ജിദ്ദ - ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ പെട്ട ദിബാ തുറമുഖം വഴി വൻ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. തുറമുഖത്തെത്തിയ ഫെറിയിൽ ഉറുമാൻ കാർട്ടൻ ലോഡിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഉറുമാൻ പഴങ്ങൾക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ 9,32,980 ലഹരി ഗുളികകൾ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് ശേഖരം കണ്ടെത്തിയ ശേഷം, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോളുമായി ഏകോപനം നടത്തി മയക്കുമരുന്ന് ശേഖരം സൗദിയിൽ സ്വീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.