Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞം തുറമുഖം അടുത്ത വര്‍ഷം മെയ് മാസത്തോടെ തുറന്ന് നല്‍കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം - വിഴിഞ്ഞം തുറമുഖം അടുത്ത വര്‍ഷം മെയ് മാസത്തോടെ തുറന്ന് നല്‍കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകള്‍ തുറമുഖത്തിന് ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പല്‍ പുറപ്പെട്ടിട്ടുണ്ട്. ഷൈന്‍ ഹുവ 29 എന്ന കപ്പല്‍ ആണ് ഷാങ്ഹായില്‍ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പല്‍ അടുത്ത മാസം 15 ന് എത്താന്‍ സാധ്യത.  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്‌നര്‍ നീക്കം നടത്തുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എത്തുുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുമായാണ് ചേര്‍ന്ന്  പ്രവര്‍ത്തിക്കുക. നിലവില്‍ മുന്ദ്ര തുറമുഖത്ത് അദാനി ഗ്രൂപ്പ് എം എസ് സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള ചരക്കു ഗതാഗതരംഗത്ത് വലിയ പങ്കുവഹിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ വരവ് വിഴിഞ്ഞം തുറമുഖത്ത് വികസനത്തിന്റെ അനന്ത സാധ്യതകള്‍ക്കാണ് വാതില്‍ തുറക്കുക. കമ്പനിയുമായുള്ള പങ്കാളിത്തം വിനോദ സഞ്ചാര രംഗത്തെ കുതിപ്പിനും സഹായകമാകും. ഇതിന് പുറമെ അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവര്‍ഗ്രീന്‍ ലൈന്‍, സി എം എ സി ജി എം, ഒ ഒ സി എല്‍ തുടങ്ങിയ കമ്പനികള്‍ വിഴിഞ്ഞം തുറമുഖവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

 

Latest News