Sorry, you need to enable JavaScript to visit this website.

റെയിൽവേ സ്റ്റേഷനുകളിൽ വാഗൺ ട്രാജഡി

നാട്ടിലിത് പൂജ അവധിക്കാലം. രണ്ടോ മൂന്നോ ദിവസത്തെ ലീവേ ഉള്ളൂവെങ്കിലും സംസ്ഥാനത്തുടനീളം വിദ്യാർഥികൾ യാത്ര ചെയ്യുകയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള  കേന്ദ്രങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ വീടുകളിലേക്കും തിരിച്ചും. ഏറ്റവും ആവശ്യക്കാരുള്ള രണ്ട് ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് നോക്കിയാൽ ഇക്കാര്യം വ്യക്തമാവും. നാഗർകോവിൽ മംഗളൂരു പരശുരാം എക്‌സ്പ്രസിലും കണ്ണൂർ-തിരുവനന്തപുരം ജനശതാബ്്ദി എക്‌സ്പ്രസിലും ഒക്ടോബർ 24 ലേക്കുള്ള സീറ്റുകൾ ഒരു മാസം മുമ്പെങ്കിലും നിറഞ്ഞതാണ്. വെയിറ്റിംഗ് ലിസ്റ്റ് നൂറും ഇരുന്നൂറുമൊക്കെയായിരുന്നു ആഴ്ചകൾക്ക് മുമ്പേ. രണ്ടു മാസം കഴിഞ്ഞ് ക്രിസ്മസ് വരുമ്പോൾ ഇതിലും ദയനീയമാവും കേരളത്തിലെ ട്രെയിനുകളിലെ തിരക്ക്. 
കോവിഡ് കാലം കഴിഞ്ഞ ശേഷം ട്രെയിനുകളിൽ തിരക്കേറി വരികയാണ്. റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തത് സ്ഥിതി ഗുരുതരമാക്കി. കോഴിക്കോട്-കണ്ണൂർ, കോഴിക്കോട്-തൃശൂർ പാസഞ്ചറുകളൊന്നും ഓടിത്തുടങ്ങിയിട്ടില്ല. ഇതിന് പുറമെ നിലവിലെ എക്‌സ്പ്രസ് ട്രെയിനുകളിലെ കംപാർട്ട്‌മെന്റുകൾ കുറച്ചത് സ്റ്റേഷനുകളിൽ മിക്ക ദിവസവും വാഗൺ ട്രാജഡി സീനുകളെ ഓർമിപ്പിക്കാൻ കാരണമായി. രണ്ടോ മൂന്നോ ജനറൽ കംപാർട്ട്‌മെന്റുകളുള്ള എക്‌സ്പ്രസ് തീവണ്ടികളിൽ സൂചി കുത്താനിടമില്ലാത്ത തിരക്കാണ്. 
