളത്.
വലിയ ഗ്രൂപ്പ് വഴക്കിന്റെ അപകട മേഖലയിലൊന്നുമല്ല കേരളത്തിലെ ബിജെപി. അത്തരം അഭിപ്രായ വ്യത്യാസങ്ങളൊന്നും പാർട്ടിയിലില്ല. ഒരു കുടുംബത്തിലുണ്ടാകുന്നതുപോലെ അന്യോന്യം ചില തല്ലുകളൊക്കെയുണ്ടാകും. അത് വൈരുദ്ധ്യമല്ല. വൈവിധ്യമാണ്. ആ വൈവിധ്യത്തെ അപകടമായി കാണാൻ സാധിക്കില്ല. എല്ലാരും ബിജെപി എന്ന സംവിധാനത്തിന്റെ ഭാഗമാണ്. അഖിലേന്ത്യാ തലത്തിൽ പലയിടത്തും പോയി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്.
ദേശീയ അധ്യക്ഷനാണ് കേരളത്തിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. ആ കണ്ടെത്തലിന് അദ്ദേഹം അഹോരാത്രം പ്രയത്‌നിച്ചിട്ടുണ്ട്. കേന്ദ്രവും 21 സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയുടെ ചുമതല വഹിക്കുന്നവരാണ് അവർ. രണ്ട് മാസം കൊണ്ട് കുറേ ആഴത്തിൽ അദ്ദേഹത്തിന് കേരളത്തിലെ പാർട്ടിയെ കുറിച്ച് പഠിക്കാൻ സാധിച്ചു. അത് ഗുണകരമായി എന്നാണ് എന്റെ അഭിപ്രായം. രണ്ട് മാസം നീണ്ടതുകൊണ്ട് എന്തെങ്കിലും കുഴപ്പം പാർട്ടിക്ക് പറ്റിയതായി കരുതുന്നില്ല.
പിപി മുകുന്ദനെ പോലുള്ള പൂർവ്വ സൂരികളെ മാനിക്കുകയാണ് വേണ്ടത്. അവരെ നമ്മുടെ വിരൽ തുമ്പിൽ ആജ്ഞാനുവർത്തികളാക്കാൻ ശ്രമിച്ചുകൂടാ. അതുകൊണ്ട്, അപമാനിക്കുന്ന പ്രയോഗങ്ങൾ ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അത് അവരുടെ അജ്ഞതയാണ് കാട്ടുന്നത്. അത് ദൗർഭാഗ്യകരമാണ്. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.അപക്വമായ പെരുമാറ്റം ആരിൽനിന്നുണ്ടായാലും ശരിയല്ല. അത് ചെറുപ്പക്കാരിൽ കൂടിവരുന്നു എന്നത് ശരിയാണ്. യശഃപ്രാർത്ഥികളായ ചെറുപ്പക്കാരാണ് എല്ലാ രാഷ്ട്രീയപാർട്ടികളിലേക്കും കൂടുതലും കടന്നുവരുന്നത്. അവരെ സംസ്‌കരിച്ചെടുക്കാൻ, നല്ല പൊതുപ്രവർത്തകരാക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സാധിക്കാതെ വരുന്നുണ്ടെങ്കിൽ ആ വസ്തുത ആഴത്തിൽ ചിന്തിക്കേണ്ട ഒന്നാണ്. അത് ബിജെപിയുടെ മാത്രം പോരായ്മയല്ല.ടെലിവിഷൻ ചർച്ചകളിൽ പാർട്ടിയെ പരിഹാസ്യമാക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുന്നതും അനുവദിച്ചുകൂടാത്തതാണ്. അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത്തരം ആളുകളെ മാറ്റിനിർത്തും.
എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്തുണ ലഭിച്ചിരുന്നെങ്കിൽ ചെങ്ങന്നൂരിൽ ജയിക്കുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 42000 വോട്ട് കിട്ടിയപ്പോൾ ഒപ്പം ബിഡിജെഎസ് ഉണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് വിട്ടുപോയില്ലെങ്കിലും ഒരുതരത്തിലും ചെങ്ങന്നൂരിൽ ബിജെപിക്ക് വോട്ട് ചെയ്യരുത് എന്നും ഒരു പാഠം പഠിപ്പിക്കണമെന്നും എസ്എൻഡിപി യോഗം പരസ്യ നിലപാടെടുത്തു. പത്തുപതിനാറായിരം വോട്ടുകൾ നഷ്ടപ്പെട്ടു. എന്നിട്ടും 35000 വോട്ട് ബിജെപിക്ക് നേടി. 15000 വോട്ടുകൂടി കിട്ടിയിരുന്നെങ്കിൽ ബിജെപി ജയിക്കുമായിരുന്നു- പിള്ള പറഞ്ഞു.