കോഴിക്കോട് - കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.പി സുധീഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഒരാഴ്ചയായി ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽനിന്നുള്ള കടുത്ത ജോലി സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്നും സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയ സുധീഷിനെ രാവിലെ 11 മണിക്കാണ് കാണാതായത്. സുധീഷിനെ തേടി പോലീസ് വാഹനം വീടിന് സമീപത്തു വന്നു മടങ്ങിപ്പോയതായും പറയുന്നു. രാവിലെ പോയ സുധീഷിനെ രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയതായി പറയുന്നത്. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് സുധീഷ് ഒരാഴ്ചയായി കടുത്ത മാനസിക മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
ഒരാളോടും മോശമായി പെരുമാറാത്ത പ്രകൃതമായിരുന്നു സുധീഷിന്റേത്. ജോലിയോട് തികഞ്ഞ ആത്മാർത്ഥത പുലർത്തിയ പോലീസ് ഓഫീസറെ സ്റ്റേഷന് 50 മീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് രാത്രി വൈകുന്നതുവരെ കാത്തിരുന്നത് എന്തിനാണെന്നും ബന്ധുക്കൾ ചോദിച്ചു. മരണത്തിൽ ദുരൂഹയുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തണമെന്നാവശ്യപ്പെട്ടും സുധീഷിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.