അടുത്ത ദിവസങ്ങളിൽ ട്രെയിൻ യാത്രയിൽ അനിഷ്ട സംഭവങ്ങളുണ്ടായി. ജോലിസ്ഥലത്തേക്കും തിരിച്ച് വീട് പിടിക്കാനുമുള്ള  നെട്ടോട്ടത്തിനിടെ  തിരക്ക് കാരണം ശ്വാസം കിട്ടാതെ ബോധമറ്റു വീഴുന്നവരുടെ കാഴ്ച പതിവായി. കഴിഞ്ഞ ദിവസം പരശുറാം എക്സ്പ്രസിൽ യാത്ര ചെയ്യുന്ന വിദ്യാർഥി ബോധമറ്റുവീണു. ഒരു മാസത്തിനിടെ മൂന്ന് യാത്രക്കാരാണ് ശ്വാസം മുട്ടി കുഴഞ്ഞുവീണത്.  അടുത്തിടെ വേറെയും അനിഷ്ട സംഭവങ്ങളുണ്ടായി. വടകരയ്ക്കും കോഴിക്കോടിനുമിടയിൽ മുതിർന്ന പൗരനായ യാത്രക്കാരൻ വനിത ടിടിഇയെ കൈയേറ്റം ചെയ്തതാണത്. ജനറൽ കംപാർട്ട്‌മെന്റിൽ തിരക്ക് കൂടിയപ്പോൾ റിസർവ്ഡ് കോച്ചിൽ കയറിയതാണ് ടിടിഇയെ ക്ഷോഭിപ്പിച്ചത്. ചില്ലറ എക്‌സ്ട്രാ ഫീ വാങ്ങി യാത്ര അനുവദിക്കുകയായിരുന്നു മുമ്പൊക്കെ റെയിൽവേ ചെയ്തിരുന്നത്. കോവിഡ് കാലത്ത് നിർത്തലാക്കിയ മുതിർന്ന പൗരന്മാരുടെ യാത്ര ആനുകൂല്യം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. ലാഭത്തിലേക്ക് വെറുതെ വന്നു ചേരുന്ന കോടികൾ വേണ്ടെന്നു വെക്കാൻ മനസ്സില്ലെന്നത് തന്നെ കാരണം. 
കേരളത്തിലുടനീളം ട്രെയിൻ യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. ഉത്തര മലബാറിലാണ് ഏറ്റവും വിഷമം പിടിച്ച യാത്ര. പരിമിതമായ ജനറൽ കംപാർട്ട്‌മെന്റുകളിൽ കയറിക്കൂടാൻ സർക്കസും കൂടി അറിഞ്ഞിരിക്കണമെന്നായി. കാസർകോട്-കണ്ണൂർ-കോഴിക്കോട് റൂട്ടിൽ രാവിലെയും വൈകിട്ടും  റൂട്ടിലോടുന്ന ട്രെയിനുകളുടെ ജനറൽ കോച്ചുകളിൽ പൂഴി വാരിയിട്ടാൽ താഴെ വീഴില്ല. അത്രയധികം യാത്രക്കാരെ  കുത്തിനിറച്ചാണ് ഓടുന്നത്. ജനറൽ കോച്ചുകളിൽ കയറിപ്പറ്റാനുള്ള പാട് ചില്ലറയല്ല. ഒന്നോ രണ്ടോ കോച്ചിൽ കയറാനായി  നൂറുകണക്കിനാളുകളാണ് സ്റ്റേഷനിൽ കാത്തുനിൽക്കുന്നത്.  കോച്ചിൽ കയറിപ്പറ്റാൻ അതിസാഹസം കാണിക്കണം. തിരക്ക് കാരണം  അപകടകരമായി വാതിൽപടിയുടെ മുകളിലിരുന്നും പിടിച്ച് തൂങ്ങിയും യാത്ര ചെയ്യുന്നവരും ഏറെ. ജനറൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതാണ്  ട്രെയിൻ യാത്ര അതീവ ദുഷ്‌കരമാക്കിയത്. രാവിലെയും വൈകിട്ടും കോഴിക്കോടിനും മംഗളൂരുവിനും ഇടയിലുള്ള യാത്രയാണ്  ഏറെ ദുഷ്‌കരം.
പണ്ടൊക്കെ കോഴിക്കോട്-തിരൂർ സെക്‌ഷനിലാണ് ട്രെയിനിൽ തിരക്ക് അനുഭവപ്പെടാറുള്ളത്. കാരണമുണ്ട്. കോഴിക്കോട്-കാസർകോട് പോലെ ദേശീയ പാതയ്ക്ക് സമാന്തരമല്ല ഇവിടെ റെയിൽപാത. റോഡിൽ പലേടത്തും പാലങ്ങൾ വന്നതും അടുത്ത കാലത്താണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ചെമ്മാട് വഴി ബസുകളിൽ രണ്ടു മണിക്കൂർ വരെ വേണ്ടിവന്നിരുന്നു. ഇപ്പോൾ അതിലും വിഷകരമാണ് ഉത്തര മലബാറിലേക്കുള്ള യാത്ര. 
കാസർകോടിന്റെ അതിർത്തിയായ തലപ്പാടി മുതൽ കോഴിക്കോട് വരെ പലേടത്തും വർഷങ്ങളായി ദേശീയ പാത വീതി കൂട്ടുന്ന പണി നടക്കുകയാണ്. ഇതു കാരണം റോഡ് ഗതാഗതം പേടിസ്വപ്‌നമാണ്. 45 കിലോ മീറ്റർ അകലെ വടകരയെത്താൻ രണ്ടു മണിക്കൂർ. 67 കിലോ മീറ്റർ ദൂരമുള്ള തലശ്ശേരിയിലെത്താൻ മൂന്നര മുതൽ നാല് മണിക്കൂർ വരെ. കണ്ണൂരിലെത്താൻ പിന്നെയും സമയം വേണ്ടിവരും. അതേസമയം ട്രെയിനിൽ എവിടെയെങ്കിലും ഒരു പിടിത്തം കിട്ടിയാൽ യാത്ര ചെയ്യാൻ ആളുകൾ തയാറാവുന്നു. സ്റ്റോപ്പില്ലെങ്കിൽ വടകരയിൽ അര മണിക്കൂർ കൊണ്ടും തലശ്ശേരിയിൽ നാൽപത് മിനിറ്റ് കൊണ്ടും കണ്ണൂരിലും ഷൊർണൂരിലും ഒരു മണിക്കൂറെടുത്തും എത്തിച്ചേരും. കുത്തിനിറച്ച കംപാർട്ട്‌മെന്റിലായാലും ട്രെയിൻ യാത്ര പലരും പ്രിഫർ ചെയ്യുന്നത് ഇക്കാരണത്താലാണ്. 
രാവിലെ കണ്ണൂരിൽനിന്ന്  മംഗളൂരു ഭാഗത്തേക്കുള്ള മൂന്ന് ട്രെയിനുകളെയാണ് ദിവസേന യാത്ര ചെയ്യുന്നവർ ആശ്രയിക്കുന്നത്. 6.40 ന് മലബാർ എക്സ്പ്രസും 6.50 ന് കണ്ണൂർ- മംഗളൂരു പാസഞ്ചറും 7.40 ന്  കണ്ണൂർ - മംഗളൂരു സ്പെഷ്യൽ എക്സ്പ്രസും. ഈ ട്രെയിനുകളിലെ ജനറൽ കോച്ചിൽ  കാലുകുത്താനിടമുണ്ടാവില്ല. കോഴിക്കോട് ഭാഗത്തേക്കുള്ള പരശുറാം എക്സ്പ്രസിലും ഏറനാടിലും എഗ്മോറിലും ഇത് തന്നെയാണ് സ്ഥിതി. രാത്രി കണ്ണൂരിലെത്തുന്നവർക്ക് വടക്കോട്ടേക്ക് യാത്ര ചെയ്യാൻ തൊട്ടടുത്ത ദിവസം വരെ കാത്തിരിക്കണം. വൈകിട്ട് 6.40 ന് കണ്ണൂരിലെത്തുന്ന നേത്രാവതി എക്സ്പ്രസാണ് വടക്കോട്ടുള്ള അവസാന വണ്ടി. പിന്നീട്  എട്ടു മണിക്കൂറിനു ശേഷം പുലർച്ചെ 2.30 നുള്ള ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനായി കാത്തിരിക്കണം. എട്ട് വണ്ടികൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നുണ്ട്.  
സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കിയതും യാത്ര ദുരിതം ഇരട്ടിക്കാൻ കാരണമായി.   ബംഗളൂരു - കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ 12 സ്ലീപ്പർ കോച്ചുകൾ ഏഴ് വരെയായി ചുരുക്കി. പകരം മൂന്ന് എസി കോച്ചുകൾ കൂട്ടി. ആറ് ത്രീ ടയർ എസി കോച്ചുകളും രണ്ട് ടു ടയർ എസികളുമാണുളളത്. ഗുരുവായൂർ-പുനലൂർ മധുരയ്ക്ക് നീട്ടി മധുര എക്സ്പ്രസിൽ സെക്കൻഡ് ക്ളാസ് മാറ്റി രണ്ട് സ്ളീപ്പറും എസിയുമാക്കി. എല്ലാ ട്രെയിനുകളിലും ഘട്ടം ഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയിൽവേയുടെ പുതിയ തന്ത്രം. വന്ദേഭാരത് അടക്കമുള്ള സർവീസുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. അതിനിടെയാണ്, യാത്രക്കാരേറെയുളള റൂട്ടുകളിലെ സാമ്പത്തിക നേട്ടം മുന്നിൽ കണ്ട് റെയിൽവേയുടെ നീക്കം. മിതമായ നിരക്കിൽ യാത്ര ചെയ്യാവുന്ന സ്ലീപ്പർ കോച്ചുകളെ ആശ്രയിക്കുന്നവർക്കാണ് ഈ തീരുമാനം ഇരുട്ടടിയാകുന്നത്.
ഗുരുവായൂർ പുനലൂർ എക്സ്പ്രസ് മധുര വരെ നീട്ടിയപ്പോൾ കോച്ചുകളും കുറഞ്ഞു. ബാക്കിയുള്ള കോച്ചുകളിൽ മൂന്നെണ്ണം റിസർവ്ഡ് ആയി മാറുകയും ചെയ്തതോടെ ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ യാത്ര ചെയ്തിരുന്ന സ്ഥിരം യാത്രികർക്ക് വണ്ടിയിൽ കയറാനാവാത്ത വിധം വൻതിരക്കായി. മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസിലും ഒരു സ്ലീപ്പർ കോച്ച് എസി കോച്ചായി മാറിയിരുന്നു. നിലവിൽ 10 സ്ലീപ്പർ കോച്ചുകളും 4 എസി ത്രീ ടയർ കോച്ചുകളുമാണ് മലബാർ എക്സ്പ്രസിലുളളത്. 
മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, മംഗളൂരു - ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് എന്നിവയിലെല്ലാം കോച്ചുകൾ കുറച്ചു. 
കേരളം ജനസാന്ദ്രതയേറിയ പ്രദേശമാണ്. കൂടുതൽ മെമു സർവീസ് ഏർപ്പെടുത്തിയും നിലവിലെ ട്രെയിനുകളിൽ അഡീഷണൽ കംപാർട്ട്‌മെന്റുകളേർപ്പെടുത്തുകയും വേണം. അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനുകളെ യാത്രക്കാർ വിസ്മരിക്കുകയാവും ഭേദം. കേരളത്തിന്റെ പ്രത്യേക സാഹചര്യം റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിനെ നേരിൽ കണ്ടു ബോധ്യപ്പെടുത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണം. ഐഐടിയിലൊക്കെ പഠിച്ച ഐഎഫ്എസുകാരൻ മന്ത്രിക്ക് കാര്യങ്ങൾ മനസ്സിലാവും. നമ്മുടെ എംപിമാരുടെ കമ്യൂണിക്കേഷൻ സ്‌കില്ലാണ് പ്രശ്‌നമെങ്കിൽ ശശി തരൂരിനെയും ഇടതുപക്ഷത്തെ രാജ്യസഭ എംപി ജോൺ ബ്രിട്ടാസിനെയും ഒപ്പം കൂട്ടിയാൽ മതിയല്ലോ. മലബാർ പ്രദേശത്തു നിന്നുള്ള എംപിമാരെ ഒരു മണിക്കൂർ നേരം ട്രെയിനിലെ ജനറൽ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യിക്കണമെന്ന് ചില 'തീവ്രവാദികൾ' സമൂഹ മാധ്യമത്തിൽ കുറിച്ചതും കണ്ടു. 

Latest